സ്‌കൂളിൽ പഠിക്കുമ്പോൾ പ്രണയിച്ചു, പഠിത്തം തീരുംമുമ്പേ അടിച്ചുപിരിഞ്ഞു, ഇരുപതുകൊല്ലംകഴിഞ്ഞ് തമ്മിൽ വിവാഹിതരായി

By Web TeamFirst Published May 22, 2020, 3:42 PM IST
Highlights

"അവൾ ഇപ്പോൾ എവിടെയാകും? വേറെ വിവാഹം കഴിച്ച്, അതിൽ കുഞ്ഞുങ്ങളുമായി സുഖമായി കഴിയുകയാവും. ഇനി അല്ലെങ്കിലോ? "

ഇത് ഒരു അപൂർവ പ്രണയത്തിന്റെ കഥയാണ്. ടിം എന്നാണ് നായകന്റെ പേര്. നായികയുടെ പേര് അലീസ.  ഇരുവരും ഹൈസ്‌കൂൾ പഠനകാലത്ത് പരസ്പരം ഗാഢമായി പ്രണയിച്ചവരാണ്. നമ്മളിൽ പലരും പരസ്പരം കൗമാരകാലത്ത് പ്രണയിക്കുന്നപോലെ. സ്‌കൂളിൽ അവരുടെ പ്രണയം പാട്ടായിരുന്നു. അവസാനത്തെ ഒരു കൊല്ലം അവരെ ഏതുനേരവും ഒന്നിച്ചല്ലാതെ കാണുകയിലായിരുന്നു. സ്‌കൂളിലെ പ്രോം പാർട്ടിക്ക് അവർ ഒന്നിച്ച് പങ്കെടുത്തു, കപ്പിൾസ് ഫോട്ടോ എടുത്തു. ആ ഫോട്ടോ ആ പ്രണയത്തിൽ അവസാനത്തേതായിരുന്നു.

 

 

അധികം താമസിയാതെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. ഒടുവിൽ 1996 -ൽ അവർ തമ്മിൽ 'ബ്രേക്ക് അപ്പ്' ആയി. തമ്മിൽ പിരിഞ്ഞ ആ യുവമിഥുനങ്ങൾ അവരവരുടെ കരിയറിൽ ശ്രദ്ധിച്ചു. പഠിത്തം പൂർത്തിയാക്കി നല്ല ജോലി നേടി, താമസിയാതെ ഓരോ ജീവിത പങ്കാളികളെയും കണ്ടെത്തി. അടുത്ത ഇരുപതു വർഷക്കാലത്തേക്ക് പിന്നീടവർ കണ്ടുമുട്ടിയതേയില്ല. 

എന്നാൽ, അവരൊന്നിച്ചുള്ള ജീവിതത്തിന്റെ ഒരു അർദ്ധവിരാമം മാത്രമായിരുന്നു ആ അടിച്ചുപിരിയൽ എന്ന ബോധ്യം അവർക്ക് തൊണ്ണൂറുകളിൽ ഉണ്ടായിരുന്നില്ല. 

ഇനി നേരെ കട്ട് ചെയ്യുന്നത് 2016 -ലേക്കാണ്. ഇരുവരുടെയും ദാമ്പത്യ ബന്ധങ്ങളിൽ വല്ലാത്ത വിള്ളലുകൾ വീണുകഴിഞ്ഞിരുന്നു. അസ്വാരസ്യങ്ങൾ മൂത്തുമൂത്ത് അവർ ഇരുവരും അവരവരുടെ ജീവിത പങ്കാളികളുമായി നിയമപരമായിത്തന്നെ ബന്ധം വേർപെടുത്തി. 

അങ്ങനെ ഏകാന്ത ജീവിതത്തിന്റെ ഒറ്റപ്പെടലിനിടെയാണ് ടിമ്മിന് തന്റെ കൗമാരപ്രണയം ഓർമവന്നത്. അലീസയെ താൻ വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നയാൾ തിരിച്ചറിഞ്ഞു. അവൾ ഇപ്പോൾ എവിടെയാകും? വേറെ വിവാഹം കഴിച്ച്, അതിൽ കുഞ്ഞുങ്ങളുമായി സുഖമായി കഴിയുകയാവും. ഇനി അല്ലെങ്കിലോ? എന്തായാലും പ്രതീക്ഷ കൈവെടിയാതെ അയാൾ അലീസയെ ഫേസ്‌ബുക്കിൽ തപ്പിപ്പിടിച്ചു. മെസഞ്ചറിൽ ഒരു "ഹായ്' അയച്ചു. 

ആ "ഹായ്" വിവാഹമോചനത്തിന്റെ മുറിവുകൾ താലോലിച്ചുകൊണ്ടിരുന്ന അലീസയുടെ ഹൃദയത്തിലേക്ക് ഒരു തേന്മഴ പോലെയാണ് വന്നുവീണത്. അവർ തമ്മിൽ തൽക്ഷണം വീണ്ടും 'കണക്റ്റ്' ചെയ്യപ്പെട്ടു. ഏഴുമാസം പരസ്പരം ചാറ്റ് ചെയ്തും, പിന്നീട് ഒരു വാലന്റൈൻസ് സായാഹ്നം ഒന്നിച്ച് ചെലവിട്ടും അവർ അതങ്ങുറപ്പിച്ചു. ഒരിക്കൽ നടക്കാതെ പോയ ആ പ്രണയ സാക്ഷാത്കാരത്തിന് അവർ പദ്ധതിയിട്ടു. 

 

 

ഒടുവിൽ ജൂലൈ 2016 -ൽ നടന്ന ലളിതമായ ഒരു വിവാഹച്ചടങ്ങിലൂടെ, ഇരുപതു വർഷം മുമ്പ് മുറിഞ്ഞുപോയ ആ സംഭാഷണം അവർ പുനരാരംഭിച്ചു. കഴിഞ്ഞ നാലു വർഷമായി സംതൃപ്തമായ ദാമ്പത്യത്തിലാണ് ഇരുവരും.  

 

 

ജീവിതത്തിൽ ഏകാന്തത അനുഭവിക്കുന്നവരെ സഹായിക്കുന്ന പേഴ്സണൽ കോച്ചാണ് അലീസ ഇപ്പോൾ. 'Becoming Alysa' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ മാനസിക പിന്തുണ ആവശ്യമുള്ളവരെ സഹായിക്കുന്നുണ്ട് ഇന്നും അവർ ഇരുവരും.  

click me!