ഇപ്പൊ ഇങ്ങനെയൊക്കെയാ! 2025-നെ കീഴടക്കിയ 'ജെൻ സി' സ്ലാങ്ങ്

Published : Dec 22, 2025, 04:02 PM IST
slang

Synopsis

ഭാഷ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മുൻതലമുറകളെ ജെൻ സി ഭാഷാപ്രയോഗങ്ങൾ അതിവേഗത്തിലാണ് ഇൻ്റർനെറ്റ് ലോകം കീഴടക്കുന്നത്. ഇൻസ്റ്റാഗ്രാം കമൻ്റുകളിലും റീലുകളിലും ആരംഭിച്ച് ദൈനംദിന സംഭാഷണങ്ങളിൽ വരെ ഇടംപിടിച്ച 2025-ലെ പ്രധാന സ്ലാങ്ങുകളെ പരിചയപ്പെടാം.

നീ പോ മോനേ ദിനേശാ...എന്ന നരസിംഹത്തിലെ ഇന്ദുചൂഡൻ്റെ ഡയലോഗ് പറഞ്ഞ് പഴയ ആളുകൾ മാസ്സ് കാണിക്കുമ്പോൾ, പുതിയ പിള്ളേർ തിരിച്ചു ചോദിക്കുന്നത് "Bro, why are you yapping? Your aura is literally 1000" എന്നാണ്. ​ഒന്നും മനസ്സിലായില്ലേ? എങ്കിൽ മോനേ ദിനേശാ... നിങ്ങൾ ഔട്ട്‌ഡേറ്റഡ് ആയിപ്പോയി..2025ൽ ഏറ്റവും ഹിറ്റായ ജെൻ സി സ്ലാങ്ങുകൾ അറിഞ്ഞില്ലെങ്കിൽ, ഇൻ്റർനെറ്റ് ലോകത്ത് നിങ്ങൾ വെറുമൊരു 'NPC' മാത്രമായി അവശേഷിക്കും. നമ്മൾ സിനിമയിലെ മാസ്സ് ഡയലോഗുകൾ കൊണ്ട് വീരവാദം മുഴക്കിയപ്പോൾ, പുതിയ തലമുറ സ്വന്തമായി ഒരു 'ഡിജിറ്റൽ നിഘണ്ടു' ഉണ്ടാക്കി ലോകം കീഴടക്കുകയാണ്. ​2025-ൽ സോഷ്യൽ മീഡിയ കീഴടക്കിയ ആ വിചിത്രമായ വാക്കുകളെ നമുക്കൊന്ന് പരിചയപ്പെടാം.

എന്താണ് ഈ 'ജെൻ സി' സ്ലാങ്ങ്?

വാക്കുകൾ ചുരുക്കി ഉപയോഗിക്കാനും വികാരങ്ങളെ വേഗത്തിൽ പ്രകടിപ്പിക്കാനുമാണ് പുതിയ തലമുറ ഇഷ്ടപ്പെടുന്നത്. ഉദാഹരണത്തിന്, വലിയൊരു വിശദീകരണം നൽകുന്നതിന് പകരം "Mid" എന്ന ഒറ്റ വാക്കിലൂടെ ഒരു കാര്യം ശരാശരി നിലവാരമേയുള്ളൂ എന്ന് അവർ പറയും. "No Cap" എന്നാൽ കള്ളമല്ല, സത്യമാണ് എന്നാണ് അർത്ഥം. ആരെങ്കിലും എന്തെങ്കിലും മനോഹരമായി ചെയ്താൽ അതിനെ "Slay" എന്ന് വിശേഷിപ്പിക്കുന്നു.

2025-ൽ തരംഗമായ പ്രധാന വാക്കുകൾ

1. കോട്ട് ഇൻ 4കെ (Caught in 4K): 

ഒരാൾ കള്ളം പറയുകയോ തെറ്റ് ചെയ്യുകയോ ചെയ്യുമ്പോൾ അത് വ്യക്തമായ ഡിജിറ്റൽ തെളിവോടെ (ഫോട്ടോയോ വീഡിയോയോ) പിടിക്കപ്പെടുന്നതിനെയാണിത് പറയുന്നത്. ഹൈ ഡെഫനിഷൻ വീഡിയോ പോലെ സത്യം പുറത്തുവന്നു എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

2. റിസ്: 

'Charisma' എന്ന വാക്കിന്റെ ചുരുക്കരൂപം. ഒരാളെ ആകർഷിക്കാനുള്ള കഴിവാണിത്. പ്രണയകാര്യങ്ങളിൽ ഒരാൾ കാണിക്കുന്ന മിടുക്കിനെ 'റിസ്' എന്ന് വിളിക്കുന്നു. 2023-ലെ ഓക്സ്ഫോർഡ് വേർഡ് ഓഫ് ദി ഇയർ ആയിരുന്നു ഇത്. ഒരാൾക്ക് നല്ല റിസ് ഉണ്ടെന്ന് പറഞ്ഞാൽ അയാൾ മറ്റുള്ളവരെ വശീകരിക്കാൻ മിടുക്കനാണെന്ന് അർത്ഥം.

3. ഓറ

 ഒരാളുടെ പ്രഭാവത്തെ അല്ലെങ്കിൽ 'മാസ്സ്' ലുക്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരാൾ ഒരു നല്ല കാര്യം ചെയ്താൽ പ്ലസ് ഓറ (+Aura) എന്നും, അബദ്ധം കാണിച്ചാൽ മൈനസ് ഓറ (-Aura) എന്നും പറയുന്നു. സോഷ്യൽ മീഡിയയിൽ ഒരാളുടെ മതിപ്പ് അളക്കുന്ന രീതിയാണിത്.

