വിവാഹത്തിനിടെയുണ്ടായ വഴക്ക് കാര്യമായി; നാല് പേര്‍ കൊല്ലപ്പെട്ടു

Published : Nov 06, 2022, 10:30 PM IST
വിവാഹത്തിനിടെയുണ്ടായ വഴക്ക് കാര്യമായി; നാല് പേര്‍ കൊല്ലപ്പെട്ടു

Synopsis

അടുത്തിടെ കേരളത്തില്‍ ആലപ്പുഴയില്‍ വിവാഹസദ്യക്കിടെ പപ്പടം കിട്ടിയില്ലെന്ന പേരില്‍ ഒരു വിഭാഗം പേര്‍ വഴക്ക് തുടങ്ങുകയും അത് പിന്നെ കൂട്ടത്തല്ലില്‍ കലാശിക്കുകയും ചെയ്ത സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

നിസാരകാര്യങ്ങള്‍ക്ക് വാക്കേറ്റമുണ്ടായി അത് വലിയ വഴക്കിലേക്കും കയ്യേറ്റത്തിലേക്കും അക്രമത്തിലേക്കുമെല്ലാം വഴിതിരിഞ്ഞ് പോകുന്ന സംഭവങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. പ്രത്യേകിച്ച് ആഘോഷാവസരങ്ങളില്‍ ആളുകള്‍ ഒന്നിച്ചുകൂടുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കൂടുതലും ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. 

വിവാഹാഘോഷങ്ങളിലും ഇങ്ങനെയുള്ള അനിഷ്ടസംഭവങ്ങളുണ്ടാകാറുണ്ട്. അടുത്തിടെ കേരളത്തില്‍ ആലപ്പുഴയില്‍ വിവാഹസദ്യക്കിടെ പപ്പടം കിട്ടിയില്ലെന്ന പേരില്‍ ഒരു വിഭാഗം പേര്‍ വഴക്ക് തുടങ്ങുകയും അത് പിന്നെ കൂട്ടത്തല്ലില്‍ കലാശിക്കുകയും ചെയ്ത സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കാര്യമായ നാശനഷ്ടമാണ് അന്ന് വിവാഹം നടന്ന ഓഡിറ്റോറിയത്തിനുണ്ടായത്. പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ആ സംഭവം വ്യാപകമായ രീതിയില്‍ പ്രചരിക്കപ്പെടുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. 

ഇപ്പോഴിതാ സമാനമായി, ഒരു വിവാഹത്തിനിടെയുണ്ടായ ചെറിയ വഴക്ക് നാല് പേരുടെ കൊലപാതകത്തില്‍ കലാശിച്ചൊരു സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. സംഭവം നടന്നിരിക്കുന്നത് സ്പെയിനിലെ മാഡ്രിഡിലാണ്. 

വിവാഹപ്പാര്‍ട്ടി നടക്കുന്ന റെസ്റ്റോറന്‍റിന് മുന്നില്‍ കൂടി നിന്നിരുന്ന അതിഥികളുടെ ഇടയിലേക്ക് വഴക്കിനെ തുടര്‍ന്ന് ഒരാള്‍ തന്‍റെ കാറിടിച്ച് കയറ്റുകയായിരുന്നു. വിവാഹപ്പാര്‍ട്ടിക്കിടെ വഴക്കുണ്ടാവുകയും ഇതിന് ശേഷം ഇയാള്‍ പോയി വാഹനമെടുത്ത് അതിഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. നാല് പേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നും പൊലീസ് അറിയിക്കുന്നു. എന്നാല്‍ പ്രതിയെ ഇതുവരെ പിടികിട്ടിയിട്ടില്ല. 

അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. എന്താണ് ഇങ്ങനെയൊരു വഴക്കിന് കാരണമായത് എന്നത് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ സന്തോഷപൂര്‍വം അവസാനിക്കേണ്ട വിവാഹപ്പാര്‍ട്ടി കൊലപാതകത്തില്‍ കലാശിച്ചതിന്‍റെ ഞെട്ടലിലാണ് ഏവരും. ഇത്തരത്തില്‍ ആഘോഷപരിപാടികള്‍ക്കിടെ അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍ അത് അക്രമത്തില്‍ ചെന്നവസാനിക്കുന്നുവെന്നത് തീര്‍ച്ചയായും ഖേദകരമായ അവസ്ഥ തന്നെയാണ്. അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങള്‍ പിന്നെയും ആവര്‍ത്തിക്കപ്പെടുക തന്നെയാണ് ചെയ്യുന്നത്. 

വിവാഹപ്പാര്‍ട്ടികളില്‍ ആഘോഷം കൊഴുപ്പിക്കാൻ ചിലപ്പോഴെങ്കിലും ചിലര്‍ ഇങ്ങനെയുള്ള വഴക്കുകളും കയ്യാങ്കളിയും നടത്താറുണ്ട്. എന്നാല്‍ പലപ്പോഴും ഈ രീതിയിലുള്ള ഇടപെടലുകള്‍ അനിയന്ത്രിതമായി മുന്നോട്ടുപോകുന്നതോടെയാണ് രംഗം വഷളാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മദ്യപിച്ച് വിവാഹപ്പാര്‍ട്ടിക്കിടെ വധുവിനെയും വരനെയും വരെ ശല്യപ്പെടുത്തുന്ന പ്രായമായ ഒരാളുടെ വീഡിയോ, അതുപോലെ വിവാഹപ്പാര്‍ട്ടിക്കിടെ ആഘോഷം കൊഴുപ്പിക്കാൻ തീ പടര്‍ത്തി അത് അപകടത്തിലാക്കിയ സംഭവമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

Also Read:- സൗന്ദര്യമത്സരം കഴിഞ്ഞ് കൂട്ടത്തല്ല്; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'