ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ പരാതികള്‍ വരാനുള്ള സാധ്യതകളേറെയാണ്. ഭക്ഷണത്തിന്‍റെ ഗുണമേന്മ, അളവ്, വില എന്നിവയെ ചൊല്ലിയെല്ലാം പരാതികളുയരാം. 

ഓണ്‍ലൈനായി ഭക്ഷണം ( Online Food Delivery ) ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഇന്ന് ഒരു പതിവ് കാര്യമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഇതൊരു സ്ഥിരം രീതിയാണിപ്പോള്‍. എന്നാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ പരാതികള്‍ വരാനുള്ള സാധ്യതകളേറെയാണ്.

ഭക്ഷണത്തിന്‍റെ ഗുണമേന്മ, അളവ്, വില എന്നിവയെ ചൊല്ലിയെല്ലാം പരാതികളുയരാം. അത്തരത്തില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ( Online Food Delivery ) ചെയ്യുമ്പോള്‍ വിലയില്‍ വരുന്ന വലിയ മാറ്റം ( High Price ) കാണിക്കാനായി ഒരു ലിങ്ക്ഡിന്‍ യൂസര്‍ പങ്കുവച്ച ബില്ലുകളാണിപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. 

മാര്‍ക്കറ്റിംഗ് മാനേജരായ രാഹുല്‍ കബ്ര എന്നയാളാണ് സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത അതേ ഭക്ഷണം റെസ്റ്റോറന്‍റില്‍ നേരിട്ടെത്തി വാങ്ങിച്ച്, ബില്ലുകള്‍ തമ്മില്‍ താരതമ്യപ്പെടുത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വെജ് ബ്ലാക് പെപ്പര്‍ സോസ്, വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, മഷ്റൂം മോമോസ് എന്നിയാണ് രാഹുല്‍ ഓര്‍ഡര്‍ ചെയ്തത്. ഇതിന് സമൊറ്റോയില്‍ 75 രൂപ ഡിസ്കൗണ്ട് കഴിഞ്ഞ് 689 രൂപയാണ് ഈടാക്കിയത്. അതേ വിഭവങ്ങള്‍ തന്നെ അതേ റെസ്റ്റോറന്‍റില്‍ നേരിട്ടെത്തി വാങ്ങിയപ്പോള്‍ സിജിഎസ്ടിയും എസ്ജിഎസ്ടിയും അടക്കം 512 രൂപയാണ് ആയത്. 

ഈ വ്യത്യാസം കാണിച്ചാണ് ഇദ്ദേഹം ഓണ്‍ലൈന്‍ ഓര്‍ഡറുകളിലെ വിലക്കൂടുതല്‍ ചര്‍ച്ചയ്ക്ക് വച്ചത്. നിരവധി പേരാണ് സമാനമായ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചത്. സൊമാറ്റോ മാത്രമല്ല, സ്വിഗ്ഗിയും ഇതേ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ധാരാളം പേര്‍ അഭിപ്രായപ്പെട്ടു. 

അതേസമയം ഡെലിവെറി ആപ്പുകളെ പിന്തുണച്ചുകൊണ്ടും ഒരു വിഭാഗം രംഗത്തെത്തി. ഡെലിവെറി ചാര്‍ജ്ജ്, ഇന്ധനച്ചെലവ്, സമയത്തിനുള്ള ചാര്‍ജ്ജ് എന്നിങ്ങനെ നോക്കുമ്പോള്‍ അധികപണം ഈടാക്കുന്നതില്‍ തെറ്റ് പറയാൻ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും രാഹുല്‍ പങ്കുവച്ച ബില്ലുകള്‍ ( High Price ) വലിയ രീതിയിലുള്ള ചര്‍ച്ച തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ തുടങ്ങിവച്ചിട്ടുള്ളത്. 

Also Read:- ഓണ്‍ലൈനായി വാങ്ങിയ കാപ്പിയില്‍ നിന്ന് യുവാവിന് കിട്ടിയത് കണ്ടോ?