എൽപിജി പ്രതിസന്ധിയാണോ? അടുപ്പ് കത്തിക്കാതെ തന്നെ 'ബ്രേക്ക്ഫാസ്റ്റ്' ഉഷാറാക്കാം; ജെൻ സി സ്റ്റൈലിൽ ഇതാ 6 കിടിലൻ വിഭവങ്ങൾ

Published : Mar 17, 2026, 06:40 PM IST
gen z

Synopsis

നമ്മുടെ വീടുകളിൽ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുമ്പോൾ ആദ്യം ആശങ്കയിലാകുന്നത് അടുക്കളയാണ്. എന്നാൽ, ഈ പ്രതിസന്ധിയെ മറികടക്കാൻ പാചകം ആവശ്യമില്ലാത്ത 'നോ കുക്ക്' വിഭവങ്ങൾ പരീക്ഷിച്ചാലോ? തിരക്കേറിയ ജീവിതശൈലി പിന്തുടരുന്ന ജെൻ സി യുവാക്കൾക്കിടയിൽ ഇന്ന് ഏറ്റവും ജനപ്രിയമായ ഒന്നാണ് ഇത്തരത്തിലുള്ള ക്വിക്ക് ബ്രേക്ക്ഫാസ്റ്റ് രീതികൾ.

നമ്മുടെ അടുക്കളകളിൽ ഗ്യാസ് തീരുന്നതും എൽപിജി സപ്ലൈയിലെ തടസങ്ങളും ഇപ്പോൾ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സിലിണ്ടറുകൾക്കായി കാത്തിരിക്കുന്ന ദിവസങ്ങളിൽ ബ്രേക്ക്ഫാസ്റ്റ് എങ്ങനെ തയ്യാറാക്കും എന്നത് പലരുടെയും ആശങ്കയാണ്. എന്നാൽ പാചകം ചെയ്യാതെ തന്നെ വളരെ ഹെൽത്തിയും ട്രെൻഡിയുമായ ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനുകൾ ഉണ്ടെങ്കിലോ? വിദേശ രാജ്യങ്ങളിലെയും നമ്മുടെ നാട്ടിലെയും ജെൻ സി യുവാക്കൾക്കിടയിൽ ഇപ്പോൾ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന, ഗ്യാസ് ആവശ്യമില്ലാത്ത ചില 'സൂപ്പർ ബ്രേക്ക്ഫാസ്റ്റ്' വിഭവങ്ങൾ പരിചയപ്പെടാം.

സമയക്കുറവും പാചകം ചെയ്യാനുള്ള മടിയും കാരണം പുതിയ തലമുറ ഏറ്റെടുത്ത ഈ വിഭവങ്ങൾ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ആ 6 വിഭവങ്ങൾ ഇവയാണ്:

സോഷ്യൽ മീഡിയ താരം 'ഓവർനൈറ്റ് ഓട്‌സ്'

ഇൻസ്റ്റാഗ്രാം ഫുഡ് ബ്ലോഗർമാരുടെ വീഡിയോകളിൽ നിങ്ങൾ സ്ഥിരമായി കാണുന്ന ഒന്നായിരിക്കും ഇത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രാത്രിയിൽ തയ്യാറാക്കി വെച്ച് രാവിലെ കഴിക്കാവുന്ന ഈ വിഭവം ജെൻ സിക്ക് പ്രിയപ്പെട്ടതാണ്. ഇതിൽ പാചകം ചെയ്യേണ്ട ആവശ്യമില്ല. ഓട്‌സ് ഒരു പാത്രത്തിലെടുത്ത് അതിൽ മുങ്ങിനിൽക്കത്തക്ക രീതിയിൽ പാലോ (സാധാരണ പാലോ പ്ലാന്റ് ബേസ്ഡ് മിൽക്കോ ഉപയോഗിക്കാം) യോഗർട്ടോ ചേർക്കുക. രാത്രി മുഴുവൻ ഇത് ഫ്രിഡ്ജിൽ വെക്കുക. രാവിലെ ഇതിലേക്ക് ഫ്രഷ് ബ്ലൂബെറി, ബദാം, വാൽനട്ട് അല്ലെങ്കിൽ ഈന്തപ്പഴം എന്നിവ ചേർക്കാം. ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ ഫൈബർ നൽകുകയും ചെയ്യും.

ഹമ്മസ് ചേർത്ത അവോക്കാഡോ ടോസ്റ്റ്

വളരെ ഹെൽത്തിയും ഒപ്പം കാണാൻ നല്ല 'ലവൽ' ഉള്ളതുമായ വിഭവമാണിത്. ഡയറ്റ് ചെയ്യുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ അവോക്കാഡോ ടോസ്റ്റ്. അവോക്കാഡോയുടെ ഉൾഭാഗം എടുത്ത് നന്നായി ഉടയ്ക്കുക. ഇത് ടോസ്റ്റ് ചെയ്ത ബ്രെഡിന് മുകളിൽ പുരട്ടുക (സവർഡോ ബ്രെഡ് ആണെങ്കിൽ കൂടുതൽ രുചികരം). ഇതിന് മുകളിൽ പ്രോട്ടീൻ സമ്പന്നമായ ഹമ്മസ് (Hummus) കൂടി ഒരു ലെയറായി ചേർത്താൽ മികച്ചൊരു ബ്രേക്ക്ഫാസ്റ്റ് റെഡി! ഗ്യാസ് കത്തിക്കാതെ തന്നെ റെസ്റ്റോറന്റ് സ്റ്റൈലിൽ ഇത് ആസ്വദിക്കാം.

