
ഇന്നത്തെ കാലത്ത് ഫാഷൻ എന്നത് പഴയതിനെ പുതുമയോടെ അവതരിപ്പിക്കുക എന്നതാണ്. പ്രത്യേകിച്ച് ജെൻ സികൾക്ക് തങ്ങളുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും പാശ്ചാത്യ ശൈലികളുമായി കൂട്ടിയിണക്കാൻ ഏറെ ഇഷ്ടപ്പെടുന്നു. ഇതിനെയാണ് 'ഇൻഡോ-വെസ്റ്റേൺ' അല്ലെങ്കിൽ 'എത്‌നിക് ഫ്യൂഷൻ' എന്ന് വിളിക്കുന്നത്. ബോക്സുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന അലങ്കാരപ്പണികളുള്ള ആഭരണങ്ങൾ ഇനി കല്യാണങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെക്കേണ്ടതില്ല. നിങ്ങളുടെ പ്രൊഫഷണൽ ലുക്കിനെ കൂടുതൽ സ്റ്റൈലിഷും അതേസമയം തനിമയുള്ളതുമാക്കാൻ ദേസി ആഭരണങ്ങൾ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
ഓഫീസിലേക്ക് പോകുമ്പോൾ ബോറടിക്കാത്ത രീതിയിൽ എങ്ങനെ ഈ ആഭരണങ്ങൾ അണിയാം എന്ന് നോക്കാം:
കൈത്തറി ഷർട്ടുകളും ജീൻസും ഇന്ന് ഓൾ ടൈം ഫേവറിറ്റ് ആണ്. ഇതിനൊപ്പം വലിയ കമ്മലുകൾക്ക് പകരം വളരെ ചെറിയ സ്വർണ്ണ ജിമിക്കികൾ ധരിച്ചു നോക്കൂ. ഇത് നിങ്ങളുടെ ലുക്കിന് ഒരു പ്രത്യേക ലാളിത്യവും ഐശ്വര്യവും നൽകും. കാഷ്വൽ ലുക്കിനെ ഒരു പ്രൊഫഷണൽ ടച്ചിലേക്ക് മാറ്റാൻ ഈ കോമ്പിനേഷൻ സഹായിക്കും.
ഇന്നത്തെ ജെൻ സി ഫാഷനിലെ പ്രധാനിയാണ് കോ-ഓർഡ് സെറ്റുകൾ . മികച്ച രീതിയിൽ സ്റ്റിച്ച് ചെയ്ത ഇത്തരം വസ്ത്രങ്ങൾക്കൊപ്പം പാരമ്പര്യ ശൈലിയിലുള്ള ടെമ്പിൾ സ്റ്റഡുകൾ ധരിക്കുന്നത് ഒരു തകർപ്പൻ കോമ്പിനേഷനാണ്. മോഡേൺ ഡിസൈനിലുള്ള വസ്ത്രത്തിന് ഒരു 'എത്‌നിക് ടച്ച്' നൽകാൻ ഈ ചെറിയ കമ്മലുകൾക്ക് സാധിക്കും.
ഫുൾ സ്ലീവ് കുർത്തകളോ ലെയർ ചെയ്ത വസ്ത്രങ്ങളോ ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ കൈകളിൽ നേർത്ത വെള്ളി വളകൾ അണിയാം. സ്ലീവ് അല്പം മുകളിലേക്ക് കയറ്റിവെച്ച് ഒന്നിലധികം വളകൾ ധരിക്കുന്നത് കൈകൾക്ക് കൂടുതൽ ഭംഗി നൽകും. ഇത് അമിതമായ ആഭരണങ്ങൾ ധരിച്ചു എന്ന തോന്നൽ ഉണ്ടാക്കുകയുമില്ല.
പാദസരം എന്നത് പട്ടുപാവാടയ്ക്കൊപ്പം മാത്രം ധരിക്കേണ്ട ഒന്നല്ല. കണങ്കാൽ വരെ മാത്രം നീളമുള്ള ക്രോപ്പ്ഡ് ട്രൗസറുകൾക്കൊപ്പം കട്ടി കുറഞ്ഞ വെള്ളി പാദസരങ്ങൾ ധരിക്കുന്നത് വളരെ സ്റ്റൈലിഷാണ്. ഫോർമൽ ഷൂസിനും സാൻഡലുകൾക്കും ഇടയിൽ മിന്നുന്ന പാദസരം നിങ്ങളുടെ ഫാഷൻ ബോധത്തെ വേറിട്ടു നിർത്തും.
വെളുത്ത ഷർട്ടുകൾക്ക് മുകളിൽ എംബ്രോയ്ഡറി ചെയ്ത വെസ്റ്റുകൾ ധരിക്കുന്നത് ഇപ്പോൾ ട്രെൻഡാണ്. ഇതിനൊപ്പം കഴുത്തിനോട് ചേർന്നുനിൽക്കുന്ന സ്ലിം ഹസ്‌ലി കൂടി ഉണ്ടെങ്കിൽ ലുക്ക് കംപ്ലീറ്റ് ആയി. കഴുത്തിൽ അധികം ആഭരണങ്ങൾ ഇല്ലാതെ തന്നെ ഒരു 'സ്റ്റേറ്റ്‌മെന്റ്' ലുക്ക് നൽകാൻ ഹസ്‌ലിക്ക് സാധിക്കും.
ചുരുക്കത്തിൽ, ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അത് നിങ്ങളുടെ വസ്ത്രത്തിന്റെ നിറത്തോടും സന്ദർഭത്തോടും ഇണങ്ങുന്നുണ്ടോ എന്ന് മാത്രം ശ്രദ്ധിക്കുക. പാരമ്പര്യത്തെ ആധുനികതയുമായി ചേർക്കുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസമാണ് യഥാർത്ഥ സ്റ്റൈൽ.