Latest Videos

എട്ട് വയസുകാരന് സഹപാഠികളും അധ്യാപികയും ചേര്‍ന്നൊരുക്കിയ സർപ്രൈസ്, ആരുടെയും കണ്ണുനിറയ്ക്കുന്ന പ്രതികരണവും

By Web TeamFirst Published Nov 3, 2023, 7:23 PM IST
Highlights

സാമ്പത്തികമായി അത്ര നല്ല നിലയിലല്ലാത്ത അവന്റെ കുടുംബത്തിന് ജന്മദിന ആഘോഷം നടത്താനുള്ള ശേഷിയുണ്ടായിരുന്നില്ല. എട്ട് വയസുകാരന്‍ ഉള്‍പ്പെടെ നാല് കുട്ടികളെ വളര്‍ത്തേണ്ട ഉത്തരവാദിത്തം അവരുടെ അമ്മയുടെ ചുമലിലായിരുന്നു. 

മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് ജീവിതത്തിന്റെ സൗന്ദര്യം പലപ്പോഴും നമ്മളെ പഠിപ്പിക്കുന്നത്. സ്വന്തം ജീവിതത്തില്‍ വളരെ നിസാരമെന്ന് തോന്നുന്ന കാര്യങ്ങളിലൂടെയാവും അത് സാധ്യമാക്കാനുമാവുക.  ഇത്തരത്തിലൊരു വീഡിയോ ക്ലിപ്പാണ് വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ വൈറലാവുന്നത്.

കൊളംബിയയിലെ എബെജികോയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ എട്ട് വയസുകാരന്‍ എയ്ഞ്ചല്‍ ഡേവിഡിന്റെ ജന്മദിന ആഘോഷമാണ് വീഡിയോയിലുള്ളത്. ഇത്രയും കാലത്തിനിടയില്‍ ഒരിക്കല്‍ പോലും ജന്മദിനം ആഘോഷിക്കാന്‍ അവന് അവസരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. സാമ്പത്തികമായി അത്ര നല്ല നിലയിലല്ലാത്ത അവന്റെ കുടുംബത്തിന് ജന്മദിന ആഘോഷം നടത്താനുള്ള ശേഷിയുണ്ടായിരുന്നില്ല. എട്ട് വയസുകാരന്‍ ഉള്‍പ്പെടെ നാല് കുട്ടികളെ വളര്‍ത്തേണ്ട ഉത്തരവാദിത്തം അവരുടെ അമ്മയുടെ ചുമലിലായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ എയ്ഞ്ചല്‍ ഡേവിഡിന്റെ ടീച്ചര്‍ കേസെസ് സിമെനോ അവന്റെ എട്ടാം ജന്മദിനം വലിയ ആഘോഷമാക്കി മാറ്റണമെന്ന് തീരുമാനിക്കുകയായിരുന്നു. ഒരു സുഹൃത്തിനൊപ്പം ചേര്‍ന്നാണ് അധ്യാപിക ആഘോഷത്തിന് വേണ്ടതെല്ലാം സംഘടിപ്പിച്ചത്. 

അധ്യാപികയുടെ നേതൃത്വത്തില്‍ ക്ലാസിലെ വിദ്യാര്‍ത്ഥികളെല്ലാവരും ചേര്‍ന്ന് എയ്ഞ്ചലിന് വേണ്ടി അവന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ജന്മദിനാഘോഷം സംഘടിപ്പിച്ചു. ക്ലാസിലേക്ക് കയറി വന്ന അവനെ പാട്ടുപാടി ആശംസകള്‍ അറിയിച്ച് ആനയിക്കുന്ന സഹപാഠികളെ കണ്ടപ്പോള്‍ എട്ട് വയസുകാരന്റെ മുഖത്ത് തെളിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നതെന്ന് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. കണ്ണുനിറ‌ഞ്ഞു പോയ അവന്‍ അല്‍പനേരം സ്തബ്ധനായി വാതിലിനടുത്ത് തന്നെ നിന്നു. അധ്യാപിക അകത്തേക്ക് വിളിച്ചപ്പോള്‍ കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് അവനെ ആശ്ലേഷിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. കൊച്ചു കുട്ടികളുടെ മനസിലെ നന്മയും അവര്‍ക്ക് ജീവിതത്തിന്റെ സൗന്ദര്യം പകര്‍ന്നു നല്‍കിയ അധ്യാപികയും അഭിനന്ദനം അര്‍ഹിക്കുന്നതായി കമന്റുകള്‍ പറയുന്നു. 

വീഡിയോ കാണാം...
 


Read also: ദേ ഇവരാണ്, മൊത്തം 1300 ൽ അധികം പേരുണ്ട്; തലസ്ഥാനത്ത് 'കേരളീയം' പൊടിപൊടിക്കുമ്പോൾ നിയന്ത്രിക്കാൻ ഓടിനടക്കുന്നവർ

click me!