നാരങ്ങ ഉപയോഗിച്ച ശേഷം തൊലി കളയല്ലേ; ഇതാ 5 കിടിലന്‍ 'ഐഡിയ'കള്‍...

By Web TeamFirst Published Nov 12, 2019, 10:00 PM IST
Highlights

ഉപയോഗിച്ച ശേഷം നാരങ്ങയുടെ തൊലി നമ്മളെല്ലാം കളയുകയാണ് പതിവ്, അല്ലേ? എന്നാല്‍ ഇതുവച്ചും ചില കിടിലന്‍ 'ഐഡിയ'കളൊക്കെ ഉണ്ട്. അവ എന്തെന്ന് അറിഞ്ഞാല്‍ പിന്നെ തൊണ്ടിന് വേണ്ടിയും നമ്മള്‍ നാരങ്ങ വാങ്ങിക്കും. അത്തരത്തിലുള്ള അഞ്ച് പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയുന്നത്

മിക്കവാറും എല്ലാ വീടുകളിലും സ്ഥിരമായി വാങ്ങിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ജ്യൂസ് ആക്കി കഴിക്കാനോ, സലാഡുകളില്‍ ചേര്‍ക്കാനോ, ചായയുണ്ടാക്കാനോ, അച്ചാറുണ്ടാക്കാനോ മാത്രമല്ല അസമയത്ത് വയറ്റിനൊരു സുഖമില്ലെന്ന് തോന്നിയാല്‍ സ്വല്‍പം ഉപ്പിട്ട് പിഴിഞ്ഞ് കുടിക്കാന്‍ വരെ നാരങ്ങ വേണം. അങ്ങനെ സകലകലാവല്ലഭന്‍ എന്ന മട്ടിലാണ് നമ്മള്‍ ചെറുനാരങ്ങയെ കാണുന്നതും. 

ഉപയോഗിച്ച ശേഷം നാരങ്ങയുടെ തൊലി നമ്മളെല്ലാം കളയുകയാണ് പതിവ്, അല്ലേ? എന്നാല്‍ ഇതുവച്ചും ചില കിടിലന്‍ 'ഐഡിയ'കളൊക്കെ ഉണ്ട്. അവ എന്തെന്ന് അറിഞ്ഞാല്‍ പിന്നെ തൊണ്ടിന് വേണ്ടിയും നമ്മള്‍ നാരങ്ങ വാങ്ങിക്കും. അത്തരത്തിലുള്ള അഞ്ച് പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

നാരങ്ങയുടെ തൊലി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം, ഉണക്കണം. എന്നിട്ട് പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി, കേക്കോ പുഡ്ഡിംഗോ ഒക്കെയുണ്ടാക്കുമ്പോള്‍ ഫ്‌ളേവറിനായി ഉപയോഗിക്കാവുന്നതാണ്. 

 


കേക്കിലും പുഡ്ഡിംഗിലും മാത്രമല്ല, നമുക്ക് ഇഷ്ടപ്പെടുന്ന വിഭവങ്ങളിലേതിലും നാരങ്ങയുടെ മണം ആവശ്യമാണെന്ന് തോന്നിയാല്‍ ഇത് ചേര്‍ക്കാവുന്നതാണ്. 

രണ്ട്...

നാരങ്ങാത്തൊലി കൊണ്ട് നല്ല ഉഗ്രന്‍ 'സ്വീറ്റ്' ഉണ്ടാക്കാമെന്ന് അറിയാമോ? സംഗതി വളരെ സിമ്പിളാണ്. നാരങ്ങയുടെ തൊലി സ്വല്‍പം കനത്തില്‍ തന്നെ നീളത്തില്‍ അരിഞ്ഞെടുക്കുക. എന്നിട്ടിത് നന്നായി തിളപ്പിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക. ഇതുതന്നെ രണ്ടുമൂന്നുവട്ടം ചെയ്യണം. അടുത്ത ഘട്ടം പഞ്ചസാര കൊണ്ട് സിറപ്പുണ്ടാക്കലാണ്. സിറപ്പ് കട്ടിപിടിച്ച് വരുന്ന സമയത്ത് നാരങ്ങാത്തൊണ്ട് മുറിച്ചത് ഇതിലേക്ക് ചേര്‍ക്കാം. സിറപ്പും നാരങ്ങാത്തൊണ്ടും നന്നായി ചേര്‍ന്നുകഴിഞ്ഞാല്‍ തീ കെടുത്തിയ ശേഷം ഇത് ആറിക്കാന്‍ വയ്ക്കാം. വായു കയറാത്ത പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ വച്ചാല്‍ ദിവസങ്ങളോളം ഉപയോഗിക്കാം. 

മൂന്ന്...

പലരും എപ്പോഴും പരാതിപ്പെടുന്ന കാര്യമാണ്, ഫ്രഡിജിനകത്തെ ദുര്‍ഗന്ധം. ഇത് പരിഹരിക്കാന്‍ നാരങ്ങാത്തൊലി കൊണ്ട് കഴിയും. നാരങ്ങയുടെ പള്‍പ്പ് മുഴുവനായി നീക്കം ചെയ്ത ശേഷം അല്‍പം ഉപ്പ് ഇതിന്റെ തൊലിയില്‍ തടവുക. എന്നിട്ട് ഫ്രിഡ്ജിലെ ഏതെങ്കിലുമൊരു വശത്ത് വെറുതെ വച്ചാല്‍ മതി, ദുര്‍ഗന്ധം പോയിക്കിട്ടും. 

നാല്...

അടുക്കളയില്‍ പാചകം കഴിയുമ്പോള്‍, പലപ്പോഴും കൈവിരലുകളില്‍ എന്തെങ്കിലും മണം പിടിച്ചിരിക്കാറുണ്ട്. 

 

 

ഉള്ളിയുടേയോ, വെളുത്തുള്ളിയുടേയോ ഒക്കെ. എത്ര കഴുകിയാലും ഈ മണം പോകുന്നില്ലെന്നും തോന്നാറുണ്ട് അല്ലേ? പിഴിഞ്ഞുകഴിഞ്ഞ നാരങ്ങ കൊണ്ട് കൈവിരലുകളിലും നഖങ്ങളിലുമെല്ലാം നല്ലവണ്ണം അമര്‍ത്തിയൊരു മസാജ് പിടിപ്പിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.

അഞ്ച്...

നാരങ്ങാത്തൊണ്ട് കൊണ്ട് കിടിലനൊരു ഫെയ്‌സ് പാക്കായാലോ? മുഖത്തെ നശിച്ചുപോയ കോശങ്ങളെ നീക്കം ചെയ്യാനും മുഖം തിളക്കമുള്ളതാക്കാനുമെല്ലാം ചെറുനാരങ്ങയുടെ തൊലിക്കാകും. ഇതിന് ആദ്യം സൂചിപ്പിച്ചത് പോലെ, നാരങ്ങാത്തൊലി ഉണക്കി പൊടിച്ച് സൂക്ഷിക്കാം. എന്നിട്ട് അല്‍പാല്‍പമായി എടുത്ത് റോസ് വാട്ടര്‍ ചേര്‍ത്ത് പാക്ക് ആക്കി മുഖത്ത് പുരട്ടാം.

click me!