മുഖം 'സെറ്റ്' ആക്കാന്‍ ഇനി ബ്യൂട്ടി പാര്‍ലര്‍ വേണ്ട; ഈ അഞ്ച് കാര്യങ്ങള്‍ നോക്കിയാല്‍ മതി

By Web TeamFirst Published Feb 28, 2019, 11:34 PM IST
Highlights

മുഖത്തിന്റെ തിളക്കത്തിന് എപ്പോഴും തൊലിപ്പുറത്ത് പുരട്ടുന്ന സാധനങ്ങള്‍ മാത്രമാണ് ഉപകാരപ്പെടുകയെന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

മുഖത്ത് കറുത്ത പാടുകള്‍ വീഴുന്നത്, മുഖം വരളുന്നത്, കുരു വരുന്നത്, തിളക്കം മങ്ങുന്നത്... അങ്ങനെ എന്തെല്ലാം പ്രശ്‌നങ്ങളാണ് മുഖത്തെ ചര്‍മ്മം നേരിടുന്നത്. അതിനെല്ലാം കൂടി ഇടയ്ക്ക് ബ്യൂട്ടി പാര്‍ലറിലേക്കൊന്ന് ഓടും. എന്നിട്ടെന്താ, കുറച്ചുദിവസം കഴിയുമ്പോള്‍ വീണ്ടും മുഖം പഴയ പടി തന്നെയാകും. 

മുഖത്തിനായാലും ശരീരത്തിനായാലും എല്ലായ്‌പ്പോഴും ശ്രദ്ധ ആവശ്യമാണ്. ഇടയ്ക്ക് പരിചരിച്ചതുകൊണ്ട് മാത്രം അത് അങ്ങനെ തന്നെ സംരക്ഷിക്കപ്പെടണമെന്നില്ല. എപ്പോഴും പരിചരിക്കണമെങ്കില്‍ അത് വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്ന പൊടിക്കൈകളാകുന്നതല്ലേ നല്ലത്?

അത്തരത്തില്‍ മുഖത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കുന്ന അഞ്ച് മാര്‍ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

മുഖത്ത് ഇടയ്ക്കിടെ അല്‍പം ചന്ദനം അരച്ച് പുരട്ടാം. അല്ലെങ്കില്‍ ചന്ദനം പൊടിച്ചത് തേനിലോ പാലിലോ ചാലിച്ചും പുരട്ടാം. ചന്ദനപ്പൊടിയോടൊപ്പം അല്‍പം മഞ്ഞളും അല്‍പം റോസ് വാട്ടറും ചേര്‍ത്ത് ഫെയ്‌സ് മാസ്‌ക്ക് ആക്കിയും തേക്കാം. 


ഇത് ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ചെയ്യുന്നത് മുഖത്തെ തൊലി മിനുസവും തിളക്കവുമുള്ളതാക്കാന്‍ സഹായിക്കും. അതുപോലെ മുഖക്കുരുവിന്റെ പാടുകള്‍ ക്രമേണ നീക്കാനും ഇത് ഉപകരിക്കും. 

രണ്ട്...

മഞ്ഞളും മുഖത്തെ ചര്‍മ്മത്തെ മനോഹരമാക്കാന്‍ ഏറെ സഹായകമാണ്. മുഖത്തെ തൊലിയില്‍ കെട്ടുകിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും പുതിയ കോശങ്ങള്‍ വച്ച് തൊലിയെ പുതുക്കിയെടുക്കാനും മഞ്ഞളിനാകും. ഇതിലടങ്ങിയിരിക്കുന്ന 'കുര്‍ക്കുമിന്‍' എന്ന പദാര്‍ത്ഥമാണ് ഇതിന് സഹായകമാകുന്നത്. അല്‍പം തൈരില്‍ മഞ്ഞള്‍ ചേര്‍ത്ത് ഫെയ്‌സ് മാസ്‌ക്ക് ആയി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കുക. 

മൂന്ന്...

മുഖത്തിന്റെ തിളക്കത്തിന് എപ്പോഴും തൊലിപ്പുറത്ത് പുരട്ടുന്ന സാധനങ്ങള്‍ മാത്രമാണ് ഉപകാരപ്പെടുകയെന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പറയുമ്പോള്‍ നിര്‍ബന്ധമായും നെല്ലിക്കയുടെ കാര്യം പറയണം. പരമാവധി ദിവസവും എന്ന കണക്കില്‍ തന്നെ നെല്ലിക്ക കഴിക്കാവുന്നതാണ്. 

ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്താന്‍ വളരെയധികം സഹായിക്കും. വിറ്റാമിന്‍- സി, അതുപോലെ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് നെല്ലിക്ക. ഇവയെല്ലാം തൊലിക്ക് ഏറെ ഗുണപ്രദമായ ഘടകങ്ങളുമാണ്. 

നാല്...

ഭക്ഷണത്തിന്റെ കാര്യം തന്നെയാണ് വീണ്ടും പറയുന്നത്. ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ ധാരാളം 'അയേണ്‍' അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. രക്തം ശുദ്ധീകരിക്കാനാണ് ഇത് സഹായിക്കുക. രക്തം ശുദ്ധിയാകുന്നതോടെ തൊലിയും തിളക്കമുള്ളതാകുന്നു. കാരറ്റ്, ബീറ്റ്‌റൂട്ട്, മാതളം എന്നിവയെല്ലാം ചര്‍മ്മത്തിന് ഗുണകരമാകുന്ന ഭക്ഷണങ്ങളാണ്. 

അഞ്ച്...

തൈരും മുഖത്തെ ചര്‍മ്മത്തിന് മാറ്റ് കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് പുറമേ, മുഖത്ത് നേരിട്ട് തേക്കുകയും ആവാം.

മുഖം വരളുന്നത് തടയാനാണ് തൈര് തേക്കുന്നത് ഏറ്റവുമധികം സഹായിക്കുക. കൂടാതെ, മുഖത്തെ നശിച്ചുപോയ കോശങ്ങളെ നീക്കം ചെയ്ത് മുഖം വൃത്തിയാക്കാനും ഇത് ഉപകരിക്കുന്നു.
 

click me!