
ലോസ് ആൻജെലസിലെ ഗോൾഡ്സ് ജിമ്മിലെ സ്ഥിരം സന്ദർശകനാണ് ജോസഫ് ബയേന എന്ന ചെറുപ്പക്കാരൻ. അസാധാരണമായ പേശീവലിപ്പമുള്ള ആ ചെറുപ്പക്കാരൻ അവിടെ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. എന്നാൽ, ഒരു ദിവസം അയാളുടെ കൂടെ അവിടെ അയാളുടെ അതേ മുഖച്ഛായയുള്ള ഒരു എഴുപത്തിരണ്ടുകാരൻ കൂടി വന്നപ്പോഴാണ് തങ്ങളുടെ ജിമ്മിൽ മുടങ്ങാതെ പരിശീലനം നടത്തിക്കൊണ്ടിരുന്ന ആ അപൂർവ്വസുന്ദരമായ ശരീരത്തിന്റെ ഉടമയ്ക്ക് ഏത് പാരമ്പര്യത്തിന്റെ പിൻബലമാണുള്ളത് എന്ന് ജിംനേഷ്യത്തിലെ സുഹൃത്തുക്കൾക്ക് പിടികിട്ടിയത്.
ചില്ലറക്കാരനായിരുന്നില്ല ആ വൃദ്ധൻ. തന്റെ ഇരുപതാം വയസ്സിൽ മിസ്റ്റർ യൂണിവേഴ്‌സ് പട്ടം നേടിയ അദ്ദേഹം എഴുപതുകളിൽ തുടർച്ചയായി ഏഴുവട്ടമാണ് മിസ്റ്റർ ഒളിമ്പിയ ആയത്. പിന്നീടഭിനയിച്ച പല ഹോളിവുഡ് സിനിമകളിലൂടെയും പ്രസിദ്ധിയുടെ കൊടുമുടികയറിയ അദ്ദേഹം, പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ അനന്തരവളും എൻബിസി ടെലിവിഷൻ അവതാരകയുമായ മരിയയെ വിവാഹം കഴിച്ചു.
അവരിൽ അദ്ദേഹത്തിന് അഞ്ചു കുഞ്ഞുങ്ങളുമുണ്ടായി. പിന്നീട് രാഷ്ട്രീയത്തിലും ഒരു കൈനോക്കിയ അദ്ദേഹം കാലിഫോർണിയയുടെ മുപ്പത്തെട്ടാമത്തെ ഗവർണറായി. സ്വന്തം പേരിൽ വർഷാവർഷം പ്രതിദിനം ഒരു ലക്ഷത്തോളം പ്രേക്ഷകരെത്തുന്ന ഒരു കായികാഭ്യാസ മത്സരം തന്നെയുണ്ട് അദ്ദേഹത്തിന് കൊളംബസ് നഗരത്തിൽ. പേരുപറഞ്ഞാൽ ചിലപ്പോൾ അറിയും, അർനോൾഡ് ഷ്വാർസനെഗർ.
ഇന്നലെ തന്റെ അച്ഛന്റെ പ്രസിദ്ധമായ ആ പോസ് പുനരാവിഷ്കരിച്ചുകൊണ്ട് ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം വളരെപ്പെട്ടന്ന് വൈറലാവുകയുണ്ടായി.
1947 -ൽ ഓസ്ട്രിയയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയതാണ് അർനോൾഡ് ഷ്വാർസെനഗർ. തന്റെ ബോഡിബിൽഡിങ് കാലത്ത് അദ്ദേഹം കാണാൻ എങ്ങനെ ഉണ്ടായിരുന്നുവോ അതിന്റെ അതേ പകർപ്പാണ് ഇന്ന് ജോസഫ്. ജോസഫിന്റെ അമ്മയുടെ പേര് മിൽഡ്രഡ് ബയേന. ഗ്വാട്ടിമാലയിൽ നിന്ന് അമേരിക്കയിൽ വന്നു കുടിയേറിപ്പാർത്ത അവരുടെ ഭർത്താവിന്റെ പേര് റോജേലിയോ.
