'ഡയാനാ രാജകുമാരിയുടെ പുനർജന്മമാണ്'; അമ്പരപ്പിക്കുന്ന അവകാശവാദവുമായി നാലുവയസ്സുകാരൻ

Published : Jul 16, 2019, 01:52 PM ISTUpdated : Jul 16, 2019, 03:14 PM IST
'ഡയാനാ രാജകുമാരിയുടെ പുനർജന്മമാണ്'; അമ്പരപ്പിക്കുന്ന അവകാശവാദവുമായി  നാലുവയസ്സുകാരൻ

Synopsis

ബില്ലിക്ക് രണ്ടര വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് അവന്റെ വക ആദ്യത്തെ വെളിപ്പെടുത്തൽ നടക്കുന്നത്. ടിവിയിൽ ഡയാനയുടെ ഫോട്ടോ വന്നപ്പോൾ അവൻ പറഞ്ഞു, "മമ്മാ.. നോക്കൂ.. അത് ഞാനാണ്.. ഞാൻ രാജകുമാരിയായിരുന്നപ്പോൾ ഉള്ള ഫോട്ടോ.." അത് അവർ കാര്യമാക്കിയില്ല. 

കുട്ടികൾ പലപ്പോഴും നമ്മളെ അതിശയിപ്പിക്കുന്ന തരത്തിലുള്ള പലതും പറഞ്ഞുകളയും. ചിലതൊക്കെ നമ്മൾ അവരുടെ കുറുമ്പായും കുസൃതിത്തരങ്ങളായും കണ്ടില്ലെന്ന് നടിക്കും. എന്നാൽ, ചിലതൊക്കെ കേൾക്കുമ്പോൾ നമ്മൾ പോലും അമ്പരന്നുപോകും. അത്തരത്തിൽ ഒരു കാര്യമാണ് ഓസ്‌ട്രേലിയയിലെ ഒരു ടെലിവിഷൻ അവതാരകനായ ഡേവിഡ് ക്യാംപ്ബെല്ലിന്റെ നാലുവയസ്സുള്ള മകൻ ബില്ലി കഴിഞ്ഞ രണ്ടു വർഷങ്ങളായി തന്റെ അച്ഛനമ്മമാരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. 

ബില്ലി കരുതുന്നത് ബ്രിട്ടനിലെ ഡയാനാ രാജകുമാരിയുടെ പുനർജന്മമാണ് താനെന്നാണ്. തന്റെ മുജ്ജന്മത്തിലേത് എന്നമട്ടിൽ ഡയാനയുടെ ജീവിതത്തിലെ പല സ്വകാര്യസംഭവങ്ങളുടെ വളരെ വിശദമായ വിവരണങ്ങളും ബില്ലിയുടെ വായിൽ നിന്നും വരുന്നത് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ച് നിന്നുപോവുകയാണ് അവന്റെ അച്ഛനും അമ്മയും സഹോദരങ്ങളും. സ്റ്റെല്ലാർ മാഗസിനോടാണ് ക്യാംപ്ബെൽ കുടുംബം തങ്ങളുടെ വളരെ വിചിത്രമായ ഈ അനുഭവം പങ്കിട്ടത്. 

ബില്ലിക്ക് രണ്ടര വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് അവന്റെ വക ആദ്യത്തെ വെളിപ്പെടുത്തൽ നടക്കുന്നത്. ടിവിയിൽ ഡയാനയുടെ ഫോട്ടോ വന്നപ്പോൾ അവൻ പറഞ്ഞു, "മമ്മാ.. നോക്കൂ.. അത് ഞാനാണ്.. ഞാൻ രാജകുമാരിയായിരുന്നപ്പോൾ ഉള്ള ഫോട്ടോ.."

അത് അവർ കാര്യമാക്കിയില്ല. അവർ ഞെട്ടിത്തരിച്ചിരുന്നുപോയത് അവൻ അടുത്തതായി പറഞ്ഞ വിവരം കേട്ടപ്പോഴാണ്..!

