'ലോകത്തിന്‍റെ പ്രശ്നം ഭയമാണ്'; 475 അടി ഉയരമുള്ള കെട്ടിടത്തില്‍ 'വലിഞ്ഞു'കയറിയ ഫ്രഞ്ച് സ്പൈഡര്‍മാന്‍ പറയുന്നു

By Web TeamFirst Published Mar 5, 2020, 7:06 PM IST
Highlights

യാതൊരുവിധ സംവിധാനങ്ങളുമില്ലാതെ തന്‍റെ ഷൂസിന്‍റെ സഹായംകൊണ്ട് മാത്രം കെട്ടിടങ്ങളില്‍ കയറുന്നയാളാണ് അലൈന്‍. 100 കണക്കിന് കെട്ടിടങ്ങള്‍ അദ്ദേഹം കീഴടക്കിക്കഴിഞ്ഞു.

ഫ്രഞ്ച് സ്പൈഡര്‍മാന്‍ എന്നറിയപ്പെടുന്ന അലൈന്‍ റോബര്‍ട്ട് ഇത്തവണ 'കൊത്തിപ്പിടിച്ച്' കയറിയത് 475 അടി ഉയരമുള്ള  (ഏകദേശം145 മീറ്റര്‍ ഉയരം)  കെട്ടിടമാണ്. ബാര്‍സലോണയിലെ ടൊറേ അഗ്ബര്‍ എന്ന കെട്ടിടമാണ് 47 മിനുട്ടുകൊണ്ട് ജീവിച്ചിരിക്കുന്ന ഈ സ്പൈഡര്‍മാന്‍ കയറിയത്. 

കെട്ടിടത്തില്‍ കയറി തിരിച്ചെത്തിയ 57 കാരനായ അലൈന്‍ റോബര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ''ഇന്നത്തെ കാലത്ത് ഏറ്റവും അപകടകാരി കൊറോണ വൈറസ് അല്ല, അത് ഭയമാണ്. അത് നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും കോടിക്കണക്കിന് ജനങ്ങളാണ് കൊറോണ വൈറസ് ബാധയെ ഭയക്കുന്നത്. '' - കെട്ടിടത്തിലേക്ക് കയറും മുമ്പ് അലൈന്‍ എഎഫ്‍പി ടിവിയോട് പറഞ്ഞു. 

''ഒരു കയറിന്‍റെ പോലും സഹായമില്ലാതെ ഞാന്‍ കെട്ടിടങ്ങളില്‍ കയറുമ്പോള്‍ ഭയം ഉണ്ടാകും. അത് തന്നെയാണ് കൊറോണ വൈറസിന്‍റെ കാര്യത്തിലും സംഭവിക്കുന്നത്. നമുക്ക് നിയന്ത്രിക്കാനാവുന്ന ഭയത്തെക്കുറിച്ച് നമുക്ക് സംസാരിക്കാം. 

യാതൊരുവിധ സംവിധാനങ്ങളുമില്ലാതെ തന്‍റെ ഷൂസിന്‍റെ സഹായംകൊണ്ട് മാത്രം കെട്ടിടങ്ങളില്‍ കയറുന്നയാളാണ് അലൈന്‍. 100 കണക്കിന് കെട്ടിടങ്ങള്‍ അദ്ദേഹം കീഴടക്കിക്കഴിഞ്ഞു. അതില്‍ ദുബായിലെ ബുര്‍ജ് ഖലീഫയും പാരിസിലെ ഈഫല്‍ ടവറും മലേഷ്യയിലെ ഐകോണിക് പെട്രോണസ് ട്വിന്‍ ടവറും സിഡ്നിയിലെ ഒപേറ ഹൗസും ഉള്‍പ്പെടും. ഇതെല്ലാം കീഴടക്കിയത് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാതെയാണെന്നതാണ് ശ്രദ്ധേയം.  

click me!