ജിമ്മില്‍ വച്ച് കണ്ടുമുട്ടി; വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം വ്യത്യസ്തമായ വിവാഹം

By Web TeamFirst Published Nov 2, 2019, 7:50 PM IST
Highlights

 2014ല്‍ ഒരു ജിമ്മില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും കൂട്ടായി. വിവിധ വിഷയങ്ങളിലെ കാഴ്ചപ്പാടുകളിലെല്ലാം പരസ്പരം ഒരു സാമ്യത കണ്ടെത്താന്‍ കഴിഞ്ഞതോടെ സൗഹൃദത്തിലധികമൊരു ബന്ധം ഇരുവര്‍ക്കുമിടയില്‍ വളര്‍ന്നു
 

സ്വവര്‍ഗാനുരാഗികളെ അസാധാരണമായ നോട്ടത്തോടെ എതിരേല്‍ക്കുന്ന പ്രവണതയ്‌ക്കെല്ലാം ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നു. പുരുഷനും പുരുഷനും, സ്ത്രീയും സ്ത്രീയും തമ്മിലുള്ള പ്രണയത്തേയും വിവാഹത്തേയുമെല്ലാം നമ്മുടെ സമൂഹം അതിന്റെ എല്ലാ ശാസ്ത്രീയ വശങ്ങളും ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ സ്വീകരിക്കാന്‍ ഇന്ന് തയ്യാറാണ്. 

സാധാരണ പോലെ തന്നെ ആഘോഷമായും വ്യത്യസ്തമായ പരിപാടികളോടും വിവാഹം കൂടി ഭംഗിയാക്കാന്‍ തന്നെയാണ് ഇപ്പോള്‍ സ്വവര്‍ഗാനുരാഗികളായ ആളുകളും ശ്രമിക്കുന്നത്. വീട്ടുകാരേയും കൂട്ടുകാരേയുമെല്ലാം പങ്കെടുപ്പിച്ച് കൊണ്ട് പാര്‍ട്ടി, ഫോട്ടോഷൂട്ട്, വീഡിയോ അങ്ങനെ- എല്ലാ ആഘോഷങ്ങളും അവരും നടത്താന്‍ തുടങ്ങിയിരിക്കുന്നു. 

എന്നാല്‍ വിദേശരാജ്യങ്ങളിലെല്ലാം ഈ ട്രെന്‍ഡ് മുമ്പ് തൊട്ടേയുണ്ട്. അതിനാല്‍ത്തന്നെ നമ്മുടെ സമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി അല്‍പം കൂടി സ്വീകാര്യത അവര്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കുണ്ട്. അത്തരത്തില്‍ സ്വവര്‍ഗാനുരാഗികളായ രണ്ട് യുവതികളുടെ വിവാഹവിശേഷമാണ് ഇനി പറയുന്നത്. 

അതിനെല്ലാം മുമ്പെ അവരുടെ പ്രണയത്തെക്കുറിച്ച് പറയണം. ന്യൂയോര്‍ക്ക് സ്വദേശികളായ ലിസ യാംഗും വെക് ഹെര്‍ണാണ്ടസും. 2014ല്‍ ഒരു ജിമ്മില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും കൂട്ടായി. 

 

 

വിവിധ വിഷയങ്ങളിലെ കാഴ്ചപ്പാടുകളിലെല്ലാം പരസ്പരം ഒരു സാമ്യത കണ്ടെത്താന്‍ കഴിഞ്ഞതോടെ സൗഹൃദത്തിലധികമൊരു ബന്ധം ഇരുവര്‍ക്കുമിടയില്‍ വളര്‍ന്നു. എല്ലാത്തിനും പുറമേ, ഇരുവരും പ്രൊഫഷണലായി വെയ്റ്റ് ലിഫ്റ്റിംഗിനെ കാണുന്നവരായിരുന്നു. പല മത്സരങ്ങളിലും പങ്കെടുക്കുകയും ശ്രദ്ധേയമായ നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തവര്‍. അങ്ങനെ ഒരുപോലുള്ള ഇഷ്ടങ്ങളും താല്‍പര്യങ്ങളും ലിസയ്ക്കും വെകിനുമിടയിലെ ബന്ധം കൂടുതല്‍ സുദൃഢമാക്കി. 

അങ്ങനെ വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം വിവാഹിതരാകാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. വിവാഹം എങ്ങനെയും വ്യത്യസ്തമാക്കണമെന്ന് ഇവര്‍ക്കാഗ്രഹമുണ്ടായിരുന്നു. മരം നട്ടോ, കടല്‍ത്തീരത്ത് പോയോ, മെഴുകുതിരി കത്തിച്ച് കാല്‍പനികമായോ ഒന്നും ചടങ്ങുകള്‍ നടത്താന്‍ തോന്നിയില്ല. അതൊക്കെ എത്ര തവണ കണ്ടതാണെന്നാണ് ഇവര്‍ ചോദിക്കുന്നത്. 

ഒടുവില്‍ അവരുടെ മനസില്‍ പുതിയൊരാശയം തോന്നി. ഏതായാലും ഇരുവരും വെയ്റ്റ് ലിഫ്റ്റിംഗില്‍ തല്‍പരരാണ്. അതില്‍ മികവ് തെളിയിച്ചവരുമാണ്. അപ്പോള്‍പ്പിന്നെ തങ്ങളുടെ വിവാഹച്ചടങ്ങിലെ വ്യത്യസ്തത വെയ്റ്റ് ലിഫ്റ്റിംഗ് തന്നെയാകട്ടെ.

വിവാഹവസ്ത്രമായ നീണ്ട ഗൗണില്‍ വെയ്റ്റ് ലിഫ്റ്റിംഗ് നടത്തുന്ന സ്വവര്‍ഗാനുരാഗികളായ യുവതികള്‍. ആ ആശയം ഇരുവര്‍ക്കും പുതുമയുള്ളതായി തോന്നി. കൂട്ടുകാരും അവരുടെ പരിശീലകരും ഫോട്ടോഗ്രാഫറുമെല്ലാം ഇതിന് പിന്തുണയും അറിയിച്ചു. 

അങ്ങനെ വിവാഹദിവസം- അതേ വസ്ത്രത്തില്‍ ഇരുവരും വെയ്റ്റ് ലിഫ്റ്റിംഗ് നടത്തി. 114 കിലോ ഭാരമാണ് ഇരുവരും മൂന്ന് തവണയായി ഉയര്‍ത്തിയത്. എന്തായാലും സംഗതി ആഘോഷമായി. വ്യത്യസ്തമായ വിവാഹത്തിന്റെ വിശേഷം എല്ലായിടത്തും വാര്‍ത്തയായി. ഒരു വ്യത്യസ്തത എന്നതിന് പുറമെ ആരോഗ്യമാണ് സകലകാര്യങ്ങളുടെയേും അടിസ്ഥാനമെന്നൊരു സന്ദേശം കൂടി നല്‍കാനാണ് ഇത് ചെയ്തതെന്നാണ് ലിസും വെക്കും കൂട്ടിച്ചേര്‍ക്കുന്നു.

click me!