സംഭവം വെറൈറ്റിയാണ് : 'ജെൻ സി' പ്രണയ ലോകത്തെ ന്യൂജെൻ വാക്കുകൾ

Published : Oct 24, 2025, 06:45 PM IST
Gen Z dating Dictionary

Synopsis

പ്രണയബന്ധം, സൗഹൃദം എന്നീ ലേബലുകൾക്ക് ഇടയിലുള്ള ഒരു അവസ്ഥയാണിത്. സ്ഥിരമായി കാണുന്നുണ്ടാകാം, ഒരുമിച്ചു സമയം ചെലവഴിക്കുന്നുണ്ടാകാം, എന്നാൽ പരസ്പരം 'ബോയ്ഫ്രണ്ട്' എന്നോ 'ഗേൾഫ്രണ്ട്' എന്നോ വിളിക്കുകയോ ഒരു ബന്ധത്തിൽ ഞങ്ങൾ കമ്മിറ്റഡ് ആണ് എന്ന് പറയുകയോ…

പ്രണയബന്ധങ്ങളെക്കുറിച്ചും, ഡേറ്റിംഗിനെക്കുറിച്ചുമുള്ള ചിട്ടവട്ടങ്ങളെല്ലാം ജെൻ സി യുവതലമുറ പുതിയ വാക്കുകളിലൂടെയും ശൈലികളിലൂടെയും പൊളിച്ചെഴുതുകയാണ്. സോഷ്യൽ മീഡിയയുടെയും ഇൻസ്റ്റന്റ് കമ്മ്യൂണിക്കേഷന്റെയും ലോകത്ത്, ബന്ധങ്ങളിലെ ഓരോ സൂക്ഷ്മമായ വികാരങ്ങൾക്കും സന്ദർഭങ്ങൾക്കും ഇന്ന് അവർ പുതിയ വാക്കുകൾ നൽകിയിരിക്കുന്നു. നിങ്ങൾ ഒരു ഡേറ്റിംഗ് ആപ്പിൽ സജീവമാണെങ്കിലും അല്ലെങ്കിലും, ജെൻ സി-കളുടെ പ്രണയലോകത്തെ ഈ ന്യൂജെൻ വാക്കുകൾ അറിഞ്ഞിരിക്കണം. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ രൂപപ്പെട്ട അവരുടെ ഡേറ്റിംഗ് നിഘണ്ടുവിലെ ചില രസകരവും എന്നാൽ ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പദങ്ങൾ പരിചയപ്പെടാം.

1. സിറ്റുവേഷൻഷിപ്പ് : ബന്ധമുണ്ട്, പക്ഷേ ബന്ധമില്ല

പ്രണയബന്ധം, സൗഹൃദം എന്നീ ലേബലുകൾക്ക് ഇടയിലുള്ള ഒരു അവസ്ഥയാണിത്. സ്ഥിരമായി കാണുന്നുണ്ടാകാം, ഒരുമിച്ചു സമയം ചെലവഴിക്കുന്നുണ്ടാകാം, എന്നാൽ പരസ്പരം 'ബോയ്ഫ്രണ്ട്' എന്നോ 'ഗേൾഫ്രണ്ട്' എന്നോ വിളിക്കുകയോ ഒരു ബന്ധത്തിൽ ഞങ്ങൾ കമ്മിറ്റഡ് ആണ് എന്ന് പറയുകയോ ചെയ്യുന്നില്ല. നിർവചിക്കപ്പെടാത്ത ഒരു ബന്ധം. ഒരു കമ്മീറ്റ്‌മെന്റിനും തയ്യാറാകാതെ, ബന്ധത്തിന്റെ സുരക്ഷിതത്വത്തിൽ തുടരാനുള്ള ജെൻ സികളുടെ താൽപര്യമാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.