"എനിക്കൊരു ഏട്ടനുണ്ടായിരുന്നു അന്ന്. ജോൺ.. രണ്ടു പിള്ളേരും.." ഡയാനാ രാജകുമാരിക്ക്, അവർ ജനിക്കും മുന്നേ മരിച്ചുപോയ ഒരു മൂത്ത സഹോദരനുണ്ടായിരുന്നു എന്ന കാര്യം, അവർ പോലും പിന്നീട് അന്വേഷിച്ചപ്പോൾ മാത്രം അറിഞ്ഞ കാര്യമായിരുന്നു. ഈ രണ്ടര വയസ്സുള്ള കുട്ടിയ്ക്ക് അതേപ്പറ്റി എങ്ങനെ അറിവുണ്ടായി...? ജോൺ എന്ന പേരുപോലും അവന് കൃത്യമായി എങ്ങനെ പറയാനായി..?

ഓസ്‌ട്രേലിയൻ പൗരന്മാരായ താനോ തന്റെ ഭാര്യയോ ഒരിക്കൽപ്പോലും തന്റെ മകനെ ഡയാനാ രാജകുമാരിയെപ്പറ്റി ഒന്നും തന്നെ പറഞ്ഞുകൊടുത്തിട്ടില്ല എന്ന് ക്യാംപ്ബെൽ ദമ്പതികൾ ആണയിട്ടുപറയുന്നു. പിന്നെന്ന് അവന് ഇത്രയും വിവരങ്ങൾ അറിയാനായി..? അവനിനി സത്യത്തിൽ ഡയാനാ രാജകുമാരിയുടെ പുനർജന്മമാണോ..?

ബില്ലി പിന്നീട് നടത്തിയ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ അവരുടെ സംശയങ്ങളെ ഊട്ടിയുറപ്പിച്ചു.

ഡയാനാ രാജകുമാരിയുടെ പ്രിയവസതിയായിരുന്നു ബാൽമോറൽ കൊട്ടാരം. ബില്ലി ഇന്നുവരെ ബ്രിട്ടനിൽ പോയിട്ടില്ല. ആ മാളിക നേരിൽ കണ്ടിട്ടുമില്ല. തന്റെ അച്ഛന്റെ ഒരു സ്‌കോട്ടിഷ് സുഹൃത്തിനോട് ഒരു ദിവസം ബില്ലി ഇങ്ങനെ പറഞ്ഞു, " ഞാൻ രാജകുമാരിയായിരുന്നപ്പോൾ, ഒരു  മാളികയിലേക്ക് സ്ഥിരം പോകുമായിരുന്നു. അതിൽ യൂണികോൺസ് ഉണ്ടായിരുന്നു. അതിന്റെ പേര് ബാൽമോറൽ എന്നായിരുന്നു..." 

അതുകേട്ട സുഹൃത്ത് ഞെട്ടി. 'യൂനിക്കോൺ' എന്നത് സ്കോട്ട്ലൻഡിൽ ദേശീയ പ്രാധാന്യമുള്ള ഒന്നാണ്. നെറ്റിയിൽ കൊമ്പുള്ള, കുതിരരൂപത്തിലുള്ള ഈ സാങ്കല്പിക മൃഗം സെൽറ്റിക് മിത്തോളജിയുടെ ഭാഗമാണ്. ഡയാനയുടെ പ്രിയ വസതിയായ ബാൽമോറലിന്റെ ചുവരുകളിൽ യൂണികോൺ പ്രതിമകൾ എമ്പാടുമുണ്ട്. ഇന്നുവരെ അവിടെ പോവുകയോ, ഇത് നേരിൽ കാണുകയോ ചെയ്തിട്ടില്ലാത്ത ബില്ലിയ്ക്ക് ഇതെങ്ങനെ അറിയാം..? ബാൽമോറൽ എന്ന ഈ പേര് അവനെവിടുന്നു കിട്ടി..? 

