പല്ല് പോകുന്നു, ഉയരത്തില്‍ നിന്ന് വീഴുന്നു; സ്ഥിരം കാണുന്ന 8 പേടിസ്വപ്നങ്ങള്‍...

By Web TeamFirst Published Jun 18, 2019, 10:33 PM IST
Highlights

സാധാരണനിലയില്‍ നമുക്ക് സ്വപ്നങ്ങളെ അങ്ങനെ എളുപ്പത്തില്‍ വ്യാഖ്യാനിക്കാനൊന്നും കഴിയില്ല. എങ്കിലും അധികം ആളുകളും കാണുന്ന ചില സ്വപ്നങ്ങളുണ്ട്. ആവര്‍ത്തിച്ചുവരുന്ന ചില പേടിസ്വപ്നങ്ങള്‍. അത്തരത്തിലുള്ള എട്ട് പേടിസ്വപ്നങ്ങളെ കുറിച്ചും അവയുടെ കാരണങ്ങളെ കുറിച്ചും...

പലരും ഉറക്കത്തില്‍ സ്ഥിരമായി സ്വപ്നങ്ങള്‍ കാണാറുള്ളവരാണ്. ഇതില്‍ തന്നെ പതിവായി ചില സ്വപ്നങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നവരുണ്ട്. അതും പേടിസ്വപ്നങ്ങളാണെങ്കിലോ! നമ്മള്‍ കാണുന്ന സ്വപ്നങ്ങളില്‍ മിക്കതിനും അര്‍ത്ഥങ്ങളുണ്ട് എന്ന കാര്യം അറിയാമല്ലോ, സാധാരണനിലയില്‍ നമുക്ക് സ്വപ്നങ്ങളെ അങ്ങനെ എളുപ്പത്തില്‍ വ്യാഖ്യാനിക്കാനൊന്നും കഴിയില്ല. 

എങ്കിലും അധികം ആളുകളും കാണുന്ന ചില സ്വപ്നങ്ങളുണ്ട്. ആവര്‍ത്തിച്ചുവരുന്ന ചില പേടിസ്വപ്നങ്ങള്‍. അത്തരത്തിലുള്ള എട്ട് പേടിസ്വപ്നങ്ങളെ കുറിച്ചും അവയുടെ കാരണങ്ങളെ കുറിച്ചുമാണ് ചെറിയരീതിയില്‍ വിശദീകരിക്കുന്നത്. 

ഒന്ന്...

ആരെങ്കിലും പിന്തുടരുന്നതായ സ്വപ്നം കാണാറുണ്ടോ? നിങ്ങള്‍ ആരില്‍ നിന്നെങ്കിലും, എവിടെ നിന്നെങ്കിലും ഓടിയൊളിക്കുകയോ, അല്ലെങ്കില്‍ ഓടിയൊളിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ട് എന്നാണത്രേ ഇത് സൂചിപ്പിക്കുന്നത്. ഇത് ഒരാളില്‍ വലിയ രീതിയിലുള്ള ഉത്കണ്ഠയുണ്ടാക്കാന്‍ കാരണമാകും. ഒരുപക്ഷേ സ്വപ്നത്തില്‍ നിങ്ങളെ പിന്തുടരുന്നത് നിങ്ങള്‍ തന്നെയാകാനും മതി. അതായത്, നിങ്ങള്‍ നിങ്ങളുടെ തന്നെ ഏതെങ്കിലും വികാരങ്ങളില്‍ നിന്ന് തന്നെ ഓടിയൊളിക്കുന്ന അവസ്ഥ. 

രണ്ട്...

എവിടെയെങ്കിലും വീണോ, അപകടം പറ്റിയോ പല്ല് ഇളകിപ്പോകുന്ന സ്വ്പനവും ചിലര്‍ ആവര്‍ത്തിച്ച് കാണാറുണ്ട്. 


ഇത് ശരീരത്തെ ചുറ്റിപ്പറ്റി ഒരാള്‍ക്കുള്ള അരക്ഷിതത്വത്തെയാണത്രേ കാണിക്കുന്നത്. ആളുകള്‍ തന്നെ എങ്ങനെ കാണുന്നു, എങ്ങനെ ഉള്‍ക്കൊള്ളുന്നു... എന്നിങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങളാകാം ഇത്. താന്‍ ആകര്‍ഷകമായ രൂപമുള്ളയാളല്ല എന്ന 'കോംപ്ലക്‌സ്', പ്രിയപ്പെട്ടവര്‍ ഒഴിവാക്കുമെന്ന പേടി ഇതെല്ലാമാണ് ഈ സ്വപ്നത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളത്രേ. 

മൂന്ന്...