അഞ്ചുമക്കളാണ് ആകെ മിൽഡ്രഡിന്. അവരിൽ ജോസഫ് മാത്രം കാണാൻ വ്യത്യസ്തനായിരുന്നു. അതിന്റെ കാരണം ആദ്യം മിൽഡ്രഡിന്റെയും പിന്നീട് അർണോൾഡിന്റെയും വൈവാഹിക ജീവിതങ്ങളെ തകർത്തെറിഞ്ഞു. അർനോൾഡ് ഷ്വാർസെനഗറിന്റെ മാളികയിൽ ഹൗസ് കീപ്പിങ് സ്റ്റാഫിൽ ഒരാളായിരുന്നു മിൽഡ്രഡ്.
1996 -ൽ ഭാര്യ മരിയ അഞ്ചുമക്കളെയും കൊണ്ട് അവധിക്കാലം ചെലവിടാൻ സ്വന്തം വീട്ടിലേക്ക് പോയ സമയത്ത് അർണോൾഡും മിൽഡ്രഡും തമ്മിൽ ഉടലെടുത്ത അടുപ്പത്തിന്റെയും അതിന്റെ തുടർച്ചയായുണ്ടായ ലൈംഗികബന്ധത്തിന്റെയും ഫലമാണ് ജോസഫ് എന്ന ആ 'സ്നേഹ' സന്താനം. കൗതുകകരമായ ഒരു വസ്തുത, മരിയ തന്റെ ഏറ്റവും ഇളയപുത്രൻ ക്രിസ്റ്റഫറിനെ ഗർഭം ധരിച്ച് ആഴ്ചകൾക്കുള്ളിലാണ് അർണോൾഡിൽ നിന്ന് മിൽഡ്രഡും ഗർഭിണിയാകുന്നത്. രണ്ടു കുട്ടികളും തമ്മിൽ ഏകദേശം ഒരാഴ്ചയോളം വ്യത്യാസമേ ജനിച്ചപ്പോഴും ഉണ്ടായിരുന്നുള്ളൂ.
ആദ്യകാലത്ത് തനിക്ക് ഇങ്ങനെയൊരു മകനുണ്ട് എന്നവിവരം അർണോൾഡും അറിഞ്ഞിരുന്നില്ല. ജോസഫിന്റെ അച്ഛൻ തന്റെ ഭർത്താവ് റോജേലിയോ തന്നെയാണ് എന്നാണ് മിൽഡ്രഡ് ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാൽ, പോകെപ്പോകെ ജോസഫിന് അർനോൾഡുമായി മറച്ചുവെക്കാൻ സാധിക്കാത്ത രൂപസാമ്യം വന്നുതുടങ്ങി. അതോടെ ഇരു ഭാഗത്തും സംശയങ്ങൾ ജനിച്ചു. തങ്ങളുടെ രഹസ്യം ഏറെക്കാലം മറച്ചു വെക്കാൻ മിൽഡ്രഡിനോ അർണോൾഡിനോ സാധിച്ചില്ല. ആദ്യം പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടത് മിൽഡ്രഡിന്റെ വീട്ടിൽ തന്നെയായിരുന്നു.
ജോസഫ് ജനിച്ച് അവനിൽ അർണോൾഡിന്റെ മുഖച്ഛായ തെളിഞ്ഞ ദിവസം മിൽഡ്രഡും റോജേലിയോയും തമ്മിൽ വഴക്കായി. മിൽഡ്രഡ് കുഞ്ഞുങ്ങളെയും വിളിച്ചുകൊണ്ട് വീട്ടിൽ നിന്നിറങ്ങി. 2008 -ൽ അവർ വിവാഹമോചനത്തിനു കേസും ഫയൽ ചെയ്തു. താൻ ഇങ്ങനെയൊരു കുഞ്ഞുണ്ടായ വിവരം അറിഞ്ഞത് ജോസഫിന് ഏഴെട്ടു വയസ്സായിട്ടാണ് എന്നും, രൂപസാമ്യം അപരമായതിനാൽ തനിക്ക് സംശയം തോന്നിയതുമില്ല എന്നുമാണ് അർണോൾഡും പിന്നീട് പറഞ്ഞിട്ടുള്ളത്.
