'ലിപ്സ്റ്റിക് അണ്ടര്‍ മാസ്‌ക്';ഫാഷന്‍ ലോകത്തെ പുതിയ ചര്‍ച്ച...

By Web TeamFirst Published Jul 3, 2020, 10:46 PM IST
Highlights

കൊറോണക്കാലത്ത് പൊതുവേ ഇടിവ് നേരിട്ട കോസ്‌മെറ്റിക് വിപണിയില്‍ ഏറ്റവും താഴെയാണ് ലിപ്സ്റ്റിക്കിന്റെ സ്ഥാനമത്രേ. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറയുകയും, നിലവിലുള്ള ഉപഭോക്താക്കളുടെ ലിപ്സ്റ്റിക് അഭിരുചി അടിമുടി മാറുകയും ചെയ്തതായി ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ പ്രമുഖര്‍ രേഖപ്പെടുത്തുന്നു

കൊവിഡ് 19ന്റെ വരവോടുകൂടി നമ്മുടെ ജീവിതരീതികളില്‍ വന്ന മാറ്റം അനവധിയാണ്. വസ്ത്രധാരണം മുതല്‍ പൊതുവിടങ്ങളിലെ ഇടപെടല്‍, ജോലി എന്നുതുടങ്ങി ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഉള്‍പ്പെടുന്ന എത്ര മേഖലകളിലാണ് പ്രത്യക്ഷമായിത്തന്നെയുള്ള മാറ്റങ്ങള്‍ വന്നത്. 

ഇക്കൂട്ടത്തില്‍ പക്ഷേ, ഏറ്റവും എടുത്തുപറയാവുന്ന മാറ്റമെന്നത് മാസ്‌ക് എന്ന പുതിയ പതിവ് തന്നെയാണ്. വസ്ത്രത്തിന്റെയല്ല, മറിച്ച് ശരീരത്തിന്റെ തന്നെ ഭാഗമായി മാസ്‌ക് മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. 

വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങണമെങ്കില്‍ മാസ്‌ക് നിര്‍ബന്ധം. വ്യക്തിപരമായ ധാര്‍മ്മിക ഉത്തരവാദിത്തത്തിന് പുറമെ, നിയമപരമായും മാസ്‌ക് നിര്‍ബന്ധമായിട്ടുള്ള സാഹചര്യത്തിലാണ് നമ്മളുള്ളത്. ഈ മാസ്‌ക് ഉപയോഗം പല തരത്തില്‍ ആളുകളില്‍ 'വിരസത' സൃഷ്ടിക്കുന്നതായി പൊതുവില്‍ നിരീക്ഷണമുണ്ട്. 

ഒന്നാമത് ആരും പരസ്പരം മുഖം കാണുന്നില്ല. മറ്റാരും കാണാനില്ലെങ്കില്‍ പിന്നെ മുഖം ഭംഗിയായി സൂക്ഷിക്കേണ്ടത് പോലുമുണ്ടോ എന്ന സംശയവും ഈ അവസ്ഥയില്‍ പലരിലും ഉടലെടുക്കുന്നു. ഇത്തരം ആശങ്കകളൊക്കെ തന്നെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആളുകള്‍ പരസ്യമായി പങ്കുവയ്ക്കുന്നതും വ്യാപകമാണ്. 

 

 

മേക്കപ്പില്‍ വളരെയധികം സന്തോഷം കണ്ടെത്തിയിരുന്ന വലിയൊരു വിഭാഗം സ്ത്രീകളാണ് ഏറെയും ഈ പ്രതിസന്ധി നേരിടുന്നത്. മുഖം എത്ര മിനുക്കിയാലും, കണ്ണുകളെ എത്ര ഭംഗിയായി ഒരുക്കിയെടുത്താലും ലിപ്സ്റ്റിക് ഇല്ലാത്ത മേക്കപ്പ് എന്തിനുകൊള്ളാം എന്നതാണ് പ്രശ്‌നം. മാസ്‌ക് ധരിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യം തഴയപ്പെടുന്നതും ലിപ്സ്റ്റിക് തന്നെ. 

