നിര്‍ത്താതെ കൂവിയതിന് കോഴിക്കെതിരെ പരാതി; തീര്‍പ്പ് കല്‍പിച്ച് കോടതി

By Web TeamFirst Published Sep 5, 2019, 9:37 PM IST
Highlights

റോഷ്‌ഫോര്‍ട്ട് എന്ന സ്ഥലത്ത് തങ്ങളുടെ അവധിക്കാല വസതിയില്‍ താമസത്തിനെത്തിയ വൃദ്ധ ദമ്പതികളാണ് അയല്‍വാസിയുടെ പൂവന്‍ കോഴിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഏതുനേരവും കൂവലാണ്, പൂവന്‍കോഴിയെന്നാണ് ഇവരുടെ പരാതി
 

മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം ശബ്ദത്തിനെതിരെ ആളുകള്‍ നിയമപരമായി പരാതി നല്‍കാന്‍ തുടങ്ങിയാലോ? മനുഷ്യരുണ്ടാക്കുന്ന ബഹളമാണെങ്കില്‍ പിന്നെയും ആ പരാതിയിലൊരു കഴമ്പുണ്ടെന്ന് ചിന്തിക്കാം. നിയമനടപടികളെടുക്കുന്നതിലൂടെ അവരുടെ ബഹളം കുറയ്ക്കാനാകും. എന്നാല്‍ മൃഗങ്ങളുടെയോ പക്ഷികളുടെയോ കാര്യത്തില്‍ അങ്ങനെയാണോ! 

ഫ്രാന്‍സില്‍ നിന്നും ഇത്തരത്തില്‍ പുറത്തുവന്നിരിക്കുന്ന അപൂര്‍വ്വമായ ഒരു പരാതിയെക്കുറിച്ചാണ് പറയുന്നത്. റോഷ്‌ഫോര്‍ട്ട് എന്ന സ്ഥലത്ത് തങ്ങളുടെ അവധിക്കാല വസതിയില്‍ താമസത്തിനെത്തിയ വൃദ്ധ ദമ്പതികളാണ് അയല്‍വാസിയുടെ പൂവന്‍ കോഴിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. 

ഏതുനേരവും കൂവലാണ്, പൂവന്‍കോഴിയെന്നാണ് ഇവരുടെ പരാതി. അവധി ആഘോഷിക്കാനെത്തിയ തങ്ങള്‍ക്ക് ഇതൊരു ശബ്ദമലിനീകരണമായാണ് തോന്നുന്നതെന്നും ഇതുമൂലം തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നുമായിരുന്നു ഇവരുടെ പരാതി. ഒടുവില്‍ കഴിഞ്ഞ ദിവസം കേസ് കോടതി പരിഗണിച്ചു. 

അപൂര്‍വ്വസംവമായതിനാല്‍ തന്നെ കോടതിയുടെ തീര്‍പ്പറിയാന്‍ നിരവധി പേരാണ് കോടതിയിലെത്തിയത്. കോഴി കൂവുകയല്ലാതെ മറ്റെന്താണ് ചെയ്യുകയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അങ്ങനെ കോഴി കൂവുന്നതിന് നമുക്ക് എന്ത് ചെയ്യാനാകുമെന്നും കോടതി വൃദ്ധ ദമ്പതികളോട് ചോദിച്ചു.

ചുരുക്കിപ്പറഞ്ഞാല്‍ 'പൂവന്‍ ഇനിയും കൂവട്ടെ' എന്നതായിരുന്നു കോടതിയുടെ ഉത്തരവ്. കോഴിയുടെ ഉടമസ്ഥര്‍ മാത്രമല്ല, നാട്ടുകാരും ഈ ഉത്തരവ് ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. പ്രകൃതിക്ക് പ്രകൃതിയുടേതായ ശബ്ദങ്ങളും ചലനങ്ങളുമുണ്ടെന്നും അതൊന്നും നിഷേധിക്കാനോ അതിലൊന്നും പരാതിപ്പെടാനോ മനുഷ്യര്‍ക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. 

click me!