വീട്ടിനുള്ളില്‍ ഈ സ്ഥലങ്ങളില്‍ വൃത്തിയില്ലെങ്കില്‍ അസുഖങ്ങള്‍ ഉറപ്പ്...

By Web TeamFirst Published Jan 24, 2024, 8:48 PM IST
Highlights

പലര്‍ക്കും പക്ഷേ വീട് വൃത്തിയാക്കല്‍ എന്നത് പ്രയാസകരമായ ജോലിയാണ്. വല്ലാതെ ചിട്ട തെറ്റിക്കിടക്കുകയാണെങ്കില്‍ എവിടെ നിന്ന് തുടങ്ങണം, എന്തെല്ലാം ചെയ്യണം എന്നിങ്ങനെ ആശയക്കുഴപ്പങ്ങള്‍ നൂറെണ്ണം വരികയും ചെയ്യാം. 

നാം താമസിക്കുന്നയിടം വൃത്തിയായി കൊണ്ടുപോകാൻ സാധിച്ചില്ല എങ്കില്‍ അത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മോശമായി ബാധിക്കാം. ചിലര്‍ക്ക് വീട് വൃത്തികേടായി കിടന്നാലും, അഴുക്ക് ഏറിയാലുമൊന്നും അത് മനസിനെ ബാധിക്കില്ല. പക്ഷേ അവര്‍ക്കും ശുചിത്വമില്ലായ്മ മൂലം ബാധിക്കാവുന്ന ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും നേരിടാതിരിക്കാനാകില്ല. 

പലര്‍ക്കും പക്ഷേ വീട് വൃത്തിയാക്കല്‍ എന്നത് പ്രയാസകരമായ ജോലിയാണ്. വല്ലാതെ ചിട്ട തെറ്റിക്കിടക്കുകയാണെങ്കില്‍ എവിടെ നിന്ന് തുടങ്ങണം, എന്തെല്ലാം ചെയ്യണം എന്നിങ്ങനെ ആശയക്കുഴപ്പങ്ങള്‍ നൂറെണ്ണം വരികയും ചെയ്യാം. 

വീട് മൊത്തത്തിലൊന്ന് വൃത്തിയാക്കിയെടുക്കാൻ തീരുമാനിക്കുകയാണെങ്കില്‍ ജോലി എളുപ്പമാക്കുന്നതിന് ആദ്യമേ ഒരു പ്ലാനിംഗ് ആകാം. ഇതില്‍ ഏറ്റവും പ്രധാനം എന്തെല്ലാം, എവിടെയെല്ലാം വൃത്തിയാക്കണം എന്നത് കൃത്യമായി നോട്ട് ചെയ്യലാണ്. 

നമുക്ക് ആരോഗ്യപ്രശ്നങ്ങളോ രോഗങ്ങളോ കൂടുതലും വരാൻ സാധ്യതയുള്ള ഇടങ്ങളും സാധനങ്ങളുമാണ് വൃത്തിയായി സൂക്ഷിക്കേണ്ടത്. ഇതിനാണ് ചിട്ട സൂക്ഷിക്കേണ്ടത്. 

ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ടത് അടുക്കളയില്‍ തന്നെ. അടുക്കളയില്‍ തറയും സ്ലാബുകളും ഷെല്‍ഫുകളും മാത്രം വൃത്തിയാക്കിയത് കൊണ്ടായില്ല. ഏറ്റവുമധികം നമ്മള്‍ ശ്രദ്ധിക്കേണ്ടത് ഫ്രിഡ്ജിന് അകവും, കട്ടിംഗ് ബോര്‍ഡുകളും അതുപോലെ പാത്രം തേക്കുന്ന സ്പോഞ്ചുകളും ടേബിള്‍ ക്ലോത്തുകളുമാണ്. 

അടുക്കളയിലെ സ്പോഞ്ചുകള്‍ അല്‍പം വിനാഗിരിയും വെള്ളവും മിക്സ് ചെയ്തതില്‍ 15 മിനുറ്റ് മുക്കിവച്ച ശേഷം ഒന്ന് കഴുകിയെടുത്ത് ഉണക്കിയെടുത്താല്‍ സ്പോഞ്ചുകള്‍ അണുവിമുക്തമായി. 