അതുകൊണ്ടുതന്നെ കൊറോണക്കാലത്ത് പൊതുവേ ഇടിവ് നേരിട്ട കോസ്‌മെറ്റിക് വിപണിയില്‍ ഏറ്റവും താഴെയാണ് ലിപ്സ്റ്റിക്കിന്റെ സ്ഥാനമത്രേ. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറയുകയും, നിലവിലുള്ള ഉപഭോക്താക്കളുടെ ലിപ്സ്റ്റിക് അഭിരുചി അടിമുടി മാറുകയും ചെയ്തതായി ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ പ്രമുഖര്‍ രേഖപ്പെടുത്തുന്നു. 

'എത്ര യുദ്ധങ്ങളും ചരിത്രസംഭവങ്ങളും കണ്ടതാണ് ലിപ്സ്റ്റിക്. അത്രയധികം കാലം അത് അതിജീവിച്ചിട്ടുണ്ട്. ഓരോ കാലത്തിനും അനുസരിച്ച് മാറിയും മറിഞ്ഞും ലിപ്സ്റ്റിക് നിലനിന്നു. ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ ഇതിന്റെ ഫോര്‍മുലകളില്‍ ആകെയും വ്യത്യാസം വരുന്ന കാഴ്ചയാണ് വിപണിയില്‍ കാണാനാകുന്നത്. മാസ്‌കുമായി ഒത്തുപോകുന്ന ലിപ്സ്റ്റിക്കുകള്‍ കൂടുതലായി വരും. അവയ്ക്കായിരിക്കും ഇനി മാര്‍ക്കറ്റ്. മറ്റുള്ളവ പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ട്...' പ്രമുഖ കോസ്‌മെറ്റിക് നിര്‍മ്മാതാക്കളായ 'നൈക്ക'യുടെ പ്രതിനിധി പറയുന്നു. 

സാധാരണഗതിയില്‍ ഉപയോഗിക്കപ്പെടാറുള്ള മിക്ക ലിപ്സ്റ്റുകളും മറ്റ് പ്രതലങ്ങളില്‍ തട്ടുമ്പോള്‍ പരക്കുകയോ, ഒട്ടിപ്പിടിക്കുകയോ ചെയ്യുന്നതാണ്. മാസ്‌കിന്റെ വരവോടുകൂടി ഇത്തരം ലിപ്സ്റ്റിക്കുകള്‍ക്ക് ഉപയോഗമില്ലാതായി. പകരം, 'ഡ്രൈ' ആയിരിക്കുന്ന 'മാറ്റേ' ലിപ്സ്റ്റിക്കുകള്‍ക്ക് ഡിമാന്‍ഡ് കൂടിവരികയാണത്രേ. 

 

 

അതുപോലെ തന്നെ കടും നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകള്‍ക്കും ആവശ്യക്കാരില്ലെന്നാണ് മാര്‍ക്കറ്റ് ചൂണ്ടിക്കാണിക്കുന്നത്. മറിച്ച്, 'ന്യൂഡ്' ആയതും, ഇളം നിറങ്ങളിലുള്ളതുമായ ലിപ്സ്റ്റിക്കുകള്‍ ആളുകള്‍ വാങ്ങിക്കുന്നു. 

ഇതിനിടെ ലിപ്റ്റിക്കിനെ 'മിസ്' ചെയ്യുന്ന സ്ത്രീകള്‍ സുതാര്യമായ മാസ്‌കുകള്‍ വാങ്ങി ധരിച്ച്, തങ്ങളുടെ പഴയ മേക്കപ്പ് രീതി തന്നെ തുടരുന്നതായും കാണാം. എന്നാല്‍ സുതാര്യമായ മാസ്‌കുകളുടെ ഉപയോഗം അത്ര വ്യാപകമല്ലെന്നതാണ് സത്യം. എന്തായാലും മാസ്‌കിനകത്തെ ലിപ്സ്റ്റിക്കിന്റെ ഭാവി ഇതുവരെ ഫാഷന്‍ ലോകം കണ്ടതില്‍ നിന്നെല്ലാം വ്യത്യസ്തമായും ഒരുപക്ഷേ പ്രവചനാതീതമായതും ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

Also Read:- ചുണ്ടുകള്‍ക്ക് നിറം വയ്ക്കാൻ ഇവ ഉപയോ​ഗിക്കാം...

click me!