പ്രണയത്തിലാകാന്‍ പേടി തോന്നാറുണ്ടോ? ഇതാ നിങ്ങള്‍ക്കായി നാല് ചോദ്യങ്ങള്‍...

By Web TeamFirst Published May 25, 2019, 9:44 PM IST
Highlights

സുഖകരമായ ജീവിതാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും നല്ലൊരു പ്രണയം ഇല്ലാതെ ജീവിച്ചുപോകുന്നവര്‍ നിരവധിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും അതെപ്പറ്റി ചിന്തിക്കണമെന്നാണ് റിലേഷന്‍ഷിപ്പ് വിദ്ഗധര്‍ പറയുന്നത്
 

ധാരാളം സുഹൃത്തുക്കള്‍, ഭേദപ്പെട്ട ജോലി, ഒഴിവുസമയങ്ങള്‍ ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ട സിനിമകള്‍, പുസ്തകങ്ങള്‍, സംഗീതം, യാത്ര- അങ്ങനെ സുഖകരമായ ജീവിതാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും നല്ലൊരു പ്രണയം ഇല്ലാതെ ജീവിച്ചുപോകുന്നവര്‍ നിരവധിയാണ്. 

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും അതെപ്പറ്റി ചിന്തിക്കണമെന്നാണ് റിലേഷന്‍ഷിപ്പ് വിദ്ഗധര്‍ പറയുന്നത്. പ്രണയത്തെക്കുറിച്ച് മനോഹരമായ സങ്കല്‍പങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍ തന്നെ പലര്‍ക്കും അതിലേക്ക് കടക്കാന്‍ കഴിയാത്തത് ഇങ്ങനെയുള്ള സ്വയം വിലയിരുത്തല്‍ നടത്താത്തത് കൊണ്ടാണെന്നും ഇവര്‍ പറയുന്നു. ഇതിന് സഹായകമാകുന്ന നാല് ചോദ്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

പ്രണയത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാതിരിക്കുന്നവര്‍ ആദ്യമായി സ്വയം ചോദിക്കേണ്ടത്, എന്താണ് എന്നെ ഇതില്‍ നിന്ന് വിലക്കുന്ന ഘടകം എന്നാണ്. അത് തിരിച്ചറിയലാണ് ആദ്യഘട്ടം. 


ഒരുപക്ഷേ, മുമ്പുണ്ടായ ഏതെങ്കിലും മോശം അനുഭവമാകാം ഇതിന് വിലങ്ങുതടിയാകുന്നത്, അല്ലെങ്കില്‍ ശരിയാകില്ല ഭാവിയില്‍ പ്രശ്‌നമാകും എന്ന തോന്നല്‍- ഇങ്ങനെ എന്ത് കാരണവുമാകാം. ആദ്യം ആ കാരണം സ്വയം കണ്ടെത്തണം. ചിലപ്പോള്‍ ഒന്നിലധികം കാരണങ്ങളും കാണാം. 

രണ്ട്...

കാരണം കണ്ടെത്തിയാല്‍ പിന്നെ അതിനെ നേരിടണം. മുമ്പുണ്ടായ മോശം അനുഭവങ്ങളില്‍ തന്നെയാണോ ഞാനിപ്പോഴും നില്‍ക്കുന്നത് എന്നോ, ഭാവിയെക്കുറിച്ചുള്ള പേടിയില്‍ കുടുങ്ങിയിരിക്കുകയാണോ എന്നും സ്വയം ചോദിക്കാം. ഏത് കാരണമായാലും അതിന് തക്ക പരിഹാരങ്ങള്‍ കണ്ടെത്തുകയും ആവാം. മോശം അനുഭവങ്ങള്‍ മനസിനെ മുറിവേല്‍പിച്ചിട്ടുണ്ടെങ്കില്‍ അത് മാറാന്‍ അല്‍പം സമയം നല്‍കുക. 


ഭാവിയെക്കുറിച്ചുള്ള പേടിയാണെങ്കില്‍ അത് അസ്ഥാനത്താണെന്ന് സ്വയം ബോധ്യപ്പെടുത്തുക. കാരണം, ഭാവിയെക്കുറിച്ച് അമിതമായി ആശങ്കപ്പെടുമ്പോള്‍ വര്‍ത്തമാനകാലജീവിതം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് പിന്നിട് നഷ്ടബോധമുണ്ടാക്കാനും നിരാശയിലേക്കെത്തിക്കാനും വഴിവച്ചേക്കും. 

മൂന്ന്...

എന്തെങ്കിലും ഭയം ഉള്ളിലുണ്ടോ? - ഈ ചോദ്യവും സ്വയം ചോദിക്കണം. കാരണം, ചിലരില്‍ 'കമ്മിറ്റ്‌മെന്റ് ഫോബിയ' പോലുള്ള പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അതായത് ബന്ധം നല്‍കുന്ന ഒരുതരത്തിലുള്ള ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാനാകില്ലെന്ന ആത്മവിശ്വാസക്കുറവ്. അതല്ലെങ്കില്‍ ആരോടും വിശ്വാസം തോന്നാത്ത പ്രശ്‌നം, അതുമല്ലെങ്കില്‍ 'കോംപ്ലക്‌സ്' പോലുള്ള വിഷങ്ങള്‍. 


മറ്റെന്ത് തരം മാനസിക വിഷമതകളുമാകാം നിങ്ങളെ പ്രണയത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. ഇത് സ്വന്തമായി നിരീക്ഷിച്ച് കണ്ടെത്തി, ആരുമായെങ്കിലും ചര്‍ച്ച ചെയ്യാം. മറികടക്കാവുന്ന പ്രശ്‌നങ്ങളാണെങ്കില്‍ മറികടക്കാമല്ലോ!

നാല്...

അവസാനമായി നിങ്ങള്‍ സ്വയം ചോദിക്കേണ്ടത്, നിങ്ങള്‍ക്ക് പ്രണയത്തിലാകാന്‍ താല്‍പര്യമില്ലേ, അതോ ഒറ്റയ്ക്കുള്ള ജീവിതം തന്നെയാണോ ആസ്വദിക്കാനാകുന്നത് എന്നാണ്. അപൂര്‍വ്വം ചിലര്‍ക്കെങ്കിലും ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിക്കാനാകാറുണ്ട്. എങ്കിലും സാധാരണഗതിയില്‍ ഏതെങ്കിലും രീതിയില്‍ മറ്റൊരു വ്യക്തിയെ ആശ്രയിക്കുന്നത് തന്നെയാണ് മനുഷ്യരുടെ പ്രവണത. 


ഏറ്റവും പ്രധാനം സ്വന്തം ഇഷ്ടവും താല്‍പര്യവും തന്നെയാകണം. ഒറ്റയാകാനാണ് താല്‍പര്യമെങ്കില്‍ അത് ഉറപ്പിക്കാം. അല്ല, ഒറ്റയ്ക്കുള്ള ജീവിതം മടുപ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ ആത്മവിശാസത്തോടെ പ്രണയത്തിനായി അന്വേഷണം തുടങ്ങാം.
 

click me!