വൈറലായ ചിയ സീഡ് പുഡിംഗ്

ഫിറ്റ്‌നസ് ഫ്രീക്കുകളായ ജെൻ സിക്കിടയിൽ ഇപ്പോൾ ഏറ്റവും വൈറലായ വിഭവമാണിത്. പാചകം ആവശ്യമില്ലാത്തതും എന്നാൽ ധാരാളം പോഷകങ്ങൾ അടങ്ങിയതുമായ ഒന്നാണിത്. ചിയ വിത്തുകൾ പാലിലോ തേങ്ങാപ്പാലിലോ കുതിർത്ത് രാത്രി മുഴുവൻ വെക്കുക. രാവിലെ ഇതൊരു പുഡിംഗ് പരുവത്തിലായിട്ടുണ്ടാകും. ഇതിലേക്ക് സീസണൽ പഴങ്ങളും നട്‌സും അല്പം തേനും ചേർക്കാം. ഒമേഗ-3 ഫാറ്റി ആസിഡും ഫൈബറും ഇതിൽ ധാരാളമുണ്ട്. ഇത് ദിവസം മുഴുവൻ നിങ്ങൾക്ക് ഉന്മേഷം നൽകും.

ഗ്രീക്ക് യോഗർട്ട് പാർഫെ

അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ സാധനങ്ങൾ വെച്ച് വളരെ പെട്ടെന്ന് ഇത് തയ്യാറാക്കാം. കാണാൻ മനോഹരമായ ഒരു ലെയേർഡ് ഡിഷ് ആണിത്. ഒരു ഗ്ലാസ്സിൽ ആദ്യം ഗ്രീക്ക് യോഗർട്ട് (അല്ലെങ്കിൽ കട്ടിത്തൈര്) ഇടുക. അതിന് മുകളിൽ ഗ്രനോളയോ ധാന്യങ്ങളോ ചേർക്കാം. അടുത്ത ലെയറായി നേന്ത്രപ്പഴമോ സ്ട്രോബെറിയോ തേനോ ചേർക്കുക. ഇങ്ങനെ ലെയറുകളായി തയ്യാറാക്കുന്നത് കാണാൻ മാത്രമല്ല കഴിക്കാനും മികച്ചതാണ്.

പ്രോട്ടീൻ പവർ നൽകുന്ന സ്പ്രൗട്ട് സാലഡ്

അടുപ്പ് കത്തിക്കാതെ കഴിക്കാവുന്ന ഏറ്റവും നാടൻ വിഭവമാണിത്. പ്രോട്ടീൻ പൗഡറുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ നാച്ചുറൽ ആയി പ്രോട്ടീൻ ലഭിക്കാൻ ഇത് സഹായിക്കും. മുളപ്പിച്ച ധാന്യങ്ങളിലേക്ക് സവാള, തക്കാളി, വെള്ളരിക്ക, മല്ലിയില എന്നിവ അരിഞ്ഞു ചേർക്കാം. ഒപ്പം അല്പം നാരങ്ങാനീരും ചാട്ട് മസാലയും കൂടി ചേർത്താൽ സംഗതി കളറായി! ഇത് ഫ്രഷ് ആയി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

കോട്ടേജ് ചീസ് ബൗൾ

നമ്മൾ പലപ്പോഴും ഗൗനിക്കാത്ത ഒന്നാണെങ്കിലും പ്രോട്ടീൻ കലവറയാണ് കോട്ടേജ് ചീസ്. ഇത് വെച്ച് പല രീതിയിൽ വിഭവങ്ങൾ ഉണ്ടാക്കാം. കോട്ടേജ് ചീസിലേക്ക് ബെറി പഴങ്ങളോ നട്‌സോ ചേർത്ത് മധുരമുള്ള വിഭവമായോ, അതല്ലെങ്കിൽ വെള്ളരിക്കയും തക്കാളിയും അവോക്കാഡോയും ചേർത്ത് സാലഡ് രൂപത്തിലോ കഴിക്കാവുന്നതാണ്. ഗ്യാസ് ഉപയോഗിക്കാതെ തന്നെ മണിക്കൂറുകളോളം വിശപ്പില്ലാതെ ഇരിക്കാൻ ഇത് സഹായിക്കും.

സമയലാഭം തന്നെയാണ് ഇതിൽ പ്രധാനം. തിരക്കുള്ള ജീവിതശൈലിയിൽ അടുക്കളയിൽ കൂടുതൽ സമയം ചിലവാക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഗ്യാസ് ഉപയോഗിക്കാത്തതുകൊണ്ട് തന്നെ എണ്ണയുടെയും മസാലകളുടെയും ഉപയോഗം കുറവായിരിക്കും. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഗ്യാസ് സിലിണ്ടർ തീർന്നാൽ പേടിക്കേണ്ട, ഈ ഹെൽത്തി ഓപ്ഷനുകളിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ!

PREV
Read more Articles on
click me!

Recommended Stories

ചർമ്മം കണ്ണാടി പോലെ തിളങ്ങണോ? വേണ്ട, 'ബ്ലൂം സ്കിൻ' മതി! കൊറിയൻ സുന്ദരിമാരുടെ പുതിയ ചർമ്മരഹസ്യം
കറ്റാർവാഴ കൊണ്ടുള്ള 8 ഫേസ് പാക്കുകൾ