പരസ്യമായ വസ്ത്രമില്ലാത്ത അവസ്ഥയിലാകുന്നത് സ്വപ്നം കാണാറുണ്ടോ? വളരെയധികം അസ്വസ്ഥതപ്പെടുത്തുന്ന സ്വപ്നമാകാം അത്. പൊതുമധ്യത്തില്‍ താന്‍ വിലയിരുത്തപ്പെടുന്നുണ്ടോയെന്ന പേടിയാണത്രേ ഇത്തരമൊരു സ്വപ്നം ഉണ്ടാക്കുന്നത്. വീണ്ടും വീണ്ടും ഇത് കാണുന്നത്, ആ പേടി നിങ്ങളെ നിരന്തരം അലട്ടുന്നതിനാലാകാം. 

നാല്...

പരീക്ഷയ്ക്ക് പഠിക്കാതെ പോകുന്നതായി കാണുന്ന സ്വപ്നവും ഇക്കൂട്ടത്തില്‍ പെടുന്ന ഒന്ന് തന്നെയാണ്. ഇത് കാണുമ്പോള്‍ സെക്കന്‍ഡുകള്‍ നേരത്തേക്കെങ്കിലും സത്യമാണെന്ന് തോന്നി പേടിച്ചുപോകാറുണ്ടോ? എങ്കില്‍ മറ്റൊന്നും ആലോചിക്കാനില്ല, ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള കഴിവില്ലായ്മ, ആത്മവിശ്വാസപ്രശ്‌നം എന്നിവയാണത്രേ ഇതിന് പിന്നില്‍. അഞ്ചിലൊരാള്‍ കാണുന്ന- എന്ന കണക്കില്‍ അത്രയും സാധാരണമായ ഒരു പേടിസ്വപ്നം കൂടിയാണിത്. 

അഞ്ച്...

പറന്നുപോകുന്നതും എന്നാല്‍ പറക്കുമ്പോള്‍ തടസമനുഭവപ്പെടുകയും ചെയ്യുന്നതായി സ്വപ്നം കാണാറുണ്ടോ? ഇതും ജീവിതത്തിലെ തടസങ്ങളെയാണത്രേ സൂചിപ്പിക്കുന്നത്. അതായത്, അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ അനുവദിക്കാതെ നിങ്ങളെ ആരോ തടയുന്നു. 


ആവര്‍ത്തിച്ച് ഈ സ്വപ്നം കാണുന്നവര്‍ക്ക് ഉയരങ്ങളിലെത്തുന്നതിന് നിരന്തരം തടസങ്ങളുണ്ടായേക്കാം. 

ആറ്...

ഉയരങ്ങളില്‍ നിന്ന് താഴേക്ക് വീഴുന്നതായി സ്വപ്നം കാണാറുണ്ടെന്ന് പലരും പറയാറുണ്ട്. നിലവിലുള്ള ഒരു ജീവിതസാഹചര്യത്തെ സംബന്ധിച്ചുള്ള അരക്ഷിതാവസ്ഥയും ഉത്കണ്ഠയുമാണത്രേ ഈ സ്വപ്നത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 

ഏഴ്...

ഓടിക്കുന്ന വാഹനം നിയന്ത്രണം വിട്ട് പോകുന്നതായും ചിലര്‍ സ്വപ്നം കാണാറുണ്ട്. ഇതും നിലവിലുള്ള ഒരവസ്ഥയെ സൂചിപ്പിക്കുന്നതാണ്. കൃത്യമായ റൂട്ടിലല്ല നിലവില്‍ ജീവിതം പോകുന്നതെന്നും അത് ട്രാക്കിലാക്കണമെന്നും ഉള്ള ചിന്തകളാണത്രേ ഇതിന് പിന്നില്‍.

എട്ട്...

എപ്പോഴും എവിടെയും വൈകിച്ചെല്ലുന്നതായി സ്വപ്നം കാണുന്നവരുണ്ട്. ജീവിതത്തില്‍ വ്യത്യസ്തമായ വഴി തെരഞ്ഞെടുക്കുമ്പോഴുണ്ടാകുന്ന ആശങ്കകളെയും ബുദ്ധിമുട്ടുകളെയുമാണത്രേ ഇത് സൂചിപ്പിക്കുന്നത്. കാര്യങ്ങള്‍ നല്ലരീതിയില്‍ കൃത്യമായി ചെയ്യാന്‍ നിങ്ങള്‍ ശ്രമിക്കുകയും എന്നാല്‍ എല്ലായ്‌പോഴും അത് പരാജയപ്പെടുകയും ചെയ്യുന്നതായും ഇതിന് സൂചനയുണ്ട്.

click me!