കട്ടിംഗ് ബോര്‍ഡുകളാണെങ്കില്‍ ബേക്കിംഗ് സോഡ വച്ച് കഴുകുന്നതാണ് നല്ലത്. ഇതിന് ശേഷം അല്‍പം വിനാഗിരി മുകളിലൂടെ ഒന്നൊഴിച്ചുകൊടുക്കാം. ഇനിയിവ പത്ത് മിനുറ്റ് നേരത്തേക്ക് അങ്ങനെ വച്ച ശേഷം വെറുതെ വെള്ളത്തില്‍ കഴുകുകയാണ് വേണ്ടത്. 

ടേബിള്‍ ക്ലോത്തുകളും എപ്പോഴും വൃത്തിയാക്കി വയ്ക്കണം. ഇവ അലക്കിയുണക്കിയെടുത്താല്‍ മാത്രം മതി. ഫ്രിഡ്ജിനകം വൃത്തികേടാകാതിരിക്കാനാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. കാരണം ഇതിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക്- പ്രത്യേകിച്ച് വയറിന് പ്രശ്നം വരാം. ഫ്രിഡ്ജിനകത്ത് ഭക്ഷണസാധനങ്ങള്‍ തുറന്നിടുന്നതും, കേടായ ഭക്ഷണസാധനങ്ങള്‍ പിന്നെയും ദീര്‍ഘകാലം സൂക്ഷിക്കുന്നതും എല്ലാം ആരോഗ്യത്തിന് വെല്ലുവിളിയാണ്.

അതുപോലെ അടുക്കളയിലെ സിങ്ക്, അതിനകം എല്ലാം വൃത്തിയായിരിക്കണം. ഇതും അല്ലാത്തപക്ഷം രോഗങ്ങളെ ക്ഷണിച്ചുവരുത്താം. അടുക്കള വൃത്തിയില്ലെങ്കില്‍ ഭക്ഷ്യവിഷബാധ, പതിവായ ഗ്യാസ്ട്രബിള്‍, വിരശല്യം എന്നിങ്ങനെ പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും ബാധിക്കാം. 

അടുക്കള കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കേണ്ടത് ടോയ്‍ലറ്റ് തന്നെയാണ്. ടോയ്‍ലറ്റില്‍ ക്ലോസറ്റിനകം, ടോയ്‍ലറ്റ് സീറ്റ്, തറ, ചുവര് എല്ലാം വൃത്തിയാക്കി വയ്ക്കാൻ ശ്രദ്ധിക്കണം. ടോയ്‍ലറ്റിന് എപ്പോഴും വീട് വൃത്തിയാക്കുമ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അസുഖങ്ങളെ കുറയ്ക്കാൻ സഹായിക്കും. ടോയ്‍ലറ്റ് ക്ലീനല്ലെങ്കില്‍ അത് സ്വകാര്യഭാഗത്ത് അണുബാധ അടക്കമുള്ള അസുഖങ്ങള്‍, മലമൂത്ര വിസര്‍ജ്ജനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, വിരശല്യം എന്നിങ്ങനെയുള്ള പ്രയാസങ്ങളുണ്ടാകാം. 

അടുത്തതായി രോഗങ്ങളകറ്റാൻ ശ്രദ്ധിക്കേണ്ടത് പുതപ്പ്, വിരിപ്പ്, തലയിണ-കുഷിൻ കവറുകള്‍, കര്‍ട്ടെയിൻസ് എന്നിവയാണ്. ഇവയെല്ലാം കൃത്യമായ ഇടവേളകളില്‍ അലക്കിയുണക്കി വൃത്തിയാക്കിയെടുക്കണം. ഈ ശീലമില്ലെങ്കില്‍ അലര്‍ജി, സ്കിൻ ഇൻഫെക്ഷൻ, മുടി കൊഴിച്ചില്‍, മുഖക്കുരു എന്നിങ്ങനെ പല ആരോഗ്യപ്രശ്നങ്ങളും വരാം.

വീടിനകത്ത് തറകള്‍ എപ്പോഴും തുടച്ചിടാൻ ശ്രദ്ധിക്കണം. കഴിയുന്നതും അണുക്കളെ കൊല്ലാൻ സഹായിക്കുന്ന ലോഷനുകളും ഇതിനായി ഉപയോഗിക്കാം. അതുപോലെ നമ്മളെപ്പോഴും തൊടുന്ന സ്ഥലങ്ങളും പൊടിയും അഴുക്കും അടിഞ്ഞുകിടക്കരുത്. ഇതും അസുഖങ്ങള്‍ വരുത്തും. 

Also Read:- ബാത്ത്റൂമിലെ കണ്ണാടികള്‍ എടുത്തുമാറ്റി സ്കൂള്‍ അധികൃതര്‍; കാരണം ബഹുരസകരം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!