കനം കുറഞ്ഞ മുടി 'കോംപ്ലക്‌സ്' ഉണ്ടാക്കുന്നോ; പരീക്ഷിക്കാം ചില വഴികള്‍...

By Web TeamFirst Published Aug 1, 2019, 5:14 PM IST
Highlights

ബുദ്ധിപൂര്‍വ്വം തനിക്ക്, അനുയോജിക്കും വിധത്തിലുള്ള ഹെയര്‍ സ്‌റ്റൈല്‍ സ്വീകരിച്ചാല്‍ മുടിയുടെ കനമൊന്നും ഒരു പ്രശ്‌നമേയല്ല. തികച്ചും ആത്മവിശ്വാസത്തോടെ എങ്ങോട്ട് വേണമെങ്കിലും പോകാവുന്നതേയുള്ളൂ

സ്ത്രീ ആയാലും പുരുഷനായാലും തലമുടി, ഒരു പ്രധാന ആകര്‍ഷണഘടകം തന്നെയാണ്. പുറത്തുപോകുമ്പോള്‍ പരമാവധി മുടി ഭംഗിയായി ചീകിവയ്ക്കാനും, കെട്ടിവയ്ക്കാനുമെല്ലാം നമ്മള്‍ ശ്രദ്ധിക്കുന്നത് ഇക്കാരണം കൊണ്ടല്ലേ? 

പെണ്‍കുട്ടികളെ സംബന്ധിച്ച്, അല്‍പം ശ്രമകരമായ ജോലിയാണെങ്കിലും മുടി സംരക്ഷിക്കുന്നത് അവര്‍ക്കൊരു സന്തോഷം കൂടിയാകാറുണ്ട്. എന്നാല്‍ ചില പെണ്‍കുട്ടികള്‍ക്ക് മുടി, വലിയ തോതില്‍ ആത്മവിശ്വാസപ്രശ്‌നമുണ്ടാക്കുന്ന ഘടകവും ആയിമാറാറുണ്ട്. അതെങ്ങനെയെന്നല്ലേ?

തീരെ കനം കുറഞ്ഞ മുടിയുള്ളവരിലാണ് പ്രധാനമായും ഈ പ്രശ്‌നം കണ്ടുവരാറ്. എങ്ങനെ ചീകിയാലും, കെട്ടിവച്ചാലും ഭംഗി തോന്നുന്നില്ല എന്ന 'കോംപ്ലക്‌സ്'. ഒരു പരിധി വരെ ഇത് തോന്നല്‍ തന്നെയാണ്, എങ്കിലും ആ തോന്നലിനെ മറികടന്നല്ലേ പറ്റൂ. അപ്പോള്‍ ഇതിനെ മറികടക്കാന്‍ ചില 'ഐഡിയകള്‍' ഒന്ന് പരീക്ഷിച്ചുനോക്കാം. 

ഒന്ന്...

കനം കുറഞ്ഞ മുടിയുള്ളവര്‍, എണ്ണ അധികമായി തലയില്‍ വയ്ക്കരുത്. മുടി 'ഓയിലി' ആയിരിക്കുമ്പോള്‍ വീണ്ടും കനം കുറഞ്ഞതായി തോന്നിക്കും. അതിനാല്‍ കഴിവതും ഇതൊഴിവാക്കുക. അതുപോലെ ഇടയ്ക്കിടെ ഷാമ്പൂ ചെയ്തുകൊടുക്കാം. ഷാമ്പൂ ചെയ്യുമ്പോള്‍ മുടിക്ക് കൂടുതല്‍ കട്ടിയുള്ളതായി തോന്നിക്കും. 

രണ്ട്...

ഷാമ്പൂ ഉപയോഗിക്കുന്ന കൂട്ടത്തില്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നവരാണ് കൂടുതലും. കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ മുടി വീണ്ടും തളര്‍ന്നുകിടക്കും. അതിനാല്‍ മിതമായ അളവില്‍ മാത്രം കണ്ടീഷ്ണര്‍ ഉപയോഗിക്കുക. മുടിയുടെ അറ്റം നശിക്കാതിരിക്കാന്‍, അറ്റത്ത് മാത്രം സൂക്ഷമമായി കണ്ടീഷ്ണര്‍ ഉപയോഗിക്കുകയും അതിന് മുകളിലേക്ക് വളരെ കുറവ് മാത്രം ഉപയോഗിക്കുകയും ചെയ്യുക. 

മൂന്ന്...

ഇനി, മുടി ഉണക്കുന്ന കാര്യവും അല്‍പം ശ്രദ്ധിക്കണം. മുടി നന്നായി ഉണങ്ങിയ ശേഷം മാത്രം പുറത്തുപോകുക. അതിന് സമയമില്ലാത്ത സാഹചര്യത്തില്‍ മുടി നനയ്ക്കുന്നത് ഒഴിവാക്കാം. മുടിയുണക്കാന്‍ ആവശ്യമെങ്കില്‍ ഡ്രൈയറിന്റെ സഹായവും തേടാം. മുടി നല്ലവണ്ണം ഉണങ്ങിയില്ലെങ്കിലും കട്ടി കുറഞ്ഞ പ്രതീതിയുണ്ടാകും. 

നാല്...

പുറത്തുപോകുമ്പോള്‍ മുടി എങ്ങനെ ഒരുക്കണമെന്നതാണ് ഇത്തരക്കാരുടെ മറ്റൊരു ആവലാതി. ഇക്കാര്യത്തില്‍ അല്‍പം കല, കൂടി കൈവശമാക്കണം. വേണമെങ്കില്‍ ഒരു ഹെയര്‍ സ്‌പെഷ്യലിസ്റ്റിന്റെ ഉപദേശം തേടാവുന്നതാണ്. അതായത്, കനം കുറഞ്ഞ മുടിയുള്ളവര്‍ എങ്ങനെ മുടിയൊരുക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് ശാസ്ത്രീയമായിത്തന്നെ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനാകും. 

ഏതായാലും, മുടി പറ്റിച്ച് ചീകുകയോ മുറുകെ കെട്ടുകയോ അരുത്. ഫ്രീ സ്റ്റൈല്‍ നല്ലതുതന്നെയാണ്, എങ്കിലും എത്തരത്തിലാണ് ചീകേണ്ടത്- എന്ന കാര്യം പ്രധാനം തന്നെ. ഏത് സ്റ്റൈലില്‍ കെട്ടുകയാണെങ്കിലും അല്‍പം അയച്ചുകെട്ടുക. അതുപോലെ ഹെയര്‍ റോളര്‍ ഉപയോഗിച്ച് അല്‍പം ചുരുളുകളുണ്ടാക്കിയ ശേഷം മുടി കെട്ടുന്നതും നല്ല വ്യത്യാസമുണ്ടാക്കും. ഇതിന് കുറഞ്ഞത് ഇരുപത് മിനുറ്റെങ്കിലും വേണമെന്ന് മാത്രം. 

ബുദ്ധിപൂര്‍വ്വം തനിക്ക്, അനുയോജിക്കും വിധത്തിലുള്ള ഹെയര്‍ സ്‌റ്റൈല്‍ സ്വീകരിച്ചാല്‍ മുടിയുടെ കനമൊന്നും ഒരു പ്രശ്‌നമേയല്ല. തികച്ചും ആത്മവിശ്വാസത്തോടെ എങ്ങോട്ട് വേണമെങ്കിലും പോകാവുന്നതേയുള്ളൂ.

click me!