'കഴിച്ചില്ലെങ്കില്‍ കോക്കാച്ചി വരും'; കുഞ്ഞുങ്ങളോട് പറയരുതാത്ത ചിലത്...

By Web TeamFirst Published Aug 17, 2020, 2:23 PM IST
Highlights

മിക്കപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ എന്തെങ്കിലും സൂത്രപ്പണികള്‍ കാണിച്ച് കുട്ടികളെ കഴിപ്പിക്കാനായിരിക്കും മുതിര്‍ന്നവരുടെ ശ്രമം. ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാര്‍ഗമാണ് കുഞ്ഞിന് പേടിയുള്ള എന്തിനെയെങ്കിലും കുറിച്ച് പറയുന്നത്

ചെറിയ കുട്ടികളുള്ള വീടുകളില്‍ മിക്കവാറും ഏറ്റവുമധികം ബഹളമുണ്ടാകുന്നത് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്കാണ്. സമയത്തിന് ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ മടി കാണിക്കുന്നതും, പിടിച്ചിരുത്തി കഴിപ്പിച്ചാല്‍ പോലും പെട്ടെന്ന് മതിയാക്കുന്നതുമെല്ലാം മാതാപിതാക്കളെ സംബന്ധിച്ച് ദേഷ്യം വരാനുള്ള സന്ദര്‍ഭങ്ങളുണ്ടാക്കും. 

മിക്കപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ എന്തെങ്കിലും സൂത്രപ്പണികള്‍ കാണിച്ച് കുട്ടികളെ കഴിപ്പിക്കാനായിരിക്കും മുതിര്‍ന്നവരുടെ ശ്രമം. ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാര്‍ഗമാണ് കുഞ്ഞിന് പേടിയുള്ള എന്തിനെയെങ്കിലും കുറിച്ച് പറയുന്നത്. 

ഭക്ഷണം കഴിച്ചില്ലെങ്കില്‍ 'കോക്കാച്ചി' വരും, ഭൂതം വരും എന്നുതുടങ്ങി കുഞ്ഞിന് അല്‍പമെങ്കിലും ഭയം നിലനില്‍ക്കുന്നത് എന്തിനെ ചൊല്ലിയാണോ ആ ഭയം മൂര്‍ച്ചപ്പെടുത്തിക്കൊണ്ടായിരിക്കും തുടര്‍ന്നുള്ള കഴിപ്പിക്കല്‍. ഇത് ഒട്ടും ആരോഗ്യകരമായ പ്രവണതയല്ലെന്നാണ് കുട്ടികളുടെ മനശാസ്ത്രത്തില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഭയത്തില്‍ നിന്നുകൊണ്ടുള്ള ഭക്ഷണം കഴിക്കല്‍ കുഞ്ഞിന് ഒട്ടുമേ നല്ലതല്ലെന്നും മാത്രമല്ല, ഭാവിയിലും ഈ ഭയത്തിന്റെ ശകലങ്ങള്‍ കുഞ്ഞിനെ പരോക്ഷമായി ബാധിക്കുമെന്നും വിദഗ്ധര്‍ വാദിക്കുന്നു. അതുപോലെ തന്നെ, കുഞ്ഞിന്റെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ നശിപ്പിക്കുമെന്നോ, ദൂരെ കളയുമെന്നോ, മറ്റാര്‍ക്കെങ്കിലും കൊടുക്കുമെന്നോ എല്ലാം ഭീഷണിപ്പെടുത്തിക്കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്നതും നല്ലതല്ലെന്ന് ഇവര്‍ പറയുന്നു. ഇത് കുട്ടികളില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

കുഞ്ഞ് എപ്പോഴും കൊണ്ടുനടക്കുന്ന പാവയെ അടിച്ച്, അതിന്മേല്‍ കുഞ്ഞിനെ ഭീഷണിപ്പെടുത്തി കഴിപ്പിക്കുന്നതെല്ലാം വീടുകളില്‍ സര്‍വസാധാരണമായി കാണുന്ന രീതികളാണ്. ഇത്തരം രീതികള്‍ കുഞ്ഞില്‍ വൈരാഗ്യബുദ്ധിയുടെ വിത്ത് പാകാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നുണ്ടെങ്കില്‍ രസകരമായ കളികളിലൂടെയും കഥകളിലൂടെയുമെല്ലാം അവരെ കഴിപ്പിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ആകര്‍ഷകമായ രീതിയില്‍ ഭക്ഷണം തയ്യാറാക്കി, വിളമ്പി- അങ്ങനെയും കുട്ടികളെ ഭക്ഷണത്തോട് അടുപ്പിക്കാം. മറിച്ച് ഭയമോ, ഭീഷണിയോ വച്ച് കുട്ടികളെ ഭക്ഷണം കഴിപ്പിക്കരുത്- വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Also Read:- കുട്ടികളെ വളർത്തുമ്പോൾ 'സ്ട്രെസ്' അനുഭവപ്പെടുന്നുണ്ടോ? സൈക്കോളജിസ്റ്റ് എഴുതുന്നു...

click me!