ലോക്ഡൗണ്‍ നിയമം ലംഘിച്ചു; അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് കണ്ടത്...

By Web TeamFirst Published May 21, 2020, 10:43 PM IST
Highlights

പെറുവിലെ ഒരു ചെറിയ പട്ടണത്തിന്റെ മേയറാണ് ജെയിം റൊളാന്‍ഡോ അര്‍ബിന ടോര്‍സ്. ഇദ്ദേഹത്തിന്റെ ഭരണത്തില്‍ നേരത്തേ പലതവണ തന്നെ ഇവിടെ ജനം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടത്രേ. ഇക്കൂട്ടത്തില്‍ ലോക്ഡൗണ്‍ കാലത്തെ ഇദ്ദേഹത്തിന്റെ അലക്ഷ്യമായ പെരുമാറ്റവും നടപടികളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നതായി അവിടുത്തെ പ്രാദേശിക മാധ്യമങ്ങളില്‍ വന്നിരുന്നു

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മിക്ക രാജ്യങ്ങളും കൈക്കൊണ്ട അടിയന്തര നടപടിയായിരുന്നു ലോക്ഡൗണ്‍. സാമൂഹികാകലം പാലിക്കുന്നതുവഴി, രോഗവ്യാപനം ഫലപ്രദമായി തടയാനാകുമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് രാജ്യങ്ങള്‍ ഈ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. 

എന്നാല്‍ അപ്പോഴും ഈ നടപടിയില്‍ അതൃപ്തി കാണിക്കുകയും, ഇത് ലംഘിക്കുകയും ചെയ്തവരുണ്ട്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികളാണ് എടുക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ തികച്ചും നിരുത്തരവാദിത്തപരമായി ഒരു ജനനേതാവ് തന്നെ പ്രതിസന്ധിഘട്ടത്തിലെ സര്‍ക്കാര്‍ നടപടി ലംഘിച്ചാലോ? 

അത്തരമൊരു സംഭവമാണ് പെറുവില്‍ നിന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു നിയമലംഘനത്തിന്റെ മാത്രം പ്രശ്‌നമല്ല ഇത്. അല്‍പം വിചിത്രമായ മറ്റൊരു വിഷയം കൂടി ഈ സംഭവത്തിലുണ്ട്. അതെന്താണെന്നല്ലേ? 

പെറുവിലെ ഒരു ചെറിയ പട്ടണത്തിന്റെ മേയറാണ് ജെയിം റൊളാന്‍ഡോ അര്‍ബിന ടോര്‍സ്. ഇദ്ദേഹത്തിന്റെ ഭരണത്തില്‍ നേരത്തേ പലതവണ തന്നെ ഇവിടെ ജനം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടത്രേ. ഇക്കൂട്ടത്തില്‍ ലോക്ഡൗണ്‍ കാലത്തെ ഇദ്ദേഹത്തിന്റെ അലക്ഷ്യമായ പെരുമാറ്റവും നടപടികളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നതായി അവിടുത്തെ പ്രാദേശിക മാധ്യമങ്ങളില്‍ വന്നിരുന്നു. 

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സ്വയം പാലിക്കുന്നില്ലെന്ന് മാത്രമല്ല, അത് കൃത്യമായി നടപ്പിലാക്കുന്നതിലും ടോര്‍സ് വന്‍ പരാജയമാണെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് ടോര്‍സ് സംഘമായി മദ്യപിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. 

ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് കണ്ടത് പക്ഷേ, മാസ്‌ക് ധരിച്ച് ഒരു ശവപ്പെട്ടിയില്‍ മരിച്ചുകിടക്കുന്ന ടോര്‍സിനെയാണ്. ആകെ വശപ്പിശക് തോന്നിയ പൊലീസുകാര്‍ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ടോര്‍സ് മരിച്ചിട്ടില്ലെന്നും മരിച്ചതുപോലെ അഭിനയിച്ചതാണെന്നും വ്യക്തമായത്. ആ സമയത്ത് ടോര്‍സ് നന്നായി മദ്യപിച്ചിരുന്നുവെന്നും പൊലീസുകാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Also Read:- കൊവിഡ് 19 ബാധിച്ച് മരിച്ചു; സംസ്‌കാരം നടത്തി ഒരു മാസം കഴിഞ്ഞപ്പോള്‍ മരിച്ചയാള്‍ ജീവനോടെ!...

എന്തായാലും ടോര്‍സിനെയും സുഹൃത്തുക്കളേയും പൊലീസുകാര്‍ കയ്യോടെ പൊക്കി, അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വളരെ വചിത്രമായ ഈ പെരുമാറ്റം വലിയ തോതിലാണ് പെറുവില്‍ ചര്‍ച്ചയായിരിക്കുന്നത്. വൈകാതെ തന്നെ ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലും സ്ഥാനം പിടിച്ചു. 

ഒരുപക്ഷേ അല്‍പം വിചിത്രമായ തമാശയാകാം ടോര്‍സ് ചിന്തിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. എങ്കിലും അതിനായി ശവപ്പെട്ടി കിട്ടിയത് എവിടെ നിന്നായിരിക്കും എന്ന സംശയം അപ്പോഴും ബാക്കിനില്‍ക്കുന്നു. എന്തായാലും ഒരു ജനനേതാവ് ഇത്തരത്തില്‍ പെരുമാറിയത് അല്‍പം കടന്ന കയ്യായിപ്പോയി എന്ന് തന്നെയാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഇതോടെ ഇദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാനാണ് സാധ്യതയെന്നും പലരും വാദിക്കുന്നു.

Also Read:- മരിച്ചുവെന്ന് കരുതി; മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയവര്‍ക്ക് മുന്നില്‍ ജീവനോടെ!...

click me!