ആകര്‍ഷണീയമായ ചുണ്ടുകൾ ആരാണ് ആ​ഗ്രഹിക്കാത്തത്. ‌ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തി‌ൽ അൽപം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. മങ്ങിയതും വരണ്ടതുമായ ചുണ്ടുകള്‍ അകറ്റി പകരം മൃദുലവും തിളക്കമുള്ളതുമായ ചുണ്ട് സ്വന്തമാക്കാൻ വീട്ടിലുണ്ട് ചില മാർ​ഗങ്ങൾ...

ഒന്ന്...

 പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് എന്ന് പറയുന്നത് ബീറ്റ്‌റൂട്ട് ആണെന്ന് പറയാം. ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടിൽ പുരട്ടുക.  അധരങ്ങൾക്ക് ആകർഷകത്വം കൂടാനും നിറം വർദ്ധിക്കാനും ഇത് സഹായിക്കും.

രണ്ട്...

 ഇരുണ്ട നിറമുള്ള ചുണ്ടുകൾക്ക് വെള്ളരിക്കാ ജ്യൂസ് ഏറ്റവും മികച്ച പരിഹാരമാണ്. വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കും. 

മൂന്ന്...

ഭം​ഗിയുള്ള ചുണ്ടുകൾക്ക് ഏറ്റവും മികച്ചതാണ് ബദാം ഓയിൽ. ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കാം. അധരങ്ങൾക്ക് മൃദുത്വവും മനോഹാരിതയും നിറവും നൽകാൻ ഇത് സഹായിക്കും.

നാല്...

നാരങ്ങാ നീരും തേനും തുല്യ അളവിൽ എടുക്കുക.നാരങ്ങാ നീരിനു ചുണ്ടിലെ അഴുക്കുകൾ കളയാനുള്ള കഴിവുണ്ട്, തേൻ മൃദു ആക്കുകയും ചെയ്യും. ഇവ രണ്ടും ഒന്നിച്ചെടുത്ത് ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാം.

അഞ്ച്...

രാത്രി കിടക്കുന്നതിന് മുമ്പ്  നെയ്യോ വെണ്ണയോ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് മോയിചറൈസേഷന്‍ ലഭിക്കും.