കൂട്ട് കൂടാന്‍ പുരുഷന്മാര്‍ വേണമെങ്കില്‍ അതും വാടകയ്ക്ക് റെഡി!

By Web TeamFirst Published Nov 5, 2021, 11:23 PM IST
Highlights

ലൈംഗികാവശ്യങ്ങള്‍ക്ക് പുരുഷനും സ്ത്രീക്കും ആശ്രയിക്കാവുന്ന കേന്ദ്രങ്ങള്‍ നിലവില്‍ പലയിടങ്ങിലും ഉണ്ട്. എന്നാല്‍ വൈകാരികമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാണ് ഇടമില്ലാത്തതെന്നും അത് ഏറെ പ്രധാനമാണെന്നും ഇവര്‍ പറയുന്നു

കൂട്ട് കൂടാന്‍ പുരുഷസുഹൃത്തുക്കള്‍ (Male Friends)  വേണമെങ്കില്‍ അതിനും വഴിയുണ്ട്. ചൈനയില്‍ ഇത്തരത്തില്‍ പുരുഷന്മാരെ വാടകയ്ക്ക് ലഭിക്കുന്ന 'ബട്‌ലര്‍ കഫേ'കള്‍ (Butler Cafe ) വ്യാപകമാവുകയാണ്. ലൈംഗികാവശ്യത്തിനാണ് സ്ത്രീകള്‍ പുരുഷന്മാരെ തേടി വരുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. വൈകാരികമായ ആവശ്യങ്ങളാണ് 'ബട്‌ലര്‍ കഫേ'കളില്‍ പ്രധാനമായും പരിഗണിക്കുന്നത്. 

സ്ത്രീ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇത്തരം കഫേകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലപ്പോഴും പങ്കാളികളായ പുരുഷന്മാരില്‍ നിന്ന് ലഭിക്കാത്ത വൈകാരികമായ പിന്തുണയും, തണലുമാണ് കഫേകളിലെത്തുന്ന സന്ദര്‍ശകരായ സ്ത്രീകളുടെ ആവശ്യം. 

ചിലര്‍ക്ക് ജോലിസംബന്ധമായതോ, വ്യക്തിപരമായതോ ആയ സമ്മര്‍ദ്ദങ്ങളെ കുറിച്ച് സംസാരിച്ചാല്‍ മതിയാകും. ചിലര്‍ക്ക് വെറുതെ അല്‍പനേരം ഗെയിം കളിക്കുകയോ മറ്റെന്തെങ്കിലും സംസാരിച്ചിരിക്കുകയോ ചെയ്താല്‍ മതി. ഒരുമിച്ച് ഭക്ഷണം പാകം ചെയ്യാം, സംഗീതമാസ്വദിക്കാം, സിനിമ കാണാം. എല്ലാം സന്ദര്‍ശകരായ സ്ത്രീകളുടെ അഭിരുചിക്ക് അനുസരിച്ച് മാത്രം. അവര്‍ പറയുന്ന ഡ്രസ് കോഡ് പോലും പുരുഷ സുഹൃത്ത് കാത്തുസൂക്ഷിക്കണം. 

മറ്റ് ചിലരാകട്ടെ, പുറത്ത് ഷോപ്പിംഗിന് പോകാനോ, സിനിമയ്ക്ക് പോകാനോ എല്ലാം ഒരു കൂട്ടിന് കഫേകളിലെത്തി പുരുഷന്മാരെ വാടകയ്ക്ക് എടുക്കും. മണിക്കൂറിനാണ് സാധാരണഗതിയില്‍ ചാര്‍ജ്ജ് ഈടാക്കുന്നത്. എന്നാല്‍ ചിലര്‍ ഒരു ദിവസത്തേക്ക് എന്ന രീതിയിലും പണമടച്ച് താല്‍ക്കാലിക സുഹൃത്തിനെ സ്വന്തമാക്കും. 

യഥാര്‍ത്ഥത്തില്‍ ജപ്പാനിലാണേ്രത ഇത്തരം 'ബട്‌ലര്‍ കഫേ'കള്‍ ആദ്യമായി ആരംഭിച്ചത്. ഇപ്പോളിത് ചൈനീസ് നഗരങ്ങളില്‍ വ്യാപകമാവുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കാര്യമായ മാര്‍ക്കറ്റിംഗും നടക്കുന്നുണ്ട്. അധികവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയതും മികച്ച ജോലി ചെയ്യുന്നതുമായ സ്ത്രീകളാണ് ഇവിടങ്ങളില്‍ സന്ദര്‍ശകരായെത്തുന്നത്. 

പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ പലപ്പോഴും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടുകയില്ലെന്നും അതിന് വേണ്ടി മാത്രമായി ഒരിടമെന്ന രീതിയില്‍ പരിപൂര്‍ണമായും സ്ത്രീകള്‍ക്ക് വേണ്ടിയാണ് കഫേ തുടങ്ങിയതെന്നും 'ദ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന കഫേയുടെ ഉടമസ്ഥ പറയുന്നു. ലൈംഗികാവശ്യങ്ങള്‍ക്ക് പുരുഷനും സ്ത്രീക്കും ആശ്രയിക്കാവുന്ന കേന്ദ്രങ്ങള്‍ നിലവില്‍ പലയിടങ്ങിലും ഉണ്ട്. എന്നാല്‍ വൈകാരികമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാണ് ഇടമില്ലാത്തതെന്നും അത് ഏറെ പ്രധാനമാണെന്നും ഇവര്‍ പറയുന്നു.

Also Read:- ബ്രേക്ക് അപ്പുകൾ കൂടുതലായി ബാധിക്കുന്നത് പുരുഷന്മാരെ; കൂടുതൽ ട്രോമയിൽ ആണുങ്ങളെന്ന് എന്ന് പഠനം

click me!