'ടെസ്റ്റ് പൊസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ വയറ്റില്‍ നിന്ന് ഒരാളല്‍ വന്നു'

Web Desk   | others
Published : Apr 07, 2020, 10:39 PM IST
'ടെസ്റ്റ് പൊസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ വയറ്റില്‍ നിന്ന് ഒരാളല്‍ വന്നു'

Synopsis

'ഞങ്ങളുടെ ഗസ്റ്റ് ഹൗസിലായിരുന്നു ഞാന്‍ ഐസൊലേഷനിലായിരുന്നപ്പോള്‍ കഴിഞ്ഞത്. എനിക്കാവശ്യമുള്ള സാധനങ്ങളെല്ലാം അച്ഛനും അമ്മയും ചേര്‍ന്ന് അവിടെ സ്‌റ്റോക്ക് ചെയ്തിരുന്നു. രണ്ടാം ദിവസമായപ്പോള്‍ തന്നെ എനിക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ട് തുടങ്ങി. ഇതിന് പുറമെ പനിയും ശരീരവേദനയും വന്നു. ക്ഷീണവും സമ്മര്‍ദ്ദവും കൊണ്ടായിരിക്കാം ഇതെന്നാണ് ആദ്യം ഞാന്‍ ചിന്തിച്ചത്...'- കൊവിഡ് 19 ബാധിതനായ വിദ്യാർത്ഥി തന്‍റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു

ലോകരാജ്യങ്ങളെയൊട്ടാകെ വിറപ്പിച്ചുകൊണ്ടാണ് കൊറോണ വൈറസ് എന്ന മാരക രോഗകാരി പടര്‍ന്നുപിടിച്ചത്. ചൈനയില്‍ നിന്നുത്ഭവിച്ച വൈറസ് വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കുമെത്തി. വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരിലൂടെയാണ് ഇന്ത്യയില്‍ ഇതെത്തിയത്. 

ചിലര്‍ കൃത്യമായി രോഗലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടും ചിലരില്‍ കാര്യമായ ലക്ഷണങ്ങളില്ലാതെയും രോഗം സ്ഥിരീകരിക്കപ്പെട്ടു. പലരും രോഗം പിടിപെട്ടതോടെ തന്നെ മാനസികമായി തളര്‍ന്നു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ പിന്തുണയും സ്‌നേഹസാമീപ്യവും പരിചരണയും ഒന്ന് കൊണ്ട്  ്മാത്രം പിടിച്ചുനിന്നവരാണ് ഏറെയും. 

അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് മുംബൈ സ്വദേശിയായ ഹൃഷി ഗിരിധര്‍. യുകെയില്‍ ഉന്നതപഠനത്തിന് പോയ ഹൃഷി, കൊവിഡ് 19 വ്യാപകമാകുന്നതിനിടെയാണ് നാട്ടിലേക്ക് തിരിച്ചത്. തിരിച്ചുവന്ന് 14 ദിവസം ഐസൊലേഷനില്‍ പോകാനുള്ള തീരുമാനം ഹൃഷി സ്വയം എടുത്തതായിരുന്നു. 

എന്നാല്‍ ഐസൊലേഷനില്‍ രണ്ട് ദിവസം തുടര്‍ന്നപ്പോഴേക്ക് ഹൃഷിയില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. 

'ഞങ്ങളുടെ ഗസ്റ്റ് ഹൗസിലായിരുന്നു ഞാന്‍ ഐസൊലേഷനിലായിരുന്നപ്പോള്‍ കഴിഞ്ഞത്. എനിക്കാവശ്യമുള്ള സാധനങ്ങളെല്ലാം അച്ഛനും അമ്മയും ചേര്‍ന്ന് അവിടെ സ്‌റ്റോക്ക് ചെയ്തിരുന്നു. രണ്ടാം ദിവസമായപ്പോള്‍ തന്നെ എനിക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ട് തുടങ്ങി. ഇതിന് പുറമെ പനിയും ശരീരവേദനയും വന്നു. ക്ഷീണവും സമ്മര്‍ദ്ദവും കൊണ്ടായിരിക്കാം ഇതെന്നാണ് ആദ്യം ഞാന്‍ ചിന്തിച്ചത്...

...പക്ഷേ അഞ്ചാം ദിവസമായപ്പോള്‍ ഞാന്‍ തലകറങ്ങി വീണു. ഇതോടെയാണ് കുടുംബ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഞാന്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. അങ്ങനെ ഞാന്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചെന്നു ടെസ്റ്റ് നടത്തി. ഫലം വന്നപ്പോള്‍ പൊസ്റ്റീവാണ്. പുലര്‍ച്ചെ രണ്ട് മണിക്കാണ് ഫലം വന്നത്. അത് കേട്ടപ്പോള്‍ ആദ്യം എനിക്ക് വയറ്റിനുള്ളില്‍ നിന്ന് ഒരാളല്‍ വരുന്നതായാണ് തോന്നിയത്...

