വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും രോഗം മാറുന്നില്ലേ, എങ്കിൽ കാരണം ഇതാണ്; സൈക്കോളജിസ്റ്റ് എഴുതുന്നത്

Published : Aug 18, 2019, 09:59 AM ISTUpdated : Aug 18, 2019, 10:44 AM IST
വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും രോഗം മാറുന്നില്ലേ, എങ്കിൽ കാരണം ഇതാണ്;  സൈക്കോളജിസ്റ്റ് എഴുതുന്നത്

Synopsis

രോഗത്തെപ്പറ്റി അമിതമായ ചിന്തയും എപ്പോഴും ചികിത്സയിലായിരിക്കുന്ന അവസ്ഥയും ആ വ്യക്തിയെ മറ്റുള്ളവര്‍ ആ നിലയില്‍ അറിയപ്പെടാന്‍ പോലും കാരണമാകും. ചെറിയ പ്രായത്തില്‍ രോഗങ്ങള്‍ക്കു അമിത പ്രാധാന്യം ലഭിച്ച കുട്ടികളില്‍ വലുതാകുമ്പോള്‍ രോഗങ്ങളെപ്പറ്റിയുള്ള അമിതമായ ഉത്‌ക്കണ്‌ഠയുണ്ടാകാന്‍ സാധ്യതയുണ്ട്.

ഈ പ്രശ്നത്തിന്‍റെ പ്രധാന ലക്ഷണം തുടര്‍ച്ചയായി ശാരീരിക രോഗലക്ഷണങ്ങള്‍ കാണിക്കുകയും പല തവണ പരിശോധനകള്‍ നടത്തിയിട്ടും കുഴപ്പങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിയാതെ വരികയുമാണ്‌. എന്നാല്‍ രോഗമില്ല എന്ന വസ്തുത വിശ്വസിക്കാന്‍ ആ വ്യക്തി തയ്യാറാവില്ല. 

പലപ്പോഴും ഈ ലക്ഷണങ്ങളുടെ തുടക്കം വ്യക്തി ജീവിതത്തിലെ എന്തെങ്കിലും പ്രശ്നങ്ങളോടനുബന്ധിച്ചാവും. ഉത്‌ക്കണ്‌ഠ, വിഷാദം എന്നീ അവസ്ഥകള്‍ ശാരീരിക രോഗലക്ഷണങ്ങളുടെ രൂപത്തില്‍ പ്രകടമാക്കുന്നതാവും ഇത്. ഇതിന്‍റെ യഥാര്‍ത്ഥ കാരണം താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദമാണെന്ന തിരിച്ചറിവ് ആ വ്യക്തി നേടിയെടുക്കുക വളരെ വൈകിയാവും. 

ചിലര്‍ അതൊരിക്കലും അംഗീകരിക്കാന്‍ തയ്യാറാവില്ല. ഒരുപാടുകാലം ചികിത്സിച്ചിട്ടും മാറാതെ വരുമ്പോഴാവും ഒടുവില്‍ മന:ശാസ്ത്ര ചികിത്സയ്ക്കായി റെഫര്‍ ചെയ്യപ്പെടുക. ഏതുതരം ശാരീരിക ലക്ഷണങ്ങളും പ്രകടമാക്കാമെങ്കിലും ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍ ഉദരരോഗങ്ങള്‍ (വയര്‍വേദന, തികട്ടല്‍, ഛര്‍ദ്ദി മുതലായവ) ത്വക്കുരോഗങ്ങള്‍ എന്നിവയാണ്.

ചിലരില്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ മനസ്സു കണ്ടെത്തുന്ന ഒരു വഴിയാകാമിത്. വളരെ കാലങ്ങളായി കാരണങ്ങള്‍ ഒന്നും കണ്ടെത്താനാവാതെ ആശുപത്രികള്‍ മാറിമാറി ചികിത്സിക്കുന്ന ഇവര്‍ രോഗത്തെപ്പറ്റി മാത്രം എപ്പോഴും അമിതമായി ചിന്തിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ തന്നെ അവരുടെ സാമൂഹിക ജീവിതത്തെയും കുടുംബ ബന്ധത്തെയുമെല്ലാം ഈ അവസ്ഥ ദോഷകരമായി ബാധിക്കും. 

യൗവ്വനാരംഭത്തില്‍ തുടങ്ങുന്ന ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു. വര്‍ഷങ്ങളായുള്ള മരുന്നുപയോഗം മൂലം ചില മരുന്നുകളോട് പ്രത്യേകിച്ചു വേദനസംഹാരികളോട് അടിമത്വം പോലെയുള്ള അവസ്ഥ ഇവരില്‍ കാണാനിടയുണ്ട്.

രോഗത്തെപ്പറ്റി അമിതമായ ചിന്തയും എപ്പോഴും ചികിത്സയിലായിരിക്കുന്ന അവസ്ഥയും ആ വ്യക്തിയെമറ്റുള്ളവര്‍ ആ നിലയില്‍ അറിയപ്പെടാന്‍ പോലും കാരണമാകും. ചെറിയ പ്രായത്തില്‍ രോഗങ്ങള്‍ക്കു അമിത പ്രാധാന്യം ലഭിച്ച കുട്ടികളില്‍ വലുതാകുമ്പോള്‍ രോഗങ്ങളെപ്പറ്റിയുള്ള അമിതമായ ഉത്‌ക്കണ്‌ഠയുണ്ടാകാന്‍ സാധ്യതയുണ്ട്.

 വീട്ടിലുള്ള ഒരു വ്യക്തിക്കു ചെറിയപനി വന്നാല്‍ പോലും അമിതമായി ഭയക്കുന്ന വ്യക്തികള്‍ അവര്‍ക്കുതന്നെ രോഗം വരുമ്പോള്‍ അമിതമായ വേദനയും ബുദ്ധിമുട്ടുകളും പ്രകടമാക്കാനാണ് സാധ്യത. മന:ശാസ്ത്ര ചികിത്സയാണ് ഈ അവസ്ഥയുടെ പരിഹാരം. 

എന്തെങ്കിലും രോഗങ്ങളോ പ്രശ്നങ്ങളോ വരുമ്പോള്‍ അതിനെപ്പറ്റി യഥാര്‍ത്ഥത്തില്‍ ഉള്ളതിലും അങ്ങേയറ്റം ചിന്തിച്ചു മനസ്സു വിഷമിക്കുന്ന രീതി മാറ്റിയെടുക്കാന്‍ ചികിത്സയിലൂടെ അവരെ പ്രാപ്തരാക്കിയെടുക്കുക എന്നതാണ് ചികിത്സയുടെ ഉദ്ദേശം. മാനസിക സമ്മര്‍ദ്ദത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനും മന:ശാസ്ത്ര ചികിത്സയിലൂടെ സാധിക്കും.

എഴുതിയത്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone counselling also available from 10am to 2pm

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