ഫെബ്രുവരി 29: നാല് വർഷത്തിലൊരിക്കൽ വിരുന്നു വരുന്ന 'ലീപ് ഡേ'; അറിയാം ഈ ദിനത്തെ

By Web TeamFirst Published Feb 29, 2020, 12:00 PM IST
Highlights

സാധാരണ വർഷങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ ദിവസമായിരിക്കും. അതായത് ജനുവരി ഒന്നും ഡിസംബർ 31 ഒരേ ദിവസമായിരിക്കും. എന്നാൽ ലീപ് ഇയർ അഥവാ അധിവർഷത്തിൽ ജനുവരിയിൽ വർഷം തുടങ്ങിയ ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ആയിരിക്കും ഡിസംബർ 31 വരുന്നത്.

മുംബൈ: ഇന്ന് 2020 ഫെബ്രുവരി 29 ശനിയാഴ്ച. ഫെബ്രുവരിയിലെ കലണ്ടറിൽ നാല് വർഷത്തിൽ ഒരിക്കൽ മാത്രം വിരുന്നു വരുന്ന അപൂർവ്വ ദിവസമാണിന്ന്. ഫെബ്രുവരിയിൽ 29 ദിവസങ്ങളുള്ള ഇത്തരം വർഷങ്ങൾ അധിവർഷം എന്നാണ് അറിയപ്പെടുന്നത്.

ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളതെങ്കിൽ അധിവർഷത്തിൽ 366 ദിവസങ്ങളാണ് ഉണ്ടാവുക. ലീപ് ഡേ എന്ന് വിളിക്കുന്ന ഈ ദിവസത്തെ അതിമനോഹരമായ ഡൂഡിൽ ഉൾപ്പെടുത്തിയാണ് ​ഗൂ​ഗിൾ ആഘോഷിച്ചിരിക്കുന്നത്. ഇന്ന് ​ഗൂ​ഗിൽ ​ലോ​ഗിൽ ചെയ്യുന്ന എല്ലാവർക്കും ലീപ് ഡേയുടെ ​ഡൂഡിൾ കാണാൻ സാധിക്കും.

ലീപ് ഡേ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒരു വർഷം എന്നാൽ 365 ദിവസം, അഞ്ച് മണിക്കൂർ, 48 മിനിറ്റ്, 46 സെക്കൻഡ് (365.2425 ദിവസം) ആണ്. പക്ഷെ, ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളത്. അതിനാൽ ഇവിടെ അഞ്ച് മണിക്കൂർ ബാക്കിയാണ്. ഈ അഞ്ച് മണിക്കൂർ കൂടി കൂട്ടിച്ചേർത്താണ് നാലാം വർഷം മറ്റൊരു ദിവസം കൂടി ഉൾപ്പെടുത്തുന്നത്. ഈ ദിവസത്തെയാണ് ലീപ് ഡേ എന്നുവിളിക്കുന്നത്.

ഇതിനുമുമ്പ് 2016ലായിരുന്നു ലീപ് ഇയർ വിരുന്നെത്തിയത്. സാധാരണ വർഷങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ ദിവസമായിരിക്കും. അതായത് ജനുവരി ഒന്നും ഡിസംബർ 31 ഒരേ ദിവസമായിരിക്കും. എന്നാൽ ലീപ് ഇയർ അഥവാ അധിവർഷത്തിൽ ജനുവരിയിൽ വർഷം തുടങ്ങിയ ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ആയിരിക്കും ഡിസംബർ 31 വരുന്നത്.

ഒരു ദിവസമെന്നാൽ ഒരു സൂര്യോദയം മുതൽ അടുത്ത ഉദയം വരെയാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇതിന് കൃത്യതയില്ലാത്തതിനാൽ രണ്ട് അർധരാത്രികൾക്കിടയിലുള്ള സമയത്തെ ഒരു ദിവസമായി കണക്കാക്കാനാരംഭിച്ചു. ഒരു ദിവസത്തെ 24 മണിക്കൂർ ആയി വിഭജിച്ചത് മെസപ്പൊട്ടേമിയക്കാരാണ്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുണ്ടാക്കിയതും ഇവർ തന്നെയാണ്. എന്നാൽ, ഫെബ്രുവരി 29 ലീപ് ഡേ അവതരിപ്പിച്ചത് റോമൻക്കാരാണ്.

പ്രധാന സംഭവങ്ങളും പ്രമുഖരുടെ ജനനവും

1876-ലെ ലിറ്റിൽ ബിഗോർൺ യുദ്ധം, 1912-ൽ ടൈറ്റാനിക് മുങ്ങിയത്, 1752-ൽ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ വൈദ്യുതി കണ്ടെത്തിയതെല്ലാം ഫെബ്രുവരി 29 ലെ അധിവർഷത്തിലാണ്. ഒളിമ്പിക് നീന്തൽ താരം കുള്ളിൻ ജോൺസ്, നടൻ അന്റോണിയോ സബാറ്റോ ജൂനിയർ, റാപ്പർ ജാ റൂൾ, കവി റാപ്പർ സൗൾ വില്യംസ്, ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായ്, നർത്തികയും സംഗീത വിദുഷിയുമായ രുഗ്മിണി ദേവി അരുണ്ഡേൽ, റോപ്പ് പോൾ മൂന്നാമൻ, ഇംഗ്ലീഷ് കവി ജോൺ ബൈറോം, അമേരിക്കൻ ഗായികയും നടിയുമായ ദിന ഷോർ, ബ്രിട്ടീഷ് എഴുത്തുകാരനും ചിത്രകാരനുമായ ജീൻ ആഡംസൺ തുടങ്ങിയ പ്രമുഖർ ജനിച്ചതും ഫെബ്രുവരി 29നാണ്.

