ഹൃദ്രോഗിയായ ഉമ്മയ്ക്ക് സഹായമെത്തിച്ച ഫയര്‍ഫോഴ്‌സിനെക്കുറിച്ച് മകനെഴുതിയത്...

By Web TeamFirst Published Apr 10, 2020, 10:23 PM IST
Highlights

'ഉമ്മ ഹൃദ്രോഗിയാണ്. മുടങ്ങാതെ മരുന്ന് കഴിക്കുന്ന ആളാണ്. മാസാന്തം കോഴിക്കോട് നിന്ന് ഹോള്‍സെയില്‍ നിരക്കില്‍ മരുന്ന് വാങ്ങിക്കുക ആണു പതിവ്. സ്ഥിരമായി കഴിക്കുന്ന മരുന്ന് മുടങ്ങിയാല്‍ ബുദ്ധിമുട്ടാണ്. ലോക്ക്ഡൗണ്‍ ആരംഭിക്കും മുന്നെ മരുന്ന് വാങ്ങിയതാണ്. അതുകൊണ്ട് കൂടുതല്‍ സ്റ്റോക്ക് ചെയ്തിരുന്നില്ല...'

എന്തെങ്കിലും ഒരാപത്ത് സംഭവിക്കുമ്പോഴാണ് നമ്മള്‍ ഫയര്‍ഫോഴ്‌സിനെ ഓര്‍ക്കുന്നത്. അതുപോലെ അവരെ കാണുമ്പോള്‍ എവിടെയെങ്കിലും ആപത്ത് സംഭവിച്ചോയെന്ന ഭയവും നമുക്കുണ്ടാകാറുണ്ട്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്ത് മറ്റ് പല ദൗത്യങ്ങളുമായാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാരെ നമ്മള്‍ കാണുന്നത്. 

കിടപ്പിലായവരുള്ള വീട്ടുകളിലേക്ക് സഹായമെത്തിച്ചും രോഗികള്‍ക്ക് മരുന്നെത്തിച്ചുമെല്ലാം ഈ ദുരിതകാലത്ത് സാധരണക്കാര്‍ക്ക് കൂട്ടിരിക്കുകയാണിവര്‍. അത്തരമൊരനുഭവത്തെക്കുറിച്ച് എഴുതുകയാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ എമ്മാര്‍ കിനാലൂര്‍. ഹൃദയം തൊടുന്ന ആ കുറിപ്പ് വായിക്കാം. 

എമ്മാര്‍ കിനാലൂര്‍ എഴുതുന്നു...


ഉമ്മ ഹൃദ്രോഗിയാണ്. മുടങ്ങാതെ മരുന്ന് കഴിക്കുന്ന ആളാണ്. മാസാന്തം കോഴിക്കോട് നിന്ന് ഹോള്‍സെയില്‍ നിരക്കില്‍ മരുന്ന് വാങ്ങിക്കുക ആണു പതിവ്. സ്ഥിരമായി കഴിക്കുന്ന മരുന്ന് മുടങ്ങിയാല്‍ ബുദ്ധിമുട്ടാണ്. ലോക്ക്ഡൗണ്‍ ആരംഭിക്കും മുന്നെ മരുന്ന് വാങ്ങിയതാണ്. അതുകൊണ്ട് കൂടുതല്‍ സ്റ്റോക്ക് ചെയ്തിരുന്നില്ല.

മരുന്ന് തീരാറായാപ്പോള്‍, എങ്ങനെ വരുത്തുമെന്ന് ആലോചിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. മെഡിക്കല്‍സില്‍ വിളിച്ചപ്പോള്‍ മെഡിസിനുണ്ട്; പക്ഷെ എത്തിക്കാന്‍ വഴിയില്ലെന്ന് പറഞ്ഞു. ബസ് ഓടുന്നില്ലല്ലൊ, കൊറിയര്‍ സര്‍വ്വീസുമില്ല. ബൈക്ക് ഓട്ടി കോഴിക്കോട് പോകുക അവസാന ഘട്ടത്തില്‍ മാത്രമുള്ള ഓപ്ഷനാണ്. പത്ത് നാല്‍പത് കിലോമീറ്റര്‍ ഈ വെയിലത്ത് ബൈക്ക് ഓട്ടുക റിസ്‌കാണ്.