...പിന്നെ സ്വയം ശാന്തനാകാന്‍ ശ്രമിച്ചു. അച്ഛനോടും അമ്മയോടും വിവരം പറഞ്ഞപ്പോള്‍ അവരും വളരെ ശാന്തമായാണ് അത് കേട്ടത്. പിന്നീടങ്ങോട്ട് ഡോക്ടര്‍മാരുടെ വാക്കുകള്‍ കേട്ടും പ്രതീക്ഷകള്‍ കൈവിടാതെയുമുള്ള മുന്നോട്ടുപോക്കായിരുന്നു...

...പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം വായിച്ച വാര്‍ത്ത കൊവിഡ് 19 ബാധിച്ച് പതിനെട്ടുകാരന്‍ മരിച്ചു എന്നതായിരുന്നു. അതോടെ ന്യൂസ് ആപ്പുകളെല്ലാം ഞാന്‍ ഫോണില്‍ നിന്ന് കളഞ്ഞു. അല്‍പസമയം കഴിഞ്ഞപ്പോള്‍ എനിക്കുള്ള ബ്രേക്ക്ഫാസ്റ്റുമായി ചിരിച്ചുകൊണ്ട് ഒരു നഴ്‌സ് എന്റെയരികില്‍ വന്നുനിന്നു. അത് കഴിച്ച ശേഷം മരുന്ന് തന്നു...

അവിടം മുതല്‍ ആശുപത്രിയിലെ ജീവനക്കാരോട് സംസാരിക്കുന്നതിലൂടെയാണ് ഞാന്‍ തളരാതെ നിന്നത്. എന്റെ ഇന്‍സ്റ്റഗ്രാം പേജ് കണ്ട ഒരു നഴ്‌സ് എന്നെ കളിയാക്കുക പോലുമുണ്ടായി. എല്ലാ രോഗികള്‍ക്കും വേണ്ടി ഞാന്‍ ഗിറ്റാര്‍ വായിക്കണമെന്ന് അവര്‍ ചിരിയോടെ പറഞ്ഞു...

...ആശുപത്രിയിലെ അന്തരീക്ഷം അത്രമാത്രം സന്തോഷം നിറഞ്ഞതായിരുന്നു. ഞാനുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഏക ആശ്വാസം ഇതായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്ക് എന്റെ രോഗലക്ഷണങ്ങള്‍ താഴ്ന്നുതുടങ്ങി. മൂന്ന് ദിവസം കഴിഞ്ഞ് ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവ്. എങ്കിലും ഇനിയും ടെസ്റ്റ് നടത്തേണ്ടിവരും. അതിനെല്ലാം ശേഷം മാത്രമേ ഡിസ്ചാര്‍ജ്ജ് ഉണ്ടാവുകയുള്ളൂ...

...വീട്ടുകാരോ അച്ഛനമ്മമാരോ സുഹൃത്തുക്കളോ ഒന്നുമില്ലാതെ ഇങ്ങനെ ഞാന്‍ മുമ്പ് കഴിഞ്ഞിട്ടില്ല. പക്ഷേ മരുന്ന് മുതല്‍ പിടിച്ചുനില്‍ക്കാനുള്ള പ്രതീക്ഷ വരെ നല്‍കിയ ആശുപത്രിയിലെ ജീവനക്കാരെ പറ്റി പറയാതെ വയ്യ. ഇനി രോഗത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് പുറത്തിറങ്ങിയാല്‍ വളരെ സ്വാഭാവികമായി ഞാന്‍ പഴയത് പോലെ തന്നെ ജീവിക്കുമായിരിക്കും. പഠനം, പരീക്ഷ, സംഗീതം അങ്ങനെയങ്ങനെ. പക്ഷേ എല്ലാം പുതിയ രീതിയിലായിരിക്കുമെന്ന് മാത്രം...

തികച്ചും അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിച്ച പുതിയൊരദ്ധ്യായം എന്നെ പുതിയൊരാളാക്കി മാറ്റിയിരിക്കുന്നു. സ്‌നേഹവും കരുതലും പ്രത്യാശയും കൊണ്ടാണ് ഈ സമയങ്ങളെ നമ്മള്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ മാത്രമേ അതിജീവനം സാധ്യമാവുകയുള്ളൂ...' ഹൃഷി പറയുന്നു. 

'ഹ്യമൂന്‍സ് ഓഫ് ബോംബെ' എന്ന കൂട്ടായ്മയ്ക്ക് വേണ്ടിയാണ് ഹൃഷി തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. ഇതിനോടകം തന്നെ ഹൃഷിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയിലും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