ചര്‍മ്മവും തലമുടിയും തിളങ്ങാന്‍ ഒരു സ്പൂൺ നെയ്യ് മാത്രം മതി !

By Web TeamFirst Published Aug 17, 2020, 8:00 PM IST
Highlights

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നത് മുതൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വരെ നെയ്യ് സഹായിക്കും. വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന നെയ്യ് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം ഗുണം ചെയ്യും. 

ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് നെയ്യ്.  ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം ഉയർന്ന അളവിൽ നെയ്യിൽ അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നത് മുതൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വരെ നെയ്യ് സഹായിക്കും. വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന നെയ്യ് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം ഗുണം ചെയ്യും. 

ചര്‍മ്മ സംരക്ഷണത്തിനായി വിവിധരീതിയിൽ നെയ്യ് ഉപയോഗിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വരണ്ടുണങ്ങിയ ചുണ്ടുകൾക്ക് മികച്ചതാണ് നെയ്യ്. ചുണ്ടുകൾക്ക് ഭംഗി കൂട്ടാന്‍  എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഒരല്പം നെയ്യ് എടുത്ത് ചുണ്ടുകളിൽ പുരട്ടി ചെറുതായി മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്. ഇത് പതിവായി ചെയ്യുന്നത് നിങ്ങളുടെ ചുണ്ടുകളുടെ വരൾച്ച മാറാനും ചുണ്ടുകൾ കൂടുതൽ മനോഹരമാകാനും സഹായിക്കും. 

രണ്ട്...

ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും നെയ്യ് ഉപയോഗിക്കുന്നത് നല്ലതാണ്. വിറ്റാമിന് ഇ ധാരാളം അടങ്ങിയിരിക്കുന്ന നെയ്യ് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ സുന്ദരമാക്കാൻ സഹായിക്കും. വെളിച്ചെണ്ണയിൽ ഒന്നോ രണ്ടോ സ്പൂൺ നെയ്യ് ചേർത്ത് മിശ്രിതമാക്കി ശരീരത്തിൽ നന്നായി മസാജ് ചെയ്യാം.  15 മിനിറ്റിന് ശേഷം ചെറു ചൂട് വെള്ളത്തിൽ കുളിക്കാം. വരണ്ട ചർമ്മമുള്ളവർക്കും ഇത് ഒന്നാന്തരം പരിഹാരമാണ് .

മൂന്ന്...

വിണ്ടുകീറിയ പാദങ്ങളാണ് പലരുടെയും പ്രശ്നം. ഇതിനുള്ള പരിഹാരം കൂടിയാണ് നെയ്യിന്‍റെ ഉപയോഗം. ഉറങ്ങുന്നതിന് മുന്‍പ് പാദങ്ങളില്‍ നെയ്യ് പുരട്ടാം. 

നാല്...

നെയ്യിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ തലമുടി മൃദുലമാകാൻ സഹായിക്കും. ഓരോ മുടിയിഴകളിലും നെയ്യ് നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം. ഇത് തലമുടിക്ക് കൂടുതൽ തിളക്കം ലഭിക്കാന്‍ സഹായിക്കും. 

അഞ്ച്...

മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മ്മത്തിന് കേടുവരുത്തുമെന്ന് എല്ലാവര്‍ക്കും അറിയാലോ. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് തന്നെ മേക്കപ്പ് പൂര്‍ണമായും മാറ്റണം. മുഖത്തെ മേക്കപ്പ് മാറ്റാനും നെയ്യ് ഉപയോഗിക്കാം. നെയ്യും വിറ്റാമിന്‍ ഇ ഓയിലും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം.

Also Read: ചര്‍മ്മത്തിനും തലമുടിക്കും ബദാം ഓയില്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

click me!