ഇത് മന്ത്രവാദികളുടെ കേരളം; 40 ദിവസത്തിനുള്ളിൽ പൊലിഞ്ഞത് നാല് ജീവൻ!

By Web TeamFirst Published May 15, 2019, 4:02 PM IST
Highlights

അറിഞ്ഞോ അറിയാതെയോ മന്ത്രവാദത്തിന് മനസ് കൊടുത്ത്, ജീവിതം അതില്‍ ബലി കഴിപ്പിക്കുന്നവരും കൂടെയുള്ളവരുടെ ജീവന്‍ ബലി കൊടുക്കുന്നവരും നിരവധിയാണ് നമ്മുടെ സമൂഹത്തിലുള്ളത്. പുറത്തറിയുന്ന കഥകളെക്കാള്‍ എത്രയോ ഇരുണ്ടതായിരിക്കും പുറത്തറിയാത്തവ!

വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും മറ്റ് ജീവിതസാഹചര്യങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തോടും മത്സരിക്കാനുള്ള പ്രാപ്തിയും ശക്തിയും ഇന്ന് കേരളത്തിനുണ്ട്. അതുകൊണ്ടാണ് നമ്മളോളം പുരോഗമിക്കാത്ത വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന 'പ്രാകൃത'മായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം നമുക്ക് പലപ്പോഴും അതിശയമായി തോന്നാറ്. 

ജാതിയുടേയും സമുദായത്തിന്റെയും ആചാരങ്ങളുടെയും ലിംഗഭേദത്തിന്റെയും പേരില്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഓരോ സംഭവങ്ങളും മലയാളിക്ക് അത്ഭുതം തന്നെയാണ്. 'ഇങ്ങനെയെല്ലാം സംഭവിക്കുമോ ഈ ലോകത്തില്‍... ' എന്ന് മൂക്കത്ത് വിരല്‍ വച്ച് ചോദിക്കുമ്പോള്‍ പക്ഷേ നമ്മള്‍, നമ്മുടെ തൊട്ടടുത്ത് നടക്കുന്ന ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവങ്ങളെ കാണാതെ പോവുകയാണ്. അല്ലെങ്കില്‍ അത് തുറന്ന് ചര്‍ച്ച ചെയ്യാന്‍ മടിക്കുകയാണ്. 

മൂന്ന് സംഭവങ്ങളെക്കുറിച്ചാണ് പറയാനുള്ളത്. കേരളത്തില്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെയുണ്ടായ നാല് മരണങ്ങള്‍! അവയ്ക്ക് പിന്നിലെ അമ്പരപ്പിക്കുന്ന 'കറുത്ത' കഥകള്‍...

'അവര്‍ അവളെ പട്ടിണിക്കിട്ട് കൊന്നു...'

ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെയാണ് കേരളം ഞെട്ടലോടെ ആ വാര്‍ത്ത കേട്ടത്. ഭര്‍ത്താവും ഭര്‍തൃമാതാവും കൂടി പട്ടിണിക്കിട്ടും പീഡിപ്പിച്ചും ഇരുപത്തിയേഴ് വയസ് മാത്രമുള്ള തുഷാര എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തി. പിന്നീടാണ് സംഭവത്തിന്റെ ഓരോ വിശദാംശങ്ങളും പുറത്തുവന്നത്. 

കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഭര്‍തൃവീട്ടില്‍ വച്ചാണ് തുഷാര മരിക്കുന്നത്. ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ച് മരിക്കുമ്പോള്‍ കേവലം 20 കിലോഗ്രാം മാത്രമായിരുന്നു തുഷാരയുടെ ശരീരഭാരം. വിശക്കുമ്പോള്‍ കഴിക്കാന്‍ പഞ്ചസാരവെള്ളവും കുതിര്‍ത്തിയ അരിയും നല്‍കിയും, ശബ്ദമുണ്ടാക്കുമ്പോള്‍ അടിച്ചും ചവിട്ടിയും ഒതുക്കിക്കിടത്തിയുമെല്ലാം വര്‍ഷങ്ങളോളം ഭര്‍തൃവീട്ടുകാര്‍ തുഷാരയെ വീട്ടിനുള്ളില്‍ തളച്ചു. 

