പട്ടികളോടുള്ള ഇഷ്ടം അങ്ങനെ വെറുതെ വരുന്നതാണോ? പഠനം പറയുന്നതിങ്ങനെ...

By Web TeamFirst Published May 22, 2019, 4:14 PM IST
Highlights

കുറേയധികം ഇരട്ടകളെ കണ്ടെത്തിയ ശേഷം ഇവരെ ഉപയോഗിച്ചായിരുന്നു ഗവേഷകരുടെ പഠനം. ഇരട്ടകളിലൊരാള്‍ പട്ടിയെ വളര്‍ത്താന്‍ താല്‍പര്യപ്പെടുമ്പോള്‍ മറ്റെയാള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു

ചിലര്‍ക്ക് പട്ടികളെന്ന് വച്ചാല്‍ ജീവനായിരിക്കും. നടക്കാന്‍ പോകുമ്പോഴും, വീടിനകത്ത് ജോലിയിലായിരിക്കുമ്പോഴും, ടിവി കാണുമ്പോഴും, ചുമ്മാ ഒന്ന് മയങ്ങാന്‍ കിടക്കുമ്പോള്‍ പോലും കൂടെ വളര്‍ത്തുപട്ടിയേയും കൂട്ടുന്നവര്‍ നിരവധിയാണ്. 

അതേസമയം മറ്റ് ചിലര്‍ക്കാണെങ്കില്‍ പട്ടികളെ ഇഷ്ടമേ ആയിരിക്കില്ല. ഈ ഇഷ്ടവും അനിഷ്ടവുമെല്ലാം അങ്ങനെ വെറുതെ ഉണ്ടാകുന്നതാണോ? അല്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്.

അതായത് ഒരാള്‍ പട്ടിയെ ഇഷ്ടപ്പെടുന്നതും അല്ലെങ്കില്‍ ഇഷ്ടപ്പെടാതിരിക്കുന്നതുമെല്ലാം ഭൂരിഭാഗവും അയാളുടെ ജനിതക ഘടകങ്ങളെ ആശ്രയിച്ചായിരിക്കുമത്രേ. സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 'സയന്റിഫിക് റിപ്പോര്‍ട്ട്‌സ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

കുറേയധികം ഇരട്ടകളെ കണ്ടെത്തിയ ശേഷം ഇവരെ ഉപയോഗിച്ചായിരുന്നു ഗവേഷകരുടെ പഠനം. ഇരട്ടകളിലൊരാള്‍ പട്ടിയെ വളര്‍ത്താന്‍ താല്‍പര്യപ്പെടുമ്പോള്‍ മറ്റെയാള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 

പങ്കാളി പട്ടിയെ വളര്‍ത്തുന്നുണ്ടെങ്കില്‍, സഹജാത ഇരട്ടയായ സ്ത്രീക്കും ഇതിനുള്ള താല്‍പര്യം 40 ശതമാനത്തോളം ഉണ്ടായിരിക്കുമെന്ന് ഇവര്‍ കണ്ടെത്തി. സമജാത ഇരട്ടകളിലാണെങ്കില്‍ (സ്ത്രീകളില്‍) ഈ സാധ്യത 25 ശതമാനമായി കുറയും. പുരുഷന്മാരിലാണെങ്കില്‍ ഇതിനുള്ള പ്രവണത കുറവാണെന്നാണ് കാണിക്കുന്നത്. സഹജാത ഇരട്ടയായ പുരുഷന് 29 ശതമാനവും സമജാത ഇരട്ടയായ പുരുഷന് 18 ശതമാനവും ആണത്രേ ഇത്തരത്തിലുള്ള സാധ്യതകള്‍. 

ആകെ പട്ടികളെ വളര്‍ത്തുന്നവരില്‍ 57 ശതമാനം സ്ത്രീകളും 51 ശതമാനം പുരുഷന്മാരും ജനിതക ഘടകങ്ങളെ ആശ്രയിച്ചാണ് ഈ തീരുമാനത്തിലെത്തുന്നതെന്നും ഗവേഷകര്‍ വാദിക്കുന്നു. 

click me!