ലോക്ഡൗണ്‍ കാലത്തെ 'ഈദ്'; ഭംഗിയാക്കാം, വീട്ടിലിരുന്ന് തന്നെ...

By Web TeamFirst Published May 23, 2020, 8:50 PM IST
Highlights

പള്ളികളില്‍ 'ഈദ് ഗാഹ്' ഇല്ല. ഒത്തുകൂടലുകള്‍ക്കും ഈ ലോക്ഡൗണ്‍ കാലത്ത് സാധ്യതകളില്ല. യഥേഷ്ടം 'ഷോപ്പിംഗ്' നടത്താന്‍ ഇറങ്ങുന്നതും ആരോഗ്യകരമല്ല. എങ്കിലും ഈദിന്റെ നിറം കുറയ്ക്കുന്നത് എന്തിന്, വീട്ടില്‍ത്തന്നെ മനോഹരമായി 'ഈദ്' ആഘോഷിക്കാമല്ലോ. ഇതിനായി ചെയ്യാവുന്ന ചില കാര്യങ്ങള്‍

ഭക്തിയുടേയും പ്രാര്‍ത്ഥനകളുടേയും ദാനധര്‍മ്മങ്ങളുടേയും രാപ്പകലുകള്‍ തീര്‍ന്ന് ആഘോഷത്തിന്റെ 'ഈദ്' ഇങ്ങെത്തി. ഇക്കുറി ലോക്ഡൗണ്‍ കാലത്താണ് ഈദ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇഷ്ടമുള്ള വിഭവങ്ങളൊരുക്കിയും, പുത്തന്‍ വസ്ത്രങ്ങളണിഞ്ഞും, പള്ളിയില്‍ ഒത്തുകൂടി 'ഈദ് ഗാഹ്' നടത്തിയും, ബന്ധുവീടുകളില്‍ വിരുന്നുകൂടിയുമെല്ലാമാണ് സാധാരണ 'ഈദ്' ആഘോഷിക്കാറ്. 

എന്നാല്‍ ഇത്തവണ ആഘോഷങ്ങളുടെ ഈ പരമ്പരാഗത ചിട്ടവട്ടങ്ങള്‍ക്കൊക്കെയും മാറ്റം വരികയാണ്. പള്ളികളില്‍ 'ഈദ് ഗാഹ്' ഇല്ല. ഒത്തുകൂടലുകള്‍ക്കും ഈ ലോക്ഡൗണ്‍ കാലത്ത് സാധ്യതകളില്ല. യഥേഷ്ടം 'ഷോപ്പിംഗ്' നടത്താന്‍ ഇറങ്ങുന്നതും ആരോഗ്യകരമല്ല. എങ്കിലും ഈദിന്റെ നിറം കുറയ്ക്കുന്നത് എന്തിന്, വീട്ടില്‍ത്തന്നെ മനോഹരമായി 'ഈദ്' ആഘോഷിക്കാമല്ലോ. ഇതിനായി ചെയ്യാവുന്ന ചില കാര്യങ്ങള്‍.

ഒന്ന്...

കഴിയുന്നത് പോലെ വീട് മനോഹരമായി അലങ്കരിക്കാം. അലങ്കാരവിളക്കുകള്‍ വച്ചും, പുതിയ കാര്‍പെറ്റുകള്‍ വിരിച്ചും, ഫര്‍ണീച്ചറുകള്‍ 'റീ അറേഞ്ച്' ചെയ്തും, പൂക്കള്‍ നിറച്ച പാത്രങ്ങള്‍ മേശകളില്‍ വച്ചുമെല്ലാം സന്തോഷം ക്ഷണിച്ചുവരുത്താം. എല്ലാത്തിനും പശ്ചാത്തലമായി നല്ല പാട്ടുകള്‍ കൂടിയുണ്ടെങ്കില്‍ തകര്‍ത്തു.

രണ്ട്...

വിഭവങ്ങളുടെ മേളം ഒഴിവാക്കിക്കൊണ്ട്, കിട്ടാവുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ട് പെരുന്നാള്‍ ഭക്ഷണം തയ്യാറാക്കാം. ഏറ്റവും വലിയ തൃപ്തി മനസിന്റേതാകട്ടെ. കുട്ടികളോടും ഇത് പറഞ്ഞുമനസിലാക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയണം. 

മൂന്ന്...

വീട്ടിലുള്ളവര്‍ക്ക് ചിട്ടയനുസരിച്ച് ഒരുമിച്ച് പെരുന്നാള്‍ നിസ്‌കാരം നടത്താം. അത് പുതിയ അനുഭവമാകട്ടെ. ഒപ്പം തന്നെ കുടുംബത്തിന്റെ ഐക്യത്തിനും സന്തോഷത്തിനും അത് കാരണമാകട്ടെ.

നാല്...

പുത്തന്‍ വസ്ത്രം വാങ്ങിക്കാന്‍ കഴിയാത്തവര്‍ക്ക്, കയ്യിലുള്ളതില്‍ നിന്ന് ഏറ്റവും പ്രിയപ്പെട്ട വസ്ത്രം ധരിക്കാം. വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നേ നിഷ്ഠയുള്ളൂ എന്ന് മനസിലാക്കാം. ആ ലാളിത്യത്തിന്റെ നിര്‍വൃതി അറിയാന്‍ കൂടി ഈ പെരുന്നാള്‍ പ്രയോജനപ്പെടുത്താം. 

അഞ്ച്...

ബന്ധുവീടുകളിലേക്കുള്ള വിരുന്ന് ഇക്കുറി ഒഴിവാക്കാം. ലോക്ഡൗണ്‍ ഇളവുണ്ടെങ്കില്‍ പോലും അത് വിരുന്നിനായി ഉപയോഗിക്കുന്നത് ഉചിതമല്ലല്ലോ. ബന്ധുക്കളെയും പ്രിയപ്പെട്ടവരേയും വീഡിയോ കോള്‍ ചെയ്ത് സംസാരിക്കാം. അവരുടെ മനസിന്റെ സാന്നിധ്യം അനുഭവിക്കുന്നത് തന്നെ വലിയ സന്തോഷമായി കരുതാം.

Also Read:- ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഞായറാഴ്ച...

click me!