ജനിച്ചതും മരിച്ചതും ഒരേദിവസം

1869 മുതൽ 1872 വരെ ടാസ്മാനിയയുടെ പ്രധാനമന്ത്രി ആയിരുന്ന സർ ജെയിംസ് മിൽ‌നെ വിൽ‌സൻ ജനിച്ചത് 1812 ലെ ഫെബ്രുവരി 29നും അദ്ദേഹം മരിച്ചത് 1880 ഫെബ്രുവരി 29നുമായിരുന്നു. ഫെബ്രുവരി 29നു ജനിക്കുകയും ഫെബ്രുവരി 29ന് തന്നെ മരിക്കുകയും ചെയ്തെന്ന് റിപ്പോർട്ട് ചെയ്ത ഒരേ ഒരാൾ അദ്ദേഹമാണ്. ലീപ് ഡേയിലെ ഗോൾഡ് സ്റ്റാർ എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്.

ലീപ് ഡേയിലെ ബാച്ചിലേഴ്സ് ഡേ ആഘോഷം

ലീപ് ഡേയ്ക്ക് മറ്റൊരു രസകരമായ പ്രത്യേകത കൂടിയുണ്ട്. ഐറിഷിൽ ലീപ് ഡേ ബാച്ചിലേഴ്സ് ഡേ ആയി ആഘോഷിക്കാറുണ്ട്.  
പരമ്പരാഗതമായി തുടർന്നുവരുന്ന ഐറിഷ് സംസ്കാര പ്രകാരം ഫെബ്രവരി 29ന് സ്ത്രീകൾ പുരുഷൻമാരോട് വിവാഹഭ്യർത്ഥന നടത്തും. പുരുഷൻ ഇത് നിരസിക്കുകയാണെങ്കിൽ സ്ത്രീയ്ക്ക് സിൽക്ക് വസ്ത്രമോ രോമക്കുപ്പായമോ വാങ്ങി കൊടുക്കണം എന്നതാണ് ബാച്ചിലേഴ്സ് ഡേയുടെ രീതി. യുകെയിലെ ചിലഭാ​ഗങ്ങളിലും ലീപ് ഡേയിൽ‌ ബാച്ചിലേഴ്സ് ഡേ ആഘോഷിക്കാറുണ്ട്. ഇവിടങ്ങളിലും സ്ത്രീകൾതന്നെയാണ് വിവാഹാഭ്യർത്ഥന നടത്തുക. പുരുഷൻമാർ അവരുടെ വിവാഹാഭ്യർത്ഥന നിരസിക്കുകയാണെങ്കിൽ ഈസ്റ്റർ ദിനത്തിൽ അവർക്ക് ​ഗ്ലാസ് വാങ്ങിച്ചു കൊടുക്കണം.

ലീപ് ഡേയിലെ പിറന്നാൾ

ലീപ് ഡേയില‍ ജനിക്കുന്നവരുടെ കാര്യം ആലോചിച്ച് നോക്കിയേ. നാല് വർഷത്തിൽ ഒരിക്കൽ മാത്രമാണ് അവർ അവരുടെ യാഥാർത്ഥ ജനനദിനത്തിൽ പിറന്നാൾ ആഘോഷിക്കുന്നത്. ലീപ് ദിനത്തിൽ ജനിച്ചവർ ലീപ്പേഴ്സ്, ലീപ്സ്റ്റേഴ്സ്, ലീപ് ഡേ ബേബിസ് എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ലോകമെമ്പാടും ഏകദേശം 50 ലക്ഷം ജനങ്ങൾ ലീപ് ഡേയിൽ പിറന്നാൾ ആഘോഷിക്കുന്നുണ്ടെന്നാണ് കണക്ക്. ലീപ് ഡേയിൽ ജനിച്ചവർ ഫെബ്രുവരി 28നോ മാർച്ച് ഒന്നിനോ ആണ് സാധാരണയായി പിറന്നാൾ ആഘോഷിക്കാറുള്ളത്.

എന്നാൽ, ഇവരുടെ പ്രായം എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ചിന്തിക്കുന്നുണ്ടാകും? ഇംഗ്ലണ്ട്, വെയിൽ‌സ്, ഹാ‌ങ്കോംഗ് എന്നീ രാജ്യങ്ങളുൾപ്പെടെയുള്ള ഇടങ്ങളിൽ ലീപ് ഇതര വർഷങ്ങളിൽ മാർച്ച് ഒന്നിനാണ് അവരുടെ നിയമപരമായ വയസ് കണക്കാക്കുന്നത്. ചില രാജ്യങ്ങളിൽ മാർച്ച് ഒന്നാണ് അവരുടെ നിയമപരമായ പിറന്നാൾ ദിനം. അതേസമയം, ന്യുസിലൻഡും തായ്‌വാനും ഫെബ്രുവരി 28ആണ് നിയമപരമായുള്ള അവരുടെ പിറന്നാൾ ദിനമായി കണക്കാക്കുന്നത്.


 

click me!