ജീവനോടെ കടിച്ചു തിന്നാൻ ശ്രമിച്ച ഭീമൻനായയിൽ നിന്ന് അമ്മയെ രക്ഷിച്ചത് ആറുവയസ്സുകാരൻ കാണിച്ച ബുദ്ധി

By Web TeamFirst Published Jun 30, 2020, 4:27 PM IST
Highlights

ആക്രമിക്കുന്നതിന് തലേ ദിവസം ഇതേ ഭീമൻ നായയെപ്പേടിച്ച് വീട്ടിലേക്കുള്ള വഴിയേ നടന്നു പോകാനാവാതെ രണ്ടു മൂന്നു മണിക്കൂർ നേരം പേടിച്ചരണ്ട് നിൽക്കേണ്ടി വന്നിരുന്നു ഓൾഗയ്ക്ക് റോഡിൽ തന്നെ. 

മോസ്‌കോയ്ക്കടുത്തുള്ള ഇവാൻകോവ ഗ്രാമവാസികൾ ഏറെ കുപിതരാണ്. പ്രദേശത്ത് താമസിക്കുന്ന ഒരു റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ വളർത്തുന്ന സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട ഭീമൻ നായയുടെ ആക്രമണത്തിൽ പെട്ട് വലതു കൈ മുട്ടിനു താഴോട്ട് മുറിച്ചു നീക്കേണ്ടി വന്നിരിക്കയാണ് ഒരു വിധവയ്ക്ക്. 

ആറുവയസ്സുള്ള ഏകമകൻ മാറ്റ്‌വിയോടൊപ്പം സ്വന്തം വീട്ടിലേക്ക് നടന്നുവരികയായിരുന്നു ഓൾഗ എന്ന 34 കാരി. റഷ്യൻ രഹസ്യപ്പോലീസായ FSB യിൽ ജോലിചെയ്തുകൊണ്ടിരിക്കെ ഒരു അപകടത്തിൽ ഭർത്താവ് കൊല്ലപ്പെട്ട ശേഷം ഓൾഗ ഒറ്റയ്ക്കാണ് മകനെ വളർത്തിക്കൊണ്ടു വന്നിരുന്നത്. ആക്രമിക്കുന്നതിന് തലേ ദിവസം ഇതേ ഭീമൻ നായയെപ്പേടിച്ച് വീട്ടിലേക്കുള്ള വഴിയേ നടന്നു പോകാനാവാതെ രണ്ടു മൂന്നു മണിക്കൂർ നേരം പേടിച്ചരണ്ട് നിൽക്കേണ്ടി വന്നിരുന്നു ഓൾഗയ്ക്ക് റോഡിൽ തന്നെ. അന്ന് ആ നായ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോയ ശേഷമാണ് ഓൾഗക്ക് വീട്ടിലേക്ക് കയറാനായത്. വീട്ടിലെത്തിയ പാടെ ഓൾഗ പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു എങ്കിലും, പൊലീസിന്റെ ഭാഗത്തുനിന്ന് പട്ടിയുടെ ഉടമയ്‌ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.  ഏറെ ആക്രമണസ്വഭാവിയായ തന്റെ പട്ടിയെ സ്വൈരവിഹാരം നടത്താൻ അഴിച്ചു വിട്ടിരിക്കുന്ന ഈ റിട്ട. സർക്കാരുദ്യോഗസ്ഥൻ ഇതുവരെയുള്ള പ്രതികളോട് പരിഹാസസ്വരത്തിൽ പ്രതികരിച്ച അനുഭവമാണ് പ്രദേശവാസികൾക്കുള്ളത്. 