സ്ത്രീധനത്തെച്ചൊല്ലിയായിരുന്നു ആദ്യമെല്ലാം പീഡനമെങ്കിലും പിന്നീടത് മന്ത്രവാദത്തിന്റെ പേരില്‍ തുടരുകയായിരുന്നു. ഏതോ മന്ത്രവാദിയുടെ വാക്കുകള്‍ക്കനുസരിച്ചായിരുന്നത്രേ ആ കുടുംബത്തിന്റെ ജീവിതം. മനസാക്ഷിയുള്ള ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത ക്രൂരത തുഷാരയോട് ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതും മന്ത്രവാദം തന്നെയായിരുന്നു. മറ്റുള്ളവരില്‍ നിന്നെല്ലാം ഒറ്റപ്പെട്ട് ജീവിക്കുന്ന കുടുംബത്തില്‍ പല തരത്തിലുള്ള ദുരൂഹതകളും ഉണ്ടായിരുന്നതായും അതിനെയെല്ലാം എതിര്‍ക്കാന്‍ തങ്ങള്‍ക്ക് ഭയമായിരുന്നുവെന്നുമാണ് അയല്‍ക്കാര്‍ പറഞ്ഞത്. 

'അറിഞ്ഞില്ല... അറിഞ്ഞപ്പോഴേക്ക് വൈകിപ്പോയി...'

തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ എട്ടുവയസ്സുകാരന്‍ പേവിഷ ബാധയെത്തുടര്‍ന്ന് മരണപ്പെടുന്നു. കുട്ടിയുടെ മരണശേഷം പുറത്തുവന്ന വാര്‍ത്ത ആരെയും സങ്കടപ്പെടുത്തുന്നതായിരുന്നു. 

മരണത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് അവനെ അവശനിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയിരുന്നു. എന്താണ് കുട്ടിക്ക് സംഭവിച്ചതെന്ന് വ്യക്തമാകാതിരുന്ന വീട്ടുകാര്‍ കുട്ടിയേയും കൊണ്ട് നേരെ പോയത് നൂല്‍ ജപിച്ച് കെട്ടിത്തരുന്നയാളുടെ അടുത്തേക്കായിരുന്നു. അങ്ങനെ അവിടെ നിന്ന് ജപിച്ച നൂലും കെട്ടി അവര്‍ വീട്ടിലേക്ക് തിരിച്ചുപോന്നു. 

എന്നാല്‍ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായി. ഇക്കുറി മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയെങ്കിലും പനിക്കുള്ള മരുന്ന് നല്‍കി അവിടെനിന്നും അവരെ പറഞ്ഞുവിട്ടു. എന്നാല്‍ രാത്രിയോടെ കുട്ടിയുടെ നില വഷളായി. അന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പേവിഷ ബാധയാണെന്ന് സംശയം പ്രകടിപ്പിച്ച ഡോക്ടര്‍ അവനെ ചികിത്സയ്ക്ക് സൗകര്യമുള്ള വലിയ ആശുപത്രിയിലേക്ക് മാറ്റാന്‍ കുടുംബത്തോട് നിര്‍ദേശിച്ചു. വാഹനസൗകര്യം ലഭ്യമാകാഞ്ഞതിനാല്‍ അവര്‍ അവനെയും കൊണ്ട് തിരിച്ച് വീട്ടിലേക്ക് തന്നെ പോന്നു. പുലര്‍ച്ചയോടെ അവന്‍ മരണത്തിന് കീഴടങ്ങി. 

മരണത്തിലേക്ക് അവരെ രണ്ടുപേരെയും തള്ളിക്കയറ്റിയത് പോലെ...

നെയ്യാറ്റിന്‍കരയില്‍ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തീരുമാനമായതിനെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. ആദ്യമെല്ലാം ബാങ്കിനെതിരെയായിരുന്നു എല്ലാ വിരലുകളും ചൂണ്ടപ്പെട്ടത്. എന്നാല്‍ ഒരേയൊരു ദിവസം കൊണ്ട് കഥയാകെ മാറി. 

മരിച്ച വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പാണ് വഴിത്തിരിവായത്. ഭര്‍ത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളും കാരണമാണ് താനും മകളും മരിക്കുന്നതെന്നും സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും തന്നെ ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചിരുന്നുവെന്നും അവര്‍ ആ കത്തില്‍ എഴുതിവച്ചിരുന്നു. 

