ജീവന്‍ രക്ഷിച്ചവളെ അന്വേഷിച്ച് കണ്ടെത്തിയ പട്ടി; തെരുവിലൂടെ അത് നടന്നത് 320 കിലോമീറ്റര്‍!

By Web TeamFirst Published Jul 6, 2019, 9:28 PM IST
Highlights

 മരം കോച്ചുന്ന തണുപ്പെന്നൊക്കെ പറയാന്‍ കഴിയുന്നയത്രയും തണുത്തുറഞ്ഞൊരു പകല്‍സമയം. ഒരു യാത്രയിലായിരുന്നു നിന ബരനോസ്‌ക്യ എന്ന പെണ്‍കുട്ടിയും സുഹൃത്തും. പെട്ടെന്നാണ് റോഡില്‍ മഞ്ഞ് മൂടിക്കിടക്കുന്ന ഒരു രൂപം അവരുടെ ശ്രദ്ധയില്‍പ്പെട്ടത്

മനുഷ്യരോട് ഏറ്റവുമധികം സ്‌നേഹവും അടുപ്പവും കാണിക്കുന്ന വര്‍ഗമാണ് നായ്ക്കളുടേത്. ഇക്കാര്യത്തില്‍ വളര്‍ത്തുപട്ടികളും തെരുവുപട്ടികളുമെല്ലാം ഒരുപോലെ തന്നെ. ഇണക്കത്തിന്റെ കാര്യത്തിലുള്ള ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ ഇവര്‍ക്കിടയിലുള്ളൂ. 

നായ്ക്കള്‍ക്ക് മനുഷ്യരോടുള്ള സ്‌നേഹം തെളിയിക്കുന്ന എത്രയോ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥയാണ് ഇനി പറയുന്നത്. 

റഷ്യയില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു മഞ്ഞുകാലത്താണ് സംഭവം നടന്നത്. മരം കോച്ചുന്ന തണുപ്പെന്നൊക്കെ പറയാന്‍ കഴിയുന്നയത്രയും തണുത്തുറഞ്ഞൊരു പകല്‍സമയം. ഒരു യാത്രയിലായിരുന്നു നിന ബരനോസ്‌ക്യ എന്ന പെണ്‍കുട്ടിയും സുഹൃത്തും. പെട്ടെന്നാണ് റോഡില്‍ മഞ്ഞ് മൂടിക്കിടക്കുന്ന ഒരു രൂപം അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ഏതോ വാഹനമിടിച്ച് സാരമായ പരിക്ക് പറ്റിയ ഒരു തെരുവുപട്ടി ആയിരുന്നു അത്. ഏതാണ്ട് മരണമുറപ്പിക്കാവുന്ന അവസ്ഥ. എന്നാല്‍ അതിനെ മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് തിരിച്ചുപോകാന്‍ നിനയുടെ മനസനുവദിച്ചില്ല. അവള്‍ അതിനെയെടുത്ത് കാറില്‍ കയറ്റി, അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചു. 

പരിക്കുകളില്‍ മരുന്ന് വച്ച് പ്രാഥമികമായ ചികിത്സകള്‍ നല്‍കിക്കഴിഞ്ഞപ്പോള്‍ തന്നെ അത് അല്‍പം ഉഷാറായി. പിന്നെ വേഗത്തിലായിരുന്നു ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായപ്പോള്‍ അതിനെ നിന തന്റെ വീട്ടിലേക്ക് കൊണ്ടുപോന്നു. ഷേവി എന്ന പേര് വിളിച്ചു. 

വീട്ടിലെ പൂച്ചകള്‍ക്കും അഭയാര്‍ത്ഥികളായി പലപ്പോഴായി വന്നുകൂടിയ തെരുവുപട്ടികള്‍ക്കുമൊപ്പം ഷേവിയെ, നിന തന്നാല്‍ ആകുന്ന വിധം പരിപാലിച്ചു. നല്ല ഭക്ഷണം നല്‍കിയും പരിശീലനം നല്‍കിയും ഷേവിയെ സ്വയം ആരോഗ്യവതിയും സ്വയം പര്യാപ്തയുമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീട്ടിലെ പരിമിതമായ സാഹചര്യങ്ങള്‍ മൂലം ഷേവിയെക്കൂടി സംരക്ഷിക്കാന്‍ നിനയ്ക്ക് കഴിയില്ലെന്ന് ഉറപ്പായി. 

അങ്ങനെയാണ് അല്‍പം ദൂരെയുള്ള സുഹൃത്തുക്കളുടെ വീട്ടിലേക്ക് നിന, ഷേവിയെ എത്തിച്ചത്. ആദ്യമൊന്നും എന്താണ് നടക്കുന്നതെന്ന് ഷേവിക്ക് മനസിലായില്ല. എന്നാല്‍ നിന പോയതോടെ താന്‍ മറ്റെവിടെയോ എത്തിയെന്ന് ഷേവിക്ക് മനസിലായി. പിന്നീടുള്ള ഷേവിയുടെ ഓരോ ശ്രമവും നിനയിലേക്ക് എത്തുക എന്നതായിരുന്നു. 

വൈകാതെ ആ വീട് വിട്ട് ഷേവിയിറങ്ങി. തന്റെ ജീവന്‍ രക്ഷിച്ച, തന്നെ ജീവിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ കാണണമെന്ന ആഗ്രഹം ആ പാവപ്പെട്ട മൃഗത്തെ 320 കിലോമീറ്ററോളം തെരുവിലൂടെ നടത്തിച്ചു. നിനയെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു ഷേവിയുടെ വരവ്. 

ആ സ്‌നേഹം അവഗണിക്കാന്‍ നിനയ്ക്ക് ആവുമായിരുന്നില്ല. അല്‍പം കൂടി വലിയൊരു വീട്ടിലേക്ക് നിനയുടെ കുടുംബം താമസം മാറാനൊരുങ്ങിയിരിക്കുന്ന സമയമായിരുന്നു അത്. പുതിയ വീട്ടില്‍ ഇനി തന്നോടൊപ്പം ഷേവിയും കാണുമെന്ന് നിന, വീട്ടുകാരോട് പറഞ്ഞു. അവര്‍ക്കും അത് സമ്മതമായിരുന്നു. അങ്ങനെ തനിക്ക് വേണ്ടി ഇത്രയും ദൂരം തനിയെ നടന്നുവന്ന ഷേവിയെ നീന എന്നെന്നത്തേക്കുമായി കൂടെ കൂട്ടി. ഇപ്പോള്‍ മറ്റ് പട്ടികള്‍ക്കും പൂച്ചകള്‍ക്കുമെല്ലാം ഒപ്പം സന്തുഷ്ടനാണ് ഷേവി. ഓരോ മഞ്ഞുകാലവും കടന്നുപോകുമ്പോള്‍ ഷേവിയെ കണ്ടുമുട്ടിയ ഓര്‍മ്മകളിലൂടെ നിന ഒന്നുകൂടി സഞ്ചരിക്കും. ജീവിതത്തില്‍ ഇത്രമാത്രം സ്‌നേഹം ഒരു മനുഷ്യനില്‍ നിന്ന് പോലും കിട്ടിയിട്ടില്ലെന്ന് അപ്പോഴൊക്കെ സസന്തോഷം നിന പറയും.

click me!