വീടില്ലാത്തവർക്ക് തെരുവിൽ ഉറങ്ങാൻ 'സ്ലീപ് പോഡു'കൾ പണിതു നൽകി ഒരു ജർമൻ നഗരം

By Web TeamFirst Published Jan 24, 2021, 11:07 AM IST
Highlights

ഉരുക്കും മരവും ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ഈ കുഞ്ഞു കാബിനുകളിൽ കഷ്ടിച്ച് രണ്ടു പേർക്ക് കിടന്നുറങ്ങാനുള്ള ഇടമുണ്ട്.

ജർമനിയിലെ മ്യൂണിക്ക് നഗരത്തിൽ നിന്ന് 75 മൈൽ അകലെയുള്ള ഒരു ചെറുനഗരമാണ് ഉൾമ്. ഇവിടത്തെ നഗരസഭ വരാനിരിക്കുന്ന ശൈത്യത്തെ വരവേൽക്കാൻ തയ്യാറെടുത്ത് നഗരത്തിലെ തെരുവുകളിൽ കഴിയാൻ ഇപ്പോഴും വിധിക്കപ്പെട്ടിട്ടുള്ളവർക്ക് തണുപ്പും മഴയും ഏൽക്കാതെ രാത്രി കഴിച്ചുകൂട്ടാൻ വേണ്ട സംവിധാനങ്ങളോട് കൂടിയ "ഉൾമെർനെസ്റ്റുകൾ" പണിതു നൽകിക്കൊണ്ടാണ്.

യൂറോപ്യൻ 'സ്ലീപ് പോഡ്' സങ്കല്പത്തോട് യോജിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണ് ഇത്. ഉരുക്കും മരവും ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ഈ കുഞ്ഞു കാബിനുകളിൽ കഷ്ടിച്ച് രണ്ടു പേർക്ക് കിടന്നുറങ്ങാനുള്ള ഇടമുണ്ട്.

അകത്തേക്ക് കയറിക്കിടന്ന ശേഷം വാതിലടച്ചാൽ അകത്ത് രാത്രിമുഴുവൻ ശുദ്ധവായുവിന്റെ തുടർച്ചയായ പ്രവാഹം ഉറപ്പുനൽകുന്ന വെന്റിലേഷൻ സംവിധാനവും നഗരസഭ ഈ  സോളാർ പവേർഡ് പോഡുകളിൽ ഒരുക്കിയിട്ടുണ്ട്. ഇതിനകത്തുനിന്ന്  പുറംലോകവുമായി ബന്ധപ്പെടേണ്ട അടിയന്തര സാഹചര്യം ഉണ്ടായാൽ അതിനുതകുന്ന രീതിയിൽ റേഡിയോ സമ്പർക്കത്തിനുള്ള ഉപാധികളും ഈ പോഡുകളിൽ ഉണ്ട്. 

നഗരത്തിലെ തെരുവുകളിൽ പലയിടത്തായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ പോഡുകൾ ഉപയോഗിക്കാൻ വേണ്ടി വീടില്ലാതെ തെരുവിൽ കഴിയുന്ന സാധുക്കൾക്ക് എവിടെയും രജിസ്റ്റർ ചെയ്യുക പോലും വേണ്ട. ഈ പോഡുകൾ ആരെങ്കിലും ഉപയോഗിച്ച് എന്നറിയാനുള്ള സെൻസർ സംവിധാനവും ഇവയിലുണ്ട്.

ഇങ്ങനെ ലഭിക്കുന്ന വിവരം ഉടനടി സാമൂഹിക സുരക്ഷാ വകുപ്പിന് കൈമാറുകയും, അവരുടെ വളണ്ടിയർമാർ അടുത്ത ദിവസം രാവിലെ തന്നെ ഈ പോഡുകളിൽ കിടന്നുറങ്ങുന്നവരെ ചെന്നു കണ്ട് അവർ തെരുവിൽ ഉറങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടതൊക്കെ ചെയ്തു കൊടുക്കുന്ന രീതിയിലാണ് ഈ പ്രോജക്ട് വിഭാവനം ചെയ്തിട്ടുള്ളത്. 

അങ്ങനെ കിടന്നുറങ്ങുന്നവർ അന്നു തന്നെ സ്ഥിരമായ കെയർ ഹോമുകളിലേക്ക് മാറ്റിയ ശേഷം, അടുത്ത രാത്രിയിലേക്ക് ഈ പോഡുകൾ പകൽ വളണ്ടിയർമാർ വൃത്തിയാക്കി വീണ്ടും തയ്യാർ ചെയ്തിടുണ്. ഈ പോഡുകളിൽ കഴിയേണ്ട സാഹചര്യമുള്ളവർക്ക് അയൽപക്കത്തുള്ള വീടുകളിൽ നിന്ന് ചിലർ ചായയും ഭക്ഷണവും ഒക്കെ കൊണ്ട് ചെന്നു കൊടുക്കുന്ന രീതിയിലുള്ള സാമൂഹികമായ മാറ്റങ്ങളും ഈ പോഡുകൾ സ്ഥാപിച്ചതിൽ പിന്നെ ഉണ്ടായിട്ടുണ്ട് എന്ന്  ഉൾമെർനെസ്റ്റ് പ്രോജക്ടിന്റെ സ്ഥാപകരിൽ ഒരാളായ ഫ്ലോറിയാൻ 'Bored Panda'യോട് പറഞ്ഞു. 

click me!