 താൻ രാജകുമാരിയായിരിക്കെ, മരിച്ചുപോയതിനെപ്പറ്റി...

ബില്ലി ഈയിടെ നടത്തിയ ഒരു പരാമർശവും അതിശയകരമായിരുന്നു. അമ്മ ലിസ ഡയാനയുടെ ഒരു ചിത്രം ബില്ലിയെ കാണിച്ചപ്പോൾ അവൻ പറഞ്ഞു, " ഇത് ഞാൻ രാജകുമാരി ആയിരുന്നപ്പോഴുള്ളതാ.. ഒരു ദിവസം ഒരുപാട് സൈറണുകൾ മുഴങ്ങി.. അന്ന് ഞാൻ രാജകുമാരി അല്ലാതായി.." 

1981  മുതൽ 1996  വരെ ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരന്റെ പത്നിയായിരുന്നു ഡയാനാ രാജകുമാരി. 1997 -ൽ പാപ്പരാസികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കാറിൽ തന്റെ കാമുകനായ ദോദി ഫയദുമൊത്ത് ഒരു ടാക്സികാറിൽ പോകുമ്പോൾ ഒരു ടണൽ റോഡിൽ നടന്ന കാറപകടത്തിൽ മരണപ്പെടുകയായിരുന്നു അവർ. ആ ടാക്സിയുടെ ഡ്രൈവർ അപകടം നടക്കുന്ന സമയത്ത് മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു എന്ന് പിന്നീട് പോലീസ് പറയുകയുണ്ടായി. 

'വെയിൽസിലെ രാജകുമാരി' എന്നറിയപ്പെട്ടിരുന്ന ഡയാനയുടെ ജീവിതത്തിൽ എന്നും വിവാദങ്ങൾ നിറഞ്ഞാടിക്കൊണ്ടിരുന്നു. ഭർത്താവായ ചാൾസ് രാജകുമാരനിൽ നിന്നും നേരിടേണ്ടി വന്ന  അവഗണനകളും, അദ്ദേഹത്തിനുണ്ടായ വിവാഹേതര ബന്ധങ്ങളും അവരെ പ്രണയമന്വേഷിച്ച് പലരുടെയും പിന്നാലെ പോകാൻ നിർബന്ധിതയാക്കി. അത്തരത്തിലുള്ള ഒരു ബന്ധമായിരുന്നു അറബ് വംശജനും ധനികനായ ഹോട്ടൽ ഉടമയുമായ ദോദി അൽ ഫയദുമായുള്ളതും. പിന്നാലെ കൂടിയ പാപ്പരാസികളിൽ നിന്നും രക്ഷപ്പെടാൻ ധൃതിപിടിച്ചു നടത്തിയ  കാറോട്ടം അവരുടെ ജീവനെടുക്കുകയായിരുന്നു. 

തങ്ങളുടെ മകൻ ബില്ലി, ഡയാനാ രാജകുമാരിയുടെ പുനർജന്മമാണെന്ന് ഡേവിഡും ലിസയും ഉറച്ചുവിശ്വസിക്കുന്നിടത്താണ് കളി കാര്യമാവുന്നത്. പുനർജന്മമെന്നത് വസ്തുതയ്ക്കും, ഭാവനയ്ക്കും ഇടയിലായി വേണ്ടത്ര പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കാതെ പോയ ഒരു ഭൂമികയാണ്. 'ഡയാനയുടെ ജീവിതത്തെപ്പറ്റി തന്റെ മകൻ ബില്ലി പറഞ്ഞു' എന്ന് ക്യാംപ്ബെൽ കുടുംബം അവകാശപ്പെടുന്നതിന് പലതിനും വിശദീകരണമില്ല. എന്തായാലും, ഇന്ന് ഈ ഒരു അവകാശവാദത്തിന്റെ പേരിൽ ബ്രിട്ടനിലെയും ഓസ്‌ട്രേലിയയിലെയും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ നാലുവയസ്സുകാരൻ.

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