എന്തായാലും, മകന്റെയും മിൽഡ്രഡിന്റെയും കുഞ്ഞുങ്ങളുടേയുമൊക്കെ സാമ്പത്തിക ബാധ്യത തത്കാലത്തേക്ക് അർനോൾഡ് ഏറ്റെടുത്തു. സ്വന്തം കുടുംബം തകരാതിരിക്കാൻ പരമാവധി നോക്കി. മരിയയുടെ സംശയങ്ങൾ ബലപ്പെട്ടതോടെ അതും തകർന്നു. 2011 -ൽ മരിയയും വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു.
പിന്നീടങ്ങോട്ട് മകൻ ജോസഫിന്റെ കാര്യത്തിൽ എല്ലാവിധ ശ്രദ്ധയും അർണോൾഡിൽ നിന്നുണ്ടായിരുന്നു. തനിക്ക് മരിയയിൽ ജനിച്ച രണ്ടു പുത്രന്മാർക്കും ഇല്ലാതിരുന്ന 'ബോഡി ബിൽഡിങ്' താത്പര്യവും ജോസഫിന് ഉണ്ടെന്നറിഞ്ഞപ്പോൾ അർനോൾഡ് ഏറെ സന്തോഷിച്ചു. അച്ഛനും മകനും ഒന്നിച്ചാണ് ഗോൾഡ്‌സ് ജിമ്മിൽ കുറേക്കാലം പ്രാക്ടീസ് ചെയ്തിരുന്നത്. അച്ഛന്റെ കായികമായ താത്പര്യങ്ങളുടെ പാരമ്പര്യം പിന്തുടരാനുള്ള നിയോഗം നിറവേറ്റുകയാണ് ജോസഫ് ഇന്ന്.
ജോസഫ് തന്റെ സഹോദരീ സഹോദരന്മാരുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ അവരെ പിന്തുടരാറുണ്ട്. അവർക്ക് ലൈക്കുകളും കമന്റുകളും നൽകാറുണ്ട്. സഹോദരിമാർ രണ്ടുപേർക്കും, ക്രിസ്റ്റീനയ്ക്കും, കാതറിനും. ഇങ്ങനെയൊരു അനുജനെ വലിയ പഥ്യമില്ല. അവർ ജോസഫിന്റെ കമന്റുകളെ അവഗണിക്കാറാണ് പതിവ്. എന്നാൽ തന്റെ മൂത്ത സഹോദരന്മാർ, പാട്രിക്കിനോടും ക്രിസ്റ്റഫറിനോടും, നല്ല ബന്ധത്തിലാണ് ജോസഫ്.
മകൻ ജോസഫ് പേപ്പർഡൈൻ സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റ് ബിരുദം പൂർത്തിയാക്കിയപ്പോൾ ഗ്രാജുവേഷൻ സെറിമണിക്ക് അർണോൾഡും ചെന്നിരുന്നു. ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് അദ്ദേഹം ഇങ്ങനെ കുറിച്ചു, " അഭിനന്ദനങ്ങൾ ജോസഫ്. നാലുവർഷത്തെ കഠിനാധ്വാനത്തിനു ശേഷം ഇന്ന് നിന്റെ ആഘോഷരാവാണ്. നീ ഈ ദിവസം അർഹിക്കുന്നു. എനിക്ക് നിന്നെയോർത്ത് അഭിമാനം തോന്നുന്നു. ഐ ലവ് യു."