പോംവഴി തേടി നാട്ടുകാരനായ റഫീഖിനെ വിളിച്ചപ്പോള്‍ അവന്‍ ഒരുപായം പറഞ്ഞു. ഫയര്‍ഫോഴ്‌സ് മരുന്ന് വീട്ടില്‍ എത്തിക്കുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്. 101 ല്‍ ഒന്ന് വിളിച്ച് നോക്കൂ. ഞാന്‍ 101 ല്‍ വിളിച്ചു. വളരെ സൗമ്യമായാണ് അങ്ങേ തലക്കല്‍ നിന്നുള്ള മറുപടി. 'ഇത് വടകര സ്റ്റേഷന്‍ ആണ്. നിങ്ങളുടെ ഏറ്റവും അടുത്ത ഫയര്‍ സ്റ്റേഷന്‍ നരിക്കുനിയാണ്. അവര്‍ മരുന്ന് എത്തിച്ച് തരും'. നരിക്കുനി ഫയര്‍‌സ്റ്റേഷന്റെ നമ്പറും പറഞ്ഞ് തന്ന് ഫോണ്‍ കട്ട് ചെയ്തു.

നരിക്കുനി സ്റ്റേഷനില്‍ ബന്ധപ്പെട്ടു. അവരും ആശ്വസിപ്പിക്കുന്ന മറുപടിയാണ് തന്നത്. ' ഞാന്‍ ഒരു വാട്ട്‌സാപ്പ് നംബര്‍ തരാം. മരുന്ന് ചീട്ട് അതിലേക്ക് അയച്ചാല്‍ മതി. മരുന്ന് ഡെലിവറി ചെയ്യുമ്പോ ബില്‍തുക നല്‍കിയാല്‍ മതി'.

' വില കൂടിയ മരുന്നാണ്. ബില്‍ ഒക്കെ ഞാന്‍ ഓണ്‍ലൈന്‍ ആയി പേ ചെയ്‌തോളാം. ഫാര്‍മസിയില്‍ വിളിച്ച് ഏര്‍പ്പാട് ചെയ്യാം. നിങ്ങള്‍ കളക്ട് ചെയ്ത് തന്നാല്‍ മാത്രം മതി.'

' അത്രേയുള്ളോ. എന്നാല്‍ ഫാര്‍മസിയുടെ നംബര്‍ തരൂ. അവിടെ ഒന്ന് വിളിച്ച് പറയുകയും ചെയ്‌തോളൂ'

വൈകുന്നേരമായപ്പോള്‍ ഫയര്‍ഫോഴ്‌സിലെ ഒരു സ്റ്റാഫ് വിളിക്കുന്നു. 'നിങ്ങളുടെ മരുന്ന് എത്തീട്ടുണ്ട്. വീട്ടില്‍ എത്തിക്കണോ?. വേറെയും കുറേ മരുന്നുകള്‍ എത്തിക്കാനുണ്ട് ബുദ്ധിമുട്ടില്ലെങ്കില്‍ ബാലുശേരി ജങ്ഷനില്‍ വന്നാല്‍ എളുപ്പമാകും.'

' പിന്നെന്താ, ഞാന്‍ വന്ന് വാങ്ങി കൊള്ളാം'.

പറഞ്ഞ സമയത്ത് തന്നെ ഫയര്‍ഫോഴ്‌സില്‍ സ്റ്റാഫായ യുവാവ് മരുന്നുമായി എത്തുന്നു. കോഴിക്കോട് നിന്ന് മരുന്നുകള്‍ ഒന്നിച്ച് ഔദ്യോഗിക വാഹനത്തില്‍ കൊണ്ട് വന്ന ശേഷം ബൈക്കില്‍ ലോക്കല്‍ വിതരണം നടത്തുകയാണവര്‍ ചെയ്യുന്നത്.

മരുന്ന് കൈപ്പറ്റി ഞാന്‍ നന്ദി പറഞ്ഞു. ഒരു ചെറു ചിരി സമ്മാനിച്ച് ആ യുവാവ് അടുത്ത ഡെലിവറിക്കായി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.

ഭയപ്പെടുത്തുന്ന സൈറണ്‍ ആണ് എന്റെ മനസ്സില്‍ ഇതുവരെ അഗ്‌നിശമന വിഭാഗത്തിന്റെ അടയാളം. മരുന്ന് വിതരണം ചെയ്ത ആ യുവാവിന്റെ മനുഷ്യസ്‌നേഹത്തിന്റെ ചെറുചിരിയായിരിക്കും ഇനി എന്റെ മനസ്സില്‍ ഫയര്‍ഫോഴ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ അങ്കുരിക്കുന്നത്.

കത്തിയാളുന്ന തീ അണയ്ക്കാന്‍ നിരതമാകുന്ന സേന ഈ കോവിഡ് കാലത്ത് മനുഷ്യ മനസ്സില്‍ ആശ്വാസവും കാരുണ്യവും കോരിയൊഴിക്കുന്ന സേവകരായി മാറിയ കാഴ്ച അനുഭവിച്ചറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം, സ്നേഹം.

 

ലോക്ക്ഡൗണ്‍ കാലത്ത് സഹായമെത്തിച്ച് ഫയര്‍ ഫോഴ്‌സ്; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് കാണാം...

 

click me!