2. ഗോസ്റ്റിംഗ് ആൻഡ് സോംബിയിംഗ് : അപ്രത്യക്ഷമാകുന്നു, വീണ്ടും തിരിച്ചുവരുന്നു

ഓൺലൈൻ ഡേറ്റിംഗിന്റെ കാലത്തെ ഏറ്റവും വലിയ പ്രവണതകളിൽ ഒന്നാണ് ഗോസ്റ്റിംഗ്. ഒരു മുന്നറിയിപ്പുമില്ലാതെ, എല്ലാ ആശയവിനിമയങ്ങളും പെട്ടെന്ന് നിർത്തി, ഒരാളുടെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷനാകുന്നതിനാണ് 'ഗോസ്റ്റിംഗ്' എന്ന് പറയുന്നത്. എന്നാൽ, ഗോസ്റ്റിംഗിന്റെ പുതിയ പതിപ്പാണ് സോംബിയിംഗ്. ഗോസ്റ്റ് ചെയ്ത ശേഷം, മാസങ്ങൾ കഴിഞ്ഞോ വർഷങ്ങൾ കഴിഞ്ഞോ യാതൊരു വിശദീകരണവുമില്ലാതെ, മരിച്ച ഒരാൾ തിരിച്ചു വരുന്നതുപോലെ പെട്ടെന്ന് മെസ്സേജ് അയച്ചോ സോഷ്യൽ മീഡിയയിൽ ലൈക്ക് അടിച്ചോ ബന്ധത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുന്നതിനെയാണ് സോംബിയിംഗ് എന്ന് വിളിക്കുന്നത്.

3. ബ്രെഡ്ക്രംബിംഗ് : പ്രത്യാശയുടെ കഷണങ്ങൾ

വലിയൊരു പ്രതിബദ്ധതയിലേക്ക് കടക്കാൻ താൽപര്യമില്ലാത്ത ഒരാൾ, താൽപര്യമുള്ള മറ്റൊരാൾക്ക് പ്രതീക്ഷ നൽകി കൂടെ നിർത്തുന്ന രീതിയാണിത്. ഒരു ഡേറ്റിന് ക്ഷണിക്കുകയോ കാര്യമായ സംഭാഷണങ്ങൾ നടത്തുകയോ ചെയ്യാതെ, വല്ലപ്പോഴും ഒരു മെസ്സേജ് അയച്ചോ സോഷ്യൽ മീഡിയ പോസ്റ്റിന് ലൈക്ക് അടിച്ചോ മാത്രം ശ്രദ്ധ നൽകി, മറ്റൊരാളുടെ താൽപര്യം നിലനിർത്തുന്നതിനാണ് ബ്രെഡ്ക്രംബിംഗ് എന്ന് പറയുന്നത്. ഭാവിയിൽ ഉപയോഗിക്കാനുള്ള ഒരു 'ബാക്കപ്പ്' ഓപ്ഷനായി ഒരാളെ നിലനിർത്താൻ ഇത് സഹായിക്കുന്നു.

4. ഓർബിറ്റിംഗ് : ചുറ്റിക്കറങ്ങുന്ന ബന്ധങ്ങൾ

നിങ്ങളുമായി നേരിട്ടുള്ള സംഭാഷണങ്ങൾ അവസാനിപ്പിക്കുകയോ ഗോസ്റ്റ് ചെയ്യുകയോ ചെയ്ത ഒരാൾ, സോഷ്യൽ മീഡിയയിൽ നിങ്ങളുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യുക, സ്റ്റോറികൾ കാണുക, കമന്റുകൾ ഇടുക തുടങ്ങിയ കാര്യങ്ങൾ സ്ഥിരമായി ചെയ്യുന്നതിനാണ് ഓർബിറ്റിംഗ് എന്ന് വിളിക്കുന്നത്. നേരിട്ട് സംസാരിക്കാൻ തയ്യാറല്ല, പക്ഷേ സോഷ്യൽ മീഡിയയിൽ ഒരു 'കണ്ണി' നിലനിർത്തുന്നു. ബന്ധം പൂർണ്ണമായി അവസാനിപ്പിക്കാൻ കഴിയാത്തതും എന്നാൽ പുതിയ ബന്ധം സ്ഥാപിക്കാൻ ധൈര്യമില്ലാത്തതുമായ അവസ്ഥയാണിത്.

