'ഗ്ലാസ് സ്കിൻ' ഒരു മിഥ്യ : യുവതലമുറയെ തകർത്തെറിയുന്ന കൊറിയൻ സൗന്ദര്യ സങ്കൽപ്പങ്ങൾ

Published : Nov 15, 2025, 02:43 PM IST
Glass Skin is a Myth

Synopsis

കൊറിയൻ സൗന്ദര്യലോകം ജെൻ സി തലമുറയ്ക്ക് നൽകുന്ന 'ഗ്ലാസ് സ്കിൻ' എന്ന സ്വപ്നം യഥാർത്ഥത്തിൽ ഒരു കെണിയാണ്. അസാധ്യമായ ഈ സൗന്ദര്യ നിലവാരം ജെൻ സികളിൽ സൃഷ്ടിക്കുന്നത് കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയാണെന്ന് ഡെർമറ്റോളജി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 

നിങ്ങളുടെ ചർമ്മം ഒരു കണ്ണാടി പോലെ തിളങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ മാറ്റിവെച്ചോളു.. . കൊറിയൻ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഒന്നായ 'ഗ്ലാസ് സ്കിൻ' ഇന്ത്യൻ ജെൻ സി തലമുറയിൽ സൗന്ദര്യത്തെക്കുറിച്ചുള്ള ഭ്രാന്തമായ ചിന്താഗതിയും ഗുരുതരമായ മാനസികാരോഗ്യ പ്രതിസന്ധിയും സൃഷ്ടിക്കുന്നതായി ഡെർമറ്റോളജി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 'ദി സൗത്ത് ഫസ്റ്റ്' സംഘടിപ്പിച്ച രണ്ടാമത് വാർഷിക ആരോഗ്യ ഉച്ചകോടിയായ 'ദക്ഷിൺ ഹെൽത്ത് സമ്മിറ്റ് 2025' ലെ ചർച്ചകളിലാണ് ഈ വെളിപ്പെടുത്തൽ. സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ ഡെർമറ്റോളജിസ്റ്റായ ഡോ. രശ്മി ഷെട്ടി അടക്കമുള്ള വിദഗ്ദ്ധരാണ്, കെ-പോപ്പ് ഭ്രമവും സോഷ്യൽ മീഡിയ ഫിൽട്ടറുകളും ഇന്ത്യയിലെ ജെൻ സികളെ 'ബോഡി ഡിസ്മോർഫിയ' പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നതിന്റെ യാഥാർത്ഥ്യം തുറന്നുകാട്ടിയത്.

സോഫ്റ്റ് & സ്മൂത്ത് സ്കിൻ കിട്ടാനുള്ള നെട്ടോട്ടം

'ഗ്ലാസ് സ്കിൻ' എന്നത് യഥാർത്ഥത്തിൽ അസാധ്യമായ ഒരു സൗന്ദര്യ നിലവാരമാണ് . ഇത് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമ്പോൾ യുവമനസ്സുകളിൽ സംഭവിക്കുന്നത് ഗുരുതരമായ പിരിമുറുക്കമാണ്:

അമിതമായ ഉത്കണ്ഠ : 'തികഞ്ഞ' ചർമ്മം ഇല്ലെങ്കിൽ സമൂഹം അംഗീകരിക്കില്ല എന്ന ചിന്തയിൽ നിന്ന് ഉടലെടുക്കുന്ന കടുത്ത ഉത്കണ്ഠയും ആത്മവിശ്വാസക്കുറവും.

ഡെർമോറെക്സിയ : ചർമ്മത്തിൽ ഒരു ചെറിയ കുരു വന്നാൽ പോലും അത് ഭൂതക്കണ്ണാടി വെച്ച് നോക്കുകയും, സ്വന്തം ന്യൂനതകൾ മാത്രം പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്ന pathological obsession. ഇത് പലരെയും വിഷാദത്തിലേക്ക് നയിക്കുന്നു. സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾ വെളുത്തതും പാടുകളില്ലാത്തതുമായ ചർമ്മത്തിലേക്ക് ചുരുങ്ങുമ്പോൾ, ഇന്ത്യയിൽ നിലനിൽകുന്ന 'കളറിസം' എന്ന സാമൂഹിക പ്രശ്നം കൂടുതൽ ശക്തമാകുന്നു.

'ഹൈഡ്രേഷൻ' കെണി: ഇന്ത്യൻ ചർമ്മത്തിന് ഇരട്ടി പ്രഹരം

കൊറിയൻ സ്കിൻ കെയർ ദിനചര്യകൾ ഇന്ത്യൻ കാലാവസ്ഥയ്ക്കും ചർമ്മഘടനയ്ക്കും അനുയോജ്യമല്ല എന്ന് ഡോ. രശ്മി ഷെട്ടി പറയുന്നു. "കൊറിയൻ ഉൽപ്പന്നങ്ങൾ കൊറിയൻ കാലാവസ്ഥയ്ക്ക് വേണ്ടിയുള്ളതാണ്. നമ്മുടെ ചർമ്മം എണ്ണമയമുള്ളതും മെലാനിൻ കൂടുതലുള്ളതുമാണ്. ഇവിടുത്തെ ചൂടിലും ഈർപ്പത്തിലും കട്ടിയുള്ള കൊറിയൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തെ പൂർണ്ണമായും ഇല്ലതാക്കും. – ഡോ. രശ്മി ഷെട്ടി.

ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നു: ഹൈഡ്രേഷൻ കൂടിയ ഉൽപ്പന്നങ്ങൾ ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഉപയോഗിക്കുമ്പോൾ, ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞ് മുഖക്കുരു , ഡെർമറ്റൈറ്റിസ്, ഫംഗൽ അണുബാധകൾ എന്നിവ വരുന്നു. 10 വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ പോലും പ്രായമായവർ ഉപയോഗിക്കുന്ന റെറ്റിനോൾ പോലുള്ള തീവ്രമായ ചേരുവകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. ഇത് കുട്ടികളുടെ ചർമ്മത്തിൽ കേടുപാടുകൾ വരുത്തുന്നു.

ട്രെൻഡല്ല, ആരോഗ്യമാണ് പ്രധാനം

ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഡെർമറ്റോളജിസ്റ്റുകളും മനശാസ്ത്രജ്ഞരും നൽകുന്ന ഉപദേശം ലളിതമാണ്: സൗന്ദര്യ ലക്ഷ്യങ്ങൾ 'പെർഫെക്ഷനിൽ' നിന്ന് 'ആരോഗ്യത്തിലേക്ക് മാറ്റുക എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പ്രൊഫഷണൽ കൺസൾട്ടേഷൻ: കളിപ്പാട്ടം വാങ്ങും പോലെ സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ വാങ്ങാതെ, ഒരു ഡെർമറ്റോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരം മാത്രം ചർമ്മത്തിന് ആവശ്യമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.

സ്വയം അംഗീകരിക്കുക: നിങ്ങളുടെ ചർമ്മം അപ്രധാനമായ ഒരു ഭാഗമല്ല; അത് നിങ്ങളുടെ ആന്തരിക ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. നിങ്ങളുടെ സ്വാഭാവികമായ ചർമ്മത്തെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക.

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