വീടും സ്ഥലവും ജപ്തി ചെയ്യാന്‍ പോകുകയാണെന്ന് കാണിച്ചുള്ള നോട്ടീസ് വന്നിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും ആ നോട്ടീസെടുത്ത് ആല്‍ത്തറയില്‍ കൊണ്ടുപോയി പൂജിക്കലാണ് പതിവെന്നും അവര്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

എന്താണ് ഈ മൂന്ന് സംഭവങ്ങള്‍ പറയാതെ പറയുന്നത്?

കൊല്ലത്ത് പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍ക്കാരുടെയും നാട്ടുകാരുടെയും മൊഴി പ്രകാരം കുടുംബം മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നു. അവര്‍ അതിന് വേണ്ടി പലതും ചെയ്തിരുന്നു. അങ്ങനെ നോക്കുമ്പോള്‍ യുവതിയുടെ മരണം പോലും കൊലപാതകം തന്നെയാണെന്ന് വേണം പറയാന്‍.

എന്നാല്‍ എട്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ പശ്ചാത്തലം വ്യത്യസ്തമാണ്. കുട്ടിയുടെ രോഗശാന്തിക്ക് വേണ്ടിയാണ് കുടുംബം നൂല്‍ ജപിച്ചുകെട്ടുന്നയാളെ സമീപിച്ചത്. ഇവിടെ മനപ്പൂര്‍വ്വമല്ലെങ്കിലും കുട്ടിയുടെ ദാരുണമായ മരണത്തിന് കുടുംബത്തിന്റെ അന്ധവിശ്വാസവും ഒരു കാരണമായി എന്ന് മാത്രം. 

ഏറ്റവുമൊടുവില്‍ വിശദീകരിച്ച നെയ്യാറ്റിന്‍കര ആത്മഹത്യയേയും ഒരുതരത്തില്‍ കൊലപാതകം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും. ആ അമ്മയേയും മകളേയും അവര്‍ മരണത്തിലേക്ക് ഓടിക്കയറ്റുകയായിരുന്നു. ജപ്തിയെന്ന ഭാരിച്ച ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ജപ്തി നോട്ടീസ് പൂജയ്ക്ക് വയ്ക്കുന്ന ഗൃഹനാഥനില്‍ നിന്ന് കൂടുതലൊരു നീതിയും അവര്‍ക്ക് പ്രതീക്ഷിക്കാനില്ലായിരുന്നു. 

അറിഞ്ഞോ അറിയാതെയോ മന്ത്രവാദത്തിന് മനസ് കൊടുത്ത്, ജീവിതം അതില്‍ ബലി കഴിപ്പിക്കുന്നവരും കൂടെയുള്ളവരുടെ ജീവന്‍ ബലി കൊടുക്കുന്നവരും നിരവധിയാണ് നമ്മുടെ സമൂഹത്തിലുള്ളത്. പുറത്തറിയുന്ന കഥകളെക്കാള്‍ എത്രയോ ഇരുണ്ടതായിരിക്കും പുറത്തറിയാത്തവ!

എവിടെയാണ് പിഴവ് പറ്റുന്നത്...?

'ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്ന കാലത്ത് നടന്ന ഒരു സംഭവമാണ് ഓര്‍മ്മ വരുന്നത്. ഒരു സ്‌കൂളില്‍ കൗണ്‍സിലിംഗിനായി പോയതാണ്. അതിനിടെ ചെറിയൊരു കുട്ടി പെട്ടെന്ന് ബോധംകെട്ട് വീണു. അബോധാവസ്ഥയിലും കുട്ടി എന്തെല്ലാമോ പിച്ചും പേയും പറയുന്നുണ്ട്. ഉടനെ അവിടെയുണ്ടായിരുന്ന അധ്യാപകന്‍ ആയയോട് ചൂലെടുത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പിന്നെ ആ ചുലുമായി കുട്ടിയെ അടി തുടങ്ങി. ബാധ കയറിയതാണെന്നും പറഞ്ഞായിരുന്നു അടി'- കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല ഷിബു തന്റെ അനുഭവം പറയുന്നു. 