5. സോഫ്റ്റ് ലോഞ്ചിംഗ് : ബന്ധം പതിയെ പുറത്തറിയുന്നു

ഒരു പുതിയ പ്രണയബന്ധം സോഷ്യൽ മീഡിയയിൽ പരസ്യമാക്കുന്നതിന് ജെൻ സി ഉപയോഗിക്കുന്ന രസകരമായ ഒരു രീതിയാണിത്. ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ, ആളുകൾക്ക് ഊഹിക്കാൻ അവസരം നൽകുന്ന വിധത്തിൽ പതുക്കെ വിവരങ്ങൾ പുറത്തുവിടുന്നു. ഉദാഹരണത്തിന്, പങ്കാളിയുടെ മുഖം കാണിക്കാതെ, ഒരു കോഫി കപ്പിൽ കൈ മാത്രം കാണിച്ചോ, അവരുടെ നിഴൽ മാത്രം ഫോട്ടോയിൽ ഉൾപ്പെടുത്തിക്കൊണ്ടോ സ്റ്റോറി പോസ്റ്റ് ചെയ്യുന്നത് സോഫ്റ്റ് ലോഞ്ചിംഗ് ആണ്.

6. ലവ് ബോംബിംഗ് :

ഒരു ബന്ധത്തിന്റെ തുടക്കത്തിൽ, പങ്കാളിയെ അമിതമായി സ്നേഹക്കുകയും, വാത്സലിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇത് ആത്മാർത്ഥമായ സ്നേഹപ്രകടനമായി തോന്നാമെങ്കിലും, പിന്നീട് പങ്കാളി ബന്ധത്തിൽ അടിമപ്പെട്ടു കഴിഞ്ഞാൽ പെട്ടെന്ന് ഇവർ വിട്ടുമാറുകയും വൈകാരികമായി ചൂഷണം ചെയ്യുകയും ചെയ്യും. ഇത് പലപ്പോഴും മാനിപ്പുലേഷന്റെ ഒരു രൂപമായി കണക്കാക്കപ്പെടുന്നു.

എന്തുകൊണ്ട് ഈ പുതിയ വാക്കുകൾ?

ഈ വാക്കുകളെല്ലാം സൂചിപ്പിക്കുന്നത്, ജെൻ സി തലമുറ പ്രണയത്തെയും ബന്ധങ്ങളെയും കൂടുതൽ പ്രായോഗികമായും യാഥാർത്ഥ്യബോധത്തോടെയും സമീപിക്കുന്നു എന്നതാണ്. സ്ഥിരമായ ബന്ധങ്ങൾ നൽകുന്ന സമ്മർദ്ദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും, സ്വന്തം ഇഷ്ടങ്ങൾക്കും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകാനും അവർ ശ്രമിക്കുന്നു.

ബന്ധങ്ങളെ ലളിതമായ പേരുകളിൽ ഒതുക്കാതെ, അവയുടെ സങ്കീർണ്ണതകളെ കൃത്യമായി നിർവചിക്കാൻ ഈ വാക്കുകൾ യുവതലമുറയ്ക്ക് അവസരം നൽകുന്നു. മില്ലെനിയൽസിനും മറ്റ് പഴയ തലമുറകൾക്കും ഈ വാക്കുകൾ ഒരു ന്യൂജെൻ ഭാഷയായി തോന്നാമെങ്കിലും,ജെൻ സി-യെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ആശയവിനിമയ ശൈലിയുടെ ഭാഗമാണ്.

 

PREV
Read more Articles on
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