4. ഡെലൂലു 

 'Delusional' എന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. അസാധ്യമായ കാര്യങ്ങൾ നടക്കുമെന്ന് വിശ്വസിക്കുന്ന അവസ്ഥയാണിത്. "Delulu is the only solulu" (ഭ്രാന്തമായ ചിന്തകളാണ് ഏക പരിഹാരം) എന്നത് ജെൻ സി തലമുറയുടെ ഒരു തമാശ കലർന്ന വാക്കാണ്.

5. ഇക് (The Lck)

ഇഷ്ടപ്പെട്ട ഒരാളോട് പെട്ടെന്ന് എന്തെങ്കിലും ഒരു ചെറിയ കാര്യത്താൽ തോന്നുന്ന വലിയ താല്പര്യക്കുറവാണിത്. ഉദാഹരണത്തിന് ഒരാൾ ഭക്ഷണം കഴിക്കുന്ന രീതിയോ ചിരിക്കുന്ന രീതിയോ കണ്ട് പെട്ടെന്ന് അയാളോടുള്ള ഇഷ്ടം മാറുന്നതിനെ 'ഇക്' എന്ന് വിളിക്കുന്നു.

6. സിറ്റുവേഷൻഷിപ്പ്

സൗഹൃദത്തേക്കാൾ കൂടുതൽ എന്നാൽ പ്രണയമെന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്തതുമായ ഒരു ബന്ധമാണിത്. ഭാവി കാര്യങ്ങളിൽ വ്യക്തമായ ഉറപ്പില്ലാതെ മുന്നോട്ട് പോകുന്ന ബന്ധങ്ങളെ വിശേഷിപ്പിക്കാൻ ജെൻ സി ഈ വാക്ക് ഉപയോഗിക്കുന്നു.

7. റേജ് ബെയ്റ്റ് 

 2025-ലെ ഓക്സ്ഫോർഡ് വേർഡ് ഓഫ് ദി ഇയർ. ആളുകളെ മനപ്പൂർവ്വം ദേഷ്യം പിടിപ്പിച്ച് കൂടുതൽ കമന്റുകളും റീച്ചും നേടാൻ സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകളെയാണ് ഇങ്ങനെ വിളിക്കുന്നത്. ദേഷ്യം വരുമ്പോൾ ആളുകൾ കൂടുതൽ പ്രതികരിക്കും എന്ന തന്ത്രമാണിത്.

8. സ്ലോപ്പ് 

എഐ ഉപയോഗിച്ച് ഗുണനിലവാരമില്ലാതെ നിർമ്മിക്കുന്ന ഡിജിറ്റൽ ചവറുകളെയാണ് സ്ലോപ്പ് എന്ന് വിളിക്കുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിറഞ്ഞുനിൽക്കുന്ന ഉപകാരപ്രദമല്ലാത്ത എഐ ചിത്രങ്ങളും വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു.

9. ടച്ച് ഗ്രാസ്

എപ്പോഴും ഇന്റർനെറ്റിൽ സമയം ചിലവഴിക്കുന്നവരോട് യഥാർത്ഥ ലോകത്തേക്ക് മടങ്ങാൻ ആവശ്യപ്പെടുന്ന പരിഹാസമാണിത്. ഫോൺ മാറ്റിവെച്ച് പുറത്തിറങ്ങി പ്രകൃതിയെ കാണൂ എന്നാണ് ഇതിന്റെ അർത്ഥം.

10. ബ്രെയിൻ റോട്ട്

അർത്ഥശൂന്യമായ മീമുകളും ലോജിക് ഇല്ലാത്ത വീഡിയോകളും കണ്ട് ചിന്താശേഷി നശിക്കുന്ന അവസ്ഥയാണിത്. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം തലച്ചോറിനെ ബാധിക്കുന്നതിനെയാണിത് സൂചിപ്പിക്കുന്നത്.

11. എൻ.പി.സി ബിഹേവിയർ

 'Non-Playable Character' എന്ന ഗെയിമിംഗ് പദത്തിൽ നിന്നാണ് ഇത് വന്നത്. സ്വന്തമായി ചിന്തകളില്ലാതെ മറ്റുള്ളവർ ചെയ്യുന്നത് അതേപടി അനുകരിക്കുന്നവരെ കളിയാക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു.

12. മിഡ്

ഒരു കാര്യം അത്ര പോരാ, വെറും ശരാശരി നിലവാരമേയുള്ളൂ എന്ന് പറയാൻ ഉപയോഗിക്കുന്നു. ഒരു സിനിമയോ ഭക്ഷണമോ അത്ര കണ്ടു രസിച്ചില്ലെങ്കിൽ "It's mid" എന്ന് അവർ പറയുന്നു.

ഭാഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ പുതിയ പ്രയോഗങ്ങൾ ആശയവിനിമയം വേഗത്തിലാക്കുന്നുണ്ടെങ്കിലും, ഇത് വരുംതലമുറയുടെ ഭാഷാശുദ്ധിയെ ബാധിച്ചേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എങ്കിലും, 2025-ലെ ഡിജിറ്റൽ ലോകത്ത് അതിജീവിക്കാൻ ഈ 'പുത്തൻ ഭാഷ' അറിഞ്ഞിരിക്കുക എന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമായി മാറിയിരിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്