
ലോകമെമ്പാടുമുള്ള ഫാഷൻ ട്രെൻഡുകൾ അടിമുടി മാറുകയാണ്. എല്ലാ തലമുറയുടെയും യൂണിവേഴ്‌സൽ സ്റ്റൈലായി വാണിരുന്ന ലെഗ്ഗിങ്‌സുകൾക്ക് യുവതലമുറയായ ജെൻ സി 'റെഡ് സിഗ്നൽ' നൽകിയിരിക്കുന്നു. ഇറുകിയ വസ്ത്രങ്ങളോട് വിടപറഞ്ഞ്, ബാഗി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ്.
ലെഗ്ഗിങ്‌സുകളും ശരീരത്തോട് ഒട്ടിപ്പിടിച്ചുള്ള അത്‌ലറ്റിക് വസ്ത്രങ്ങളും ഇപ്പോൾ പഴയ തലമുറയുടെ, പ്രത്യേകിച്ച് മില്ലേനിയൽസിൻ്റെ ഫാഷൻ ചിഹ്നമായി മാറിയിരിക്കുന്നു എന്നാണ് ജെൻ സിയുടെ പക്ഷം. ടൈറ്റ് വസ്ത്രങ്ങൾ ഫാഷൻ്റെ കാലഹരണപ്പെട്ട രൂപമാണ് എന്ന് അവർ പറയുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം സ്വകാര്യതയാണ്. ശരീരത്തിൻ്റെ രൂപം അതേപടി എടുത്തു കാണിക്കുന്നതിനേക്കാൾ, കംഫർട്ടബിളും, ലൂസായതുമായ വസ്ത്രങ്ങളോടാണ് പുതിയ തലമുറയ്ക്ക് താൽപര്യം.
വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ലെഗ്ഗിങ്‌സുകൾക്ക് പകരമായി ജെൻ സി ഇപ്പോൾ തിരഞ്ഞെടുക്കുന്നത് ലൂസായ ഫിറ്റിംഗിലുള്ള സ്പോർട്‌സ് പാന്റുകളാണ്. വൈഡ് പാന്റുകളും ഓവർസൈസ്ഡ് ടോപ്പുകളും ഹൂഡികളുമാണ് അവരുടെ വാർഡ്രോബിലെ പുതിയ താരങ്ങൾ. ജിമ്മുകളിലും യോഗാ സെൻ്ററുകളിൽ പോലും ഈ മാറ്റം പ്രകടമാണ്. 'സ്ക്വാട്ട്സ്' ചെയ്യുമ്പോൾ പേശികളുടെ ചലനം കൃത്യമായി കാണാൻ ലെഗ്ഗിങ്‌സുകൾ വേണമെന്ന് മില്ലേനിയൽ പരിശീലകർ വാദിക്കുമ്പോൾ, തങ്ങളുടെ വസ്ത്രധാരണ രീതിയിൽ വിട്ടുവീഴ്ച ചെയ്യാൻ ജെൻ സി തയ്യാറല്ല.
പ്രമുഖ ഫാഷൻ ബ്രാൻഡുകൾ പോലും ഈ ട്രെൻഡ് തിരിച്ചറിഞ്ഞ് ഉത്പാദന രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിപണിയിൽ ഇപ്പോൾ വൈഡ് പാന്റുകൾക്കും ലൂസ് ഫിറ്റിംഗ് വസ്ത്രങ്ങൾക്കുമാണ് ആവശ്യക്കാർ ഏറെ. ഫാഷൻ എപ്പോഴും തലമുറകൾ തമ്മിലുള്ള ഒരു പോരാട്ടമാണ്. ലെഗ്ഗിങ്‌സുകൾ പൂർണ്ണമായി അപ്രത്യക്ഷമാകില്ലെങ്കിലും, ഫാഷൻ്റെ ഉച്ചസ്ഥായിയിൽ നിന്ന് അവ പതിയെ താഴോട്ട് ഇറങ്ങുകയാണെന്നാണ് ഫാഷൻ ലോകം വിലയിരുത്തുന്നത്. സൗകര്യപ്രദവും എന്നാൽ സ്റ്റൈലിഷുമായ വസ്ത്രങ്ങൾക്കാണ് ഇനി ഫാഷൻ ലോകത്ത് കൂടുതൽ പ്രസക്തി.