Online Order : സ്വിഗ്ഗി- സൊമാറ്റോ വിലയും നേരിട്ട് കടയില്‍ നിന്ന് വാങ്ങിക്കുന്ന വിലയും; ചിന്തിക്കേണ്ട കാര്യം

By Web TeamFirst Published Aug 19, 2022, 10:05 PM IST
Highlights

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ശീലമാകുന്നതിന്‍റെയും അതിന്‍റെ സൗകര്യത്തോട് ഏറെ അടുപ്പം വരുന്നതിന്‍റെയും ഭാഗമായി ഈ നഷ്ടത്തെ കുറിച്ച് മിക്കവരും ബോധ്യത്തിലാകാത്തതാണെന്നും വിനായക് പറയുന്നു.വിനായകിന്‍റെ വാദങ്ങളോട് നിരവധി പേരാണ് യോജിപ്പ് പ്രകടിപ്പിക്കുന്നത്.

ഇന്ന് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഓഫീസ് ജോലിയിലോ മറ്റ് തിരക്കുകളിലോ പെട്ട് പാചകം ചെയ്യാൻ സമയം ലഭിക്കാത്തവര്‍, പാചകത്തിന് സൗകര്യമില്ലാത്തവര്‍, ഒറ്റക്ക് കഴിയുന്നവര്‍ എല്ലാം കാര്യമായ തോതില്‍ തന്നെ സ്വിഗ്ഗി- സൊമാറ്റോ പോലുള്ള ആപ്പുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നു. 

എന്നാല്‍ ഇത്തരത്തില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തുകഴിക്കുമ്പോള്‍ നമുക്ക് ഭാരിച്ച നഷ്ടമാണുണ്ടാകുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് വിനായക് രജനഹള്ളി എന്നൊരാള്‍. ലിങ്കിഡിനില്‍ ഇദ്ദേഹം പങ്കുവച്ച വിവരങ്ങളാണ് ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്നത്. 

വീടിനടുത്തുള്ളൊരു റെസ്റ്റോറന്‍റില്‍ നിന്ന് ബ്രേക്ക്ഫാസ്റ്റ് വാങ്ങിക്കാനായി സ്വിഗ്ഗിയും സൊമാറ്റോയും നോക്കി. രണ്ടിലും വില വ്യത്യാസപ്പെട്ടിരുന്നു. സ്വിഗ്ഗിയില്‍ 823 രൂപയും സൊമാറ്റോയില്‍ 785 രൂപയുമാണ് കാണിച്ചിരുന്നത്- വിനായക് പറയുന്നു. അങ്ങനെയെങ്കില്‍ സൊമാറ്റോയില്‍ തന്നെ ഓര്‍ഡര്‍ ചെയ്യാമെന്ന് തീരുമാനിച്ചു. 38 രൂപയെങ്കിലും ലാഭിക്കാമല്ലോ എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ചിന്ത. 

പിന്നീട് റെസ്റ്റോറന്‍റില്‍ തന്നെ പോയി നേരിട്ട് വാങ്ങിക്കാമെന്ന തീരുമാനത്തിലെത്തി. അങ്ങനെ റെസ്റ്റോറന്‍റില്‍ പോയി വാങ്ങിയപ്പോള്‍ അതേ ഭക്ഷണത്തിന് 440 രൂപയാണത്രേ ആയത്. എത്രമാത്രം വിലവ്യത്യാസമാണ് ഓണ്‍ലൈൻ ആയി ഓര്‍ഡര്‍ ചെയ്യുമ്പോഴെന്നാണ് ഇദ്ദേഹത്തിന്‍റെ കുറിപ്പ് വ്യക്തമാക്കുന്നത്. 

സ്വിഗ്ഗിയിലാണെങ്കില്‍ 68 ശതമാനവും സൊമാറ്റോയിലാണെങ്കില്‍ 60 ശതമാനവും അധികവില നല്‍കേണ്ടിവന്നേനെ. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ശീലമാകുന്നതിന്‍റെയും അതിന്‍റെ സൗകര്യത്തോട് ഏറെ അടുപ്പം വരുന്നതിന്‍റെയും ഭാഗമായി ഈ നഷ്ടത്തെ കുറിച്ച് മിക്കവരും ബോധ്യത്തിലാകാത്തതാണെന്നും വിനായക് പറയുന്നു.

വിനായകിന്‍റെ വാദങ്ങളോട് നിരവധി പേരാണ് യോജിപ്പ് പ്രകടിപ്പിക്കുന്നത്. റെസ്റ്റോറന്‍റുകളല്ല, മറിച്ച് ആപ്പുകളാണ് ഇതില്‍ വന്‍ ലഭാം കൊയ്യുന്നതെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്. വലിയ ലാഭം ഇതില്‍ നിന്ന് ഇല്ലാത്തതിനാല്‍ തന്നെ റെസ്റ്റോറന്‍റുകാര്‍ ഭക്ഷണത്തിന് അധികവിലയാണ് ആദ്യമേ ആപ്പുകളില്‍ കാണിക്കുകയെന്നും ഇവര്‍ പറയുന്നു.

നേരത്തെയും ഓണ്‍ലൈൻ ഫുഡ് ഓര്‍ഡറില്‍ എത്രമാത്രം വിലവ്യത്യാസം വരുന്നുണ്ടെന്നത് വ്യക്തമാക്കുന്നൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു. നേരിട്ട് കടയില്‍ പോയി വാങ്ങിച്ചതിന്‍റെയും ഓര്‍ഡര്‍ ചെയ്തതിന്‍റെയും ബില്ലുകള്‍ സഹിതമായിരുന്നു രാഹുല്‍ കബ്ര എന്നയാളുടെ പോസ്റ്റ്. 

ചിത്രത്തിന് കടപ്പാട്

Also Read:- സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത അതേ ഭക്ഷണം നേരിട്ട് പോയി കഴിച്ചപ്പോള്‍; ബില്ലുകള്‍ ചര്‍ച്ച

click me!