
പൊതുവിടങ്ങളില്‍ നാം പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഇത് നോട്ടത്തില്‍ മുതല്‍ സംസാരം, പെരുമാറ്റം എന്നിങ്ങനെയുള്ള ഇടപെടലുകളിലെല്ലാം ഈ മര്യാദ പാലിക്കേണ്ടത് ധാര്‍മ്മികവും നിയമപരവുമായ ബാധ്യതയാണ്. എന്നാല്‍ പലരും ഈ മര്യാദകള്‍ പാലിക്കാറില്ലെന്നതാണ് സത്യം.
ഇത്തരത്തിലുള്ള ധാരാളം വാര്‍ത്തകളാണ് അടുത്തകാലത്തായി പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ വിമാനത്തിനകത്ത് വച്ച് എയര്‍ലൈൻസിന്‍റെ ജീവനക്കാരിയോട് അപരമര്യാദയായി പെരുമാറിയതിന് പിന്നാലെ യാത്രക്കാരനെതിരെ നടപടിയുണ്ടായിരിക്കുന്നു എന്നതാണ് ഈ ശ്രേണിയില്‍ ഏറ്റവുമൊടുവില്‍ വന്നിരിക്കുന്ന വാര്‍ത്ത.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെയാണ് വാര്‍ത്തകളില്‍ ഇത് ഇടം നേടിയത്. വിമാനത്തിനകത്ത് വച്ച് മോശം പെരുമാറ്റം നടത്തിയതിന്‍റെ പേരില്‍ അടുത്തിടെയായി നടപടി നേരിട്ടവര്‍ ഏറെയാണ്. ഈ പ്രവണത എന്നിട്ടും തുടരുക തന്നെയാണെന്നാണ് പുതിയ സംഭവവും വ്യക്തമാക്കുന്നത്.
സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് വച്ചാണ് യാത്രക്കാരൻ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവമുണ്ടായിരിക്കുന്നത്. വിമാനത്തിനകത്ത് വച്ച് യാത്രക്കാരൻ ജീവനക്കാരിയെ മോശമായി സ്പര്‍ശിച്ചു എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇത് ചോദ്യം ചെയ്തതോടെ വിമാനത്തിനകത്തെ സ്ഥലമില്ലായ്മാണ് ഇതിന് കാരണമായതെന്നാണ് യാത്രക്കാരൻ വിശദീകരിച്ചത്. ഇദ്ദേഹത്തിന് പിന്തുണയുമായി കൂടെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും സംസാരിച്ചു.
തുടര്‍ന്ന് ഇത് വാക്കേറ്റമാവുകയായിരുന്നു. ഇതിന്‍റെ വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്. വാക്കേറ്റമുണ്ടായതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്ന് രണ്ട് യാത്രക്കാരെയും വിമാനത്തിന് പുറത്താക്കുകയും എയര്‍പോര്‍ട്ടില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. പിന്നീട് സംഭവത്തില്‍ മാപ്പ് പറയുന്നതായി ഒരു കത്ത് യാത്രക്കാരനില്‍ നിന്ന് എഴുതി വാങ്ങിയെന്നും എയര്‍ലൈൻസ് അറിയിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിമാനത്തിനകത്ത് വച്ച് സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചുവെന്ന കേസില്‍ ശങ്കര്‍ മിശ്ര എന്നയാള്‍ക്കെതിരെ കേസ് വന്നിരുന്നു. ഇതുണ്ടാക്കിയ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഈ സംഭവത്തിന് മുമ്പും ശേഷവുമായി വിമാനത്തിനകത്തെ മോശമായ പെരുമാറ്റം എന്ന പേരില്‍ പല വീഡിയോകളും പുറത്തുവന്നിരുന്നു. നേരത്തേ ഒരു വ്ളോഗര്‍ വിമാനത്തിനകത്ത് പുകവലിച്ചതും, യാത്രക്കാരനായ യുവാവ് ഷര്‍ട്ടഴിച്ച് സഹയാത്രികനെ തല്ലിയതുമെല്ലാം വീഡിയോ ആയി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇത്രയും ചര്‍ച്ചകള്‍ക്ക് ശേഷവും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് വലിയ നാണക്കേടായി തന്നെ കാണണമെന്നാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയ്ക്ക് താഴെയും നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം...
Also Read:- വിമാനത്തിനകത്ത് ഷര്‍ട്ടഴിച്ച് യുവാവിന്‍റെ അടി; വീഡിയോ വൈറലാകുന്നു...