'കുട്ടികളെ സംരക്ഷിക്കാം'; ഇന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം

By Web TeamFirst Published Jun 12, 2020, 10:47 AM IST
Highlights

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ മുതിർന്ന കുട്ടികൾ ജോലിക്ക് പോകാൻ നിർബന്ധിതരാകുന്നു. ഇത് അവരുടെ പഠനത്തെ ബാധിക്കുമെന്ന് ബച്ച്പാൻ ബച്ചാവോ ആൻഡോളൻ പ്രസ്ഥാനത്തിന്റെ സംസ്ഥാന കോർഡിനേറ്റർ പ്രസൻ കുന്നമ്പള്ളി പറഞ്ഞു. 

എല്ലാ വർഷവും ജൂൺ 12 ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നു. കൊവിഡ് കാലത്ത് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. അന്തർദേശീയ തൊഴിൽ സംഘടന (ഐഎൽഒ) യുടെ കണക്കനുസരിച്ച് ഏകദേശം 152 ദശലക്ഷം കുട്ടികളാണ് നിലവിൽ ബാലവേലയിൽ ഏർപ്പെടുന്നത്. ഇതിൽ 72 ദശലക്ഷം പേർ ചെയ്യുന്നത് അപകടകരമായ ജോലിയുമാണ്. 

കൊവിഡ് 19 എന്ന മഹാമാരിയ്ക്ക് ശേഷം സംസ്ഥാനത്ത് ബാലവേല കൂടുമോ എന്ന ആശങ്കയുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി കുട്ടികളെ അധ്വാനത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുമെന്നും ഇത് അവസാനിപ്പിക്കണമെന്നും നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ നേതൃത്വത്തിലുള്ള ബച്ച്പാൻ ബച്ചാവോ ആൻഡോളൻ പ്രസ്ഥാനം ആവശ്യപ്പെട്ടു. 

' സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ മുതിർന്ന കുട്ടികൾ ജോലിക്ക് പോകാൻ നിർബന്ധിതരാകുന്നു. ഇത് അവരുടെ പഠനത്തെ ബാധിക്കും' - ബച്ച്പാൻ ബച്ചാവോ ആൻഡോളൻ പ്രസ്ഥാനത്തിന്റെ സംസ്ഥാന കോർഡിനേറ്റർ പ്രസൻ കുന്നമ്പള്ളി പറഞ്ഞു. ബാലവേല താരതമ്യേന വളരെ കുറവാണ് കേരളത്തിൽ. എന്നാൽ സർക്കാരിന്റെ 'ശരണബല്യാം' പദ്ധതി പ്രകാരം 2018-2020 കാലയളവിൽ 56 ഓളം കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചതായാണ് കണക്കുകൾ പറയുന്നത്. 

ഇന്ത്യയിൽ അനധികൃതമായി കുട്ടികളെ കടത്തുന്നത് ബാലവേലയ്ക്ക് കാരണമാകുമെന്ന് ബച്ച്പാൻ ബച്ചാവോ ആൻഡോളൻ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് മുതിർന്ന അഭിഭാഷകരോട് ഇക്കാര്യം വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

രണ്ടുവർഷത്തിനുള്ളിൽ 225 കുട്ടികളെ ബാലവേല, ഭിക്ഷാടനം, മറ്റ് ചൂഷണം എന്നിവയിൽ നിന്ന് 'ശരണബല്യാം' പദ്ധതിയിലൂടെ രക്ഷപ്പെടുത്തി. ശ്രദ്ധിക്കപ്പെടാതെ ധാരാളം കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുണ്ടെന്ന് സംഘടന അനുമാനിക്കുന്നു. ലോക്ഡൗണിനുശേഷം ബാലവേല തടയുന്നതിനായി വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന ശക്തമാക്കുമെന്ന് 'ശരണബല്യത്തിന്റെ' സന്നദ്ധപ്രവർത്തകർ വ്യക്തമാക്കി.

നീന്തല്‍ക്കുളത്തില്‍ അധികനേരം ചിലവിട്ടു; തലച്ചോറില്‍ 'അമീബ' കയറി കോട്ടയ്ക്കലിൽ പന്ത്രണ്ടുകാരന്‍ മരിച്ചു...

 

click me!