ഒറ്റ രാത്രി കൊണ്ട് അഞ്ച് പെണ്‍പൂച്ചകളുമായി ഇണ ചേര്‍ന്നു; ഒടുവില്‍ ആണ്‍പൂച്ച ആശുപത്രിയില്‍

By Web TeamFirst Published Oct 4, 2019, 11:30 PM IST
Highlights

സൗത്ത് ചൈനക്കാരനായ സവോ എന്നയാള്‍ തന്റെ പൂച്ചയെ ഒരു ദിവസത്തേക്ക് മാത്രമായി കെയര്‍ ഹോമിലാക്കി. റഷ്യന്‍ ബ്ലൂ വിഭാഗത്തില്‍പ്പെടുന്ന പൂച്ചയെ, സവോയും ഭാര്യയും ദൂരെ ഒരിടം വരെ പോകുന്നതിനാലാണ് കെയര്‍ ഹോമിലാക്കാന്‍ തീരുമാനിച്ചത്.തന്റെ പൂച്ചയെ നന്നായി നോക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ച ശേഷമാണ് സവോ പോയത്
 

വളര്‍ത്തുമൃഗങ്ങളോട് വളരെയധികം അടുപ്പം പുലര്‍ത്തുന്ന സംസ്‌കാരമാണ് പല രാജ്യങ്ങളിലുമുള്ളത്. അവരുടെ ഭക്ഷണവും അടിസ്ഥാനവിഷയങ്ങളും ആരോഗ്യവുമെല്ലാം ഉടമസ്ഥരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങളായിരിക്കും. അതിനാല്‍ത്തന്നെ അവര്‍ക്ക് എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങളുണ്ടായാല്‍ പോലും ഉടമസ്ഥര്‍ക്ക് അത് സഹിക്കാനാകില്ല. 

അത്തരത്തിലൊരു രസകരമായ സംഭവമാണ് ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗത്ത് ചൈനക്കാരനായ സവോ എന്നയാള്‍ തന്റെ പൂച്ചയെ ഒരു ദിവസത്തേക്ക് മാത്രമായി കെയര്‍ ഹോമിലാക്കി. റഷ്യന്‍ ബ്ലൂ വിഭാഗത്തില്‍പ്പെടുന്ന പൂച്ചയെ, സവോയും ഭാര്യയും ദൂരെ ഒരിടം വരെ പോകുന്നതിനാലാണ് കെയര്‍ ഹോമിലാക്കാന്‍ തീരുമാനിച്ചത്.

തന്റെ പൂച്ചയെ നന്നായി നോക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ച ശേഷമാണ് സവോ പോയത്. പോകുമ്പോള്‍ ഒരു കാര്യം കൂടി സവോ കെയര്‍ ഹോമിലെ ജീവനക്കാരോട് പറഞ്ഞിരുന്നു. പൂച്ചയെ വന്ധ്യംകരിച്ചിട്ടില്ലാത്തതിനാല്‍ പെണ്‍പൂച്ചകളുമായി ഇടപഴകാന്‍ ഇടയാക്കരുതെന്ന്.

എന്നാല്‍ ജീവനക്കാര്‍ വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സവോയുടെ പൂച്ചയെ കൂട്ടിലാക്കാന്‍ മറന്നുപോയി. പിറ്റേന്ന് സവോയെത്തി പൂച്ചയെ തിരികെ വാങ്ങുമ്പോള്‍ അത് ആകെ അവശനായിരുന്നു. എന്ത് സംഭവിച്ചുവെന്നറിയാതെ സവോ ആകെ കുഴങ്ങി. പിന്നെ അടുത്തുള്ള ആശുപത്രിയില്‍ പൂച്ചയെ എത്തിച്ചു. 

പേടിക്കാനൊന്നുമില്ല അല്‍പം ക്ഷീണിതനാണ് പൂച്ചയെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് പൂച്ചയ്ക്ക് ഗ്ലൂക്കോസ് കയറ്റാനും ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഇതിന് ശേഷമായിരുന്നു സവോ തന്റെ പൂച്ചയ്ക്ക് സംഭവിച്ചതെന്താണെന്ന് അന്വേഷിച്ചത്. കെയര്‍ ഹോമിലെ ജീവനക്കാര്‍ നേരത്തിന് ഭക്ഷണം നല്‍കാതിരുന്നതാണ് തന്റെ പൂച്ചയെ ഈ നിലയിലെത്തിച്ചതെന്നാണ് സവോ ആദ്യം കരുതിയത്. 

എന്നാല്‍ കെയര്‍ ഹോമിലെ സിസിടിവി പരിശോധിച്ച സവോ സത്യം മനസിലാക്കി. കൂട്ടിലാക്കാതിരുന്നതോടെ കെയര്‍ഹോമിനകത്ത് യഥേഷ്ടം വിഹരിച്ച പൂച്ച അവിടെയുണ്ടായിരുന്ന അഞ്ച് പെണ്‍പൂച്ചകളുമായി പല സമയങ്ങളിലായി ഇണ ചേര്‍ന്നിരിക്കുന്നു. ഒറ്റരാത്രി കൊണ്ട് ഇത്രയധികം തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതോടെയാണ് പൂച്ച അവശനായതെന്ന് സവോ മനസിലാക്കി. പിന്നീട് വിവരമറിഞ്ഞ ഡോക്ടര്‍മാരും ഇത് ശരിവച്ചു. 

ഏതായാലും പൂച്ചയെ ഉത്തരവാദിത്തപൂര്‍വ്വം നോക്കാതിരുന്ന കെയര്‍ ഹോം ജീവനക്കാരില്‍ നിന്ന് സവോ ആശുപത്രിച്ചെലവ് വാങ്ങിച്ചെടുത്തിട്ടുണ്ട്. സവോയുടെ പൂച്ച, ഇണ ചേര്‍ന്ന അഞ്ച് പെണ്‍പൂച്ചകളുടെ ഉടമസ്ഥരും കെയര്‍ ഹോം ജീവനക്കാരോട് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

click me!