
'ഹോംവര്‍ക്ക്' ചെയ്യാന്‍ പല കുട്ടികള്‍ക്കും മടിയാണ്. 'ഹോംവര്‍ക്ക്' അഥവാ ഗൃഹപാഠം ചെയ്യാതിരിക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിക്കുന്ന കുട്ടികളുമുണ്ട്. പനിയാണ്, തലവേദനയാണ് തുടങ്ങിയ കാരണങ്ങളാണ് മിക്ക കുട്ടികളും ഇതിനായി പറയുന്നത്. എന്നാല്‍ ഇവിടെ ചൈനയിൽ നിന്നുള്ള ഒരു പതിനൊന്നുകാരൻ ഹോംവര്‍ക്ക് ചെയ്യാതിരിക്കാന്‍ വ്യത്യസ്തമായൊരു അസുഖമാണ് കണ്ടെത്തിയിരിക്കുന്നത്. തനിക്ക് പുസ്തകങ്ങളുടെ മണം അലർജിയാണെന്നാണ് കക്ഷിയുടെ വാദം.
ഗൃഹപാഠം ചെയ്താൽ തനിക്ക് അലർജിയുണ്ടാകുമെന്ന് പറഞ്ഞ് കരഞ്ഞ് അഭിനയിക്കുകയാണ് ആശാന്‍. കുട്ടിയുടെ അമ്മയാണ് രസകരമായ ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിമിഷനേരം കൊണ്ടാണ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്.
കഴിഞ്ഞ ദിവസം ഹോംവര്‍ക്ക് ചെയ്തുകൊണ്ടിരിക്കെ ടിഷ്യു പേപ്പർ കൊണ്ട് മൂക്ക് തുടയ്ക്കുന്നത് കണ്ട് കാര്യം എന്തൊണെന്ന് ചോദിച്ചതാണ് ഈ അമ്മ. തനിക്ക് അലര്‍ജിയാണ് എന്നായിരുന്നു മകന്‍റെ മറുപടി. എന്താണ് അലർജിയെന്ന് അമ്മ വീണ്ടും ചോദിച്ചു. പുസ്തകങ്ങളുടെ മണമാണ് തന്‍റെ അലർജിക്ക് കാരണമെന്നായിരുന്നു കുറുമ്പിന്‍റെ മറുപടി.
ഹോംവര്‍ക്ക് പൂർത്തിയാക്കാൻ കഴിയുമോ എന്ന് അമ്മ ചോദിച്ചപ്പോള്‍, ഉടനെ അവന്‍ മൂക്കിൽ ടിഷ്യു ചുരുട്ടിവയ്ക്കുകയായിരുന്നു. ശേഷം തുമ്മുകയും കണ്ണിൽനിന്ന് കണ്ണുനീര് വരാനും തുടങ്ങി. ഡോക്ടറെ കാണാമെന്ന് അമ്മ പറഞ്ഞെങ്കിലും അതിന് ആശാന്‍ പിടി കൊടുത്തില്ല. ഈ അലര്‍ജി നേരത്തെ ഇതില്ലായിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇൻകുബേഷൻ സമയമാണെന്നായിരുന്നു അലര്‍ജിക്കാരന്‍റെ മറുപടി. എന്തായാലും സംഭവം സൈബര്‍ ലോകത്ത് ചിരി പടര്‍ത്തിയിരിക്കുകയാണ്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ ലഭിച്ചത്.
Also Read: അമ്മയ്ക്ക് ചോക്ലേറ്റ് മില്‍ക്ക് ടീ ഉണ്ടാക്കി നല്‍കി കുരുന്ന്; രസകരം ഈ വീഡിയോ