'ഒരധ്യാപകനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കണം. അതായത് വിദ്യാഭ്യാസമൊന്നും ഇത്തരം പ്രവണതകളെ തടഞ്ഞുവയ്ക്കില്ല. നമ്മള്‍ എങ്ങനെ വളര്‍ന്നു, ജീവിച്ചു എന്നതിന് അനുസരിച്ചാണ് നമ്മുടെ വ്യക്തിത്വം രൂപപ്പെടുന്നത്. മോശം സാഹചര്യങ്ങളില്‍ വളര്‍ന്ന ഒരാളുടെ മാനസികാവസ്ഥയും മോശം തന്നെയായിരിക്കും. അത് അയാള്‍ എത്ര മുന്നോട്ടുപോയാലും മാറണമെന്ന് നിര്‍ബന്ധമില്ല. കൊല്ലത്ത് പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ആ അമ്മായിയമ്മയുടെ ചരിത്രം വരെ അപ്പോള്‍ നമ്മള്‍ പരിശോധിക്കേണ്ടിവരും...

മനുഷ്യരുടെ നിസഹായാവസ്ഥയാണ് പലപ്പോഴും മന്ത്രവാദം പോലെയുള്ള യുക്തിരഹിതമായ സംഗതികളിലേക്ക് അവനെയെത്തിക്കുന്നത്. മനുഷ്യരെ ആരെയും വിശ്വസിക്കാനില്ല- ഇനി സഹായത്തിനാരുമില്ല- എന്നെല്ലാമുള്ള അവസ്ഥയില്‍ അയാള്‍ സ്വന്തം മനസിനുള്ളില്‍ നിന്ന് പഴയ പ്രാകൃതമായ ഓര്‍മ്മകളെ വീണ്ടെടുക്കുകയാണ്. നമ്മള്‍ കരുതുംപോലെയോ അറിയുംപോലെയോ ലളിതമല്ല കാര്യങ്ങള്‍. ഇങ്ങനെയുള്ള വിശ്വാസങ്ങളൊക്കെ അത്രയ്ക്കും ശക്തമായി വേരിറങ്ങിപ്പോയിട്ടുണ്ട്. 

ബോധവത്കരണങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ട്. പക്ഷേ സാമൂഹികമായി പല തരത്തിലുള്ള നിയന്ത്രണങ്ങളാണ്. മതം, ജാതി, സമുദായം, സംസ്‌കാരം ഇങ്ങനെയുള്ള കള്ളികള്‍ക്കൊക്കെ ഉള്ളില്‍ നിന്ന് വേണം ബോധവത്കരിക്കാന്‍! എവിടെ നടക്കാനാണ് ഇതൊക്കെ. എങ്കിലും വളര്‍ന്നുവരുന്ന തലമുറയില്‍ തന്നെയാണ് പ്രതീക്ഷയുള്ളത്. അവരുടെ വ്യക്തിത്വമെങ്കിലും ആരോഗ്യകരമായിരിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ അത് വളരെ പ്രധാനമാണ്. കുടുംബം, മാതാപിതാക്കള്‍, അധ്യാപകര്‍ - എല്ലാം കുട്ടികളെ ആരോഗ്യകരമായ രീതിയില്‍ സ്വാധീനിക്കാനാണ് ശ്രമിക്കേണ്ടത്...'- കല ഷിബു പറയുന്നു. 

തിരുത്താം ചില തെറ്റുകള്‍...

ചെറുപ്പം മുതല്‍ തന്നെയുള്ള ജീവിതപരിസരങ്ങളാണ് ഒരു വ്യക്തിയെ നിര്‍മ്മിക്കുന്നത്. അത് ഏറ്റവും മനോഹരവും തെളിച്ചവുമുള്ളതാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ നിരന്തരം ഇടപെടുന്ന സ്‌കൂള്‍, സമൂഹം, നാട്, സൗഹൃദങ്ങള്‍- ഇങ്ങനെയെല്ലാമുള്ള ചുറ്റുപാടുകളെ കുറിച്ചും, അവയില്‍ നിന്ന് എടുക്കേണ്ടത് ഏത് കളയേണ്ടത് ഏത് എന്നതിനെ കുറിച്ചും അവരോട് കൃത്യമായി ചര്‍ച്ച ചെയ്യണം. വളര്‍ന്നുവരുന്ന പുതിയ തലമുറകളെങ്കിലും 'കറുത്ത കഥകള്‍' അറിയാതെ സന്തോഷത്തോടും ആരോഗ്യകരമായ ശരീരത്തോടും മനസ്സോടും കൂടി ജീവിക്കട്ടെ.

click me!