ആടുമാടുകളെ മേയ്ക്കാൻ വേണ്ടി കർഷകർ വളർത്തിക്കൊണ്ടുവന്ന ഒരു പ്രത്യേകയിനം നായ്ക്കളാണ് സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് എന്നറിയപ്പെടുന്നത്. ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ നായ്ക്കൾ പൂർണ്ണവളർച്ചയെത്തുമ്പോൾ 100 കിലോ വരെ ഭാരമുള്ള ഭീമന്മാരാണ്

എന്നാൽ, ഇതുവരെയുള്ള ഈ നായയുടെ ആക്രമണങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം ഓൾഗയ്ക്ക് നേരെ ഉണ്ടായ ആക്രമണം. ജീവനോടെ തിന്നുകളയാൻ തന്നെ ഉറപ്പിച്ചായിരുന്നു നായ ഓൾഗയെ ആക്രമിച്ചത്.  കൈക്ക് കടിച്ചു പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു നായ അവരെ. കണ്മുന്നിൽ അമ്മയെ കടിച്ചു കൊല്ലാൻ ശ്രമിച്ച നായയെ എതിരിട്ട് തോൽപ്പിക്കാൻ എന്തായാലും കുഞ്ഞ് മാറ്റ്‌വിക്ക് സാധിക്കില്ലായിരുന്നു. എന്നാൽ, അമ്മയുടെ കരച്ചിലും, നായയുടെ ക്രൗര്യവും കണ്ടപ്പോൾ അവന്റെ മനസ്സിൽ മറ്റൊരു വഴി തെളിഞ്ഞു. തന്റെ സൈക്കിളിൽ കയറി കൊടുങ്കാറ്റിന്റെ വേഗത്തിൽ പെഡൽ ചവിട്ടി അവൻ തൊട്ടപ്പുറത്തുള്ള പീടികമുറികളുടെ അടുത്തെത്തി. അവിടെ സാധനം വാങ്ങാൻ വന്നിരുന്നവരോട് അവൻ പറഞ്ഞു, " എന്റെ അമ്മയെ രക്ഷിക്കൂ... ആ നായ ഇപ്പോൾ എന്റമ്മയെ കടിച്ചു കൊല്ലും... ഒന്ന് രക്ഷിക്കൂ വേഗം."

അങ്ങോട്ട് പോയതിലും വേഗത്തിൽ സഹായത്തിന് ആളുമായി തിരികെ വന്ന മാറ്റ്‌വിഅവരുടെ സഹായത്തോടെ നായയെ പേടിപ്പിച്ച് ഓടിച്ചു. അവർ അമ്മയെ നേരെ ആശുപത്രിയിലെത്തിച്ചു. അടിയന്തരമായി ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റിയ ഓൾഗക്ക് താമസിയാതെ ബോധം നഷ്ടപ്പെട്ടു. അടുത്ത ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ അരികിൽ മാറ്റ്‌വിയാണ് ഉണ്ടായിരുന്നത്. കഴുത്തിന് താഴോട്ട് ഒന്നും ഉള്ളതായി അവൾക്ക് തോന്നുന്നുണ്ടായിരുന്നില്ല. 

അധികം താമസിയാതെ സർജൻ റൂമിലേക്ക് വന്നു. "നിന്റെ കൈ, അതിനെ രക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. പറ്റിയില്ല. ഒന്നും ബാക്കി വെച്ചിരുന്നില്ല ആ നായ. " എന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് ഓൾഗ തന്റെ വലത്തേ കയ്യിലേക്ക് ഏന്തിവലിഞ്ഞ് നോക്കിയത്. അവിടെ മുട്ടിനു താഴേക്ക് വലിയൊരു പ്ലാസ്റ്റർ മാത്രം. വലത്തേ കൈമുട്ടിനു താഴേക്കുള്ള ഭാഗം ആംപ്യൂട്ട് ചെയ്ത കളയേണ്ടി വന്നു ഡോക്ടർമാർക്ക്. 

ഓൾഗയുടെ അയൽവാസികൾ എല്ലാവരും വല്ലാത്ത കോപത്തിലാണ്. ഇത്രക്ക് അപകടകാരിയായ ഒരു നായയെ ഇങ്ങനെ അശ്രദ്ധമായി അഴിച്ചുവിട്ട് ഒരാളുടെ ജീവൻ അപകടത്തിലാക്കുന്ന അവസ്ഥയുണ്ടാക്കിയതിന് അതിന്റെ ഉടമയെ ക്രിമിനൽ കേസ് ചാർജ് ചെയ്ത് വിചാരണ ചെയ്യണം എന്ന് അവർ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ലോക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. 

click me!