'മെറ്റല്‍ ഡിറ്റക്ടര്‍' നിലവിളിച്ചു; പരിശോധിച്ചപ്പോള്‍ ജയില്‍പ്പുള്ളിയുടെ വയറ്റില്‍ കണ്ടത്...

By Web TeamFirst Published Oct 3, 2019, 5:42 PM IST
Highlights

ചില സിനിമാസീനുകളില്‍ നിങ്ങള്‍ കണ്ടിരിക്കും, ലഹരിപദാര്‍ത്ഥങ്ങളും മറ്റും മലദ്വാരത്തിലൊളിപ്പിച്ചും, വിഴുങ്ങി ആമാശയത്തില്‍ വച്ചുമെല്ലാം ജയില്‍പ്പുള്ളികള്‍ കടത്തുന്നത്. അത്തരത്തിലൊളിപ്പിക്കുന്ന സാധനങ്ങള്‍ എങ്ങനെയാണ് പൊലീസുകാര്‍ക്ക് കണ്ടെത്താനാവുക, അല്ലേ?

ചില സിനിമാസീനുകളില്‍ നിങ്ങള്‍ കണ്ടിരിക്കും, ലഹരിപദാര്‍ത്ഥങ്ങളും മറ്റും മലദ്വാരത്തിലൊളിപ്പിച്ചും, വിഴുങ്ങി ആമാശയത്തില്‍ വച്ചുമെല്ലാം ജയില്‍പ്പുള്ളികള്‍ കടത്തുന്നത്. അത്തരത്തിലൊളിപ്പിക്കുന്ന സാധനങ്ങള്‍ എങ്ങനെയാണ് പൊലീസുകാര്‍ക്ക് കണ്ടെത്താനാവുക, അല്ലേ? 

എന്നാല്‍ ആയുധങ്ങളുടെ കാര്യത്തില്‍ സംഗതി അങ്ങനെയല്ല. ലോഹനിര്‍മ്മിതമായ ഒട്ടുമിക്ക സാധനങ്ങളും കണ്ടെത്താന്‍ 'മെറ്റല്‍ ഡിറ്റക്ടര്‍' ധാരാളമാണ്. അതുതന്നെയാണ് ദില്ലിയിലെ മണ്‍ഡോളി ജയിലില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയ്ക്കിടയിലും സംഭവിച്ചത്. 

കോടതിയില്‍ വിചാരണ കഴിഞ്ഞ് മടങ്ങിയെത്തിയ പ്രതികളെ പരിശോധിച്ച ശേഷം അകത്തേക്ക് കടത്തിവിടുകയായിരുന്നു പൊലീസുകാര്‍. ഓരോ പ്രതികളേയും പ്രത്യേകം പരിശോധിച്ച ശേഷം മാത്രമായിരുന്നു അകത്തേക്ക് കടത്തിവിട്ടിരുന്നത്. 

ഇതിനിടെയാണ് പിടിച്ചുപറിക്കേസിലെ പ്രതിയായ സുനില്‍ ഏലിയാസ് ചൂഹ എന്നയാളെ പരിശോധിക്കുമ്പോള്‍ 'മെറ്റല്‍ ഡിറ്റക്ടര്‍' നിര്‍ത്താതെ അലാം അടിച്ചുതുടങ്ങിയത്. ഒന്നുരണ്ടുതവണ വിശദമായി പരിശോധിച്ചെങ്കിലും ഇയാളുടെ പക്കല്‍ ലോഹനിര്‍മ്മിതമായ ഒന്നും ഉള്ളതായി കണ്ടെത്തിയില്ല. എന്നാല്‍ 'മെറ്റല്‍ ഡിറ്റക്ടര്‍' നല്‍കിയ സൂചനയനുസരിച്ച് ഇയാള്‍ എന്തോ ദേഹത്ത് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് പൊലീസുകാര്‍ക്ക് മനസിലാവുകയും ചെയ്തു. 

പിന്നെ വൈകിയില്ല, ചൂഹയെ തൂക്കിയെടുത്ത് പൊലീസുകാര്‍ ആശുപത്രിയിലെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വൈദ്യപരിശോധനയില്‍ വയറ്റിനകത്ത് അസാധാരണമായ എന്തോ ഒന്ന് കണ്ടെത്തി. ഉടന്‍ തന്നെ ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുക്കണമെന്നും അവര്‍ പറഞ്ഞു. 

അങ്ങനെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കം നടക്കവേയാണ്, കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്ന് മനസിലാക്കിയ ചൂഹ സത്യം കൂടെ വന്ന പൊലീസുകാരോട് പറഞ്ഞത്. ഒരു ചെറിയ സര്‍ജിക്കല്‍ ബ്ലേഡാണ് സംഗതി. ഇന്‍സുലേഷന്‍ ടേപ്പില്‍ നന്നായി ചുറ്റിവരിഞ്ഞ ശേഷം ബ്ലേഡ് ചൂഹ വിഴുങ്ങിയതാണ്. 

ജയിലിനകത്തേക്ക് എന്തിനാണ് ഇയാള്‍ സര്‍ജിക്കല്‍ ബ്ലേഡ് എത്തിക്കാന്‍ ശ്രമിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും നിയമവിരുദ്ധമായി ജയിലിനകത്തേക്ക് ആയുധമെത്തിക്കാനാണ് പ്രതി ശ്രമിച്ചിരിക്കുന്നത്. അടുത്ത കേസിനുള്ള വകുപ്പായി എന്ന കാര്യം തീര്‍ച്ച. 

എന്തായാലും അല്‍പം കടന്ന കയ്യാണ് ചൂഹ ചെയ്തിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വയറ്റിനകത്ത് പുറമെയുള്ള എന്ത് സാധനം കടന്നുചെല്ലുന്നതും അപകടം തന്നെയാണ്. അത് ഓരോരുത്തരിലും എന്ത് തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന് പറയുക വയ്യ. അപ്പോള്‍ സര്‍ജിക്കല്‍ ബ്ലേഡ് പോലുള്ള ഒന്ന് ആമാശയത്തില്‍ കിടക്കുന്നതിന്റെ അപകടത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ.- ഡോക്ടര്‍മാര്‍ പറഞ്ഞു. 

ചൂഹയുടെ ആരോഗ്യനിലയ്ക്ക് സാരമായ പ്രശ്‌നങ്ങളൊന്നുമില്ല. വയറ്റിനകത്ത് ഒളിപ്പിച്ച ബ്ലേഡ് ഉടനെ പുറത്തെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുമുണ്ട്.

click me!