
ആരോഗ്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ ഗ്രീൻ ടീ ഒരു സൂപ്പർ സ്റ്റാർ ആണ്. ശരീരഭാരം കുറയ്ക്കാനും മെറ്റബോളിസം കൂട്ടാനും ഗ്രീൻ ടീ സഹായിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, നിങ്ങളുടെ സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള മാന്ത്രിക പരിഹാരം ഈ പച്ചിലയിലുണ്ടെന്ന് എത്രപേർക്കറിയാം? ആൻ്റി ഓക്സിഡൻ്റുകളുടെ കലവറയായ ഗ്രീൻ ടീ ചർമ്മത്തിനും മുടിക്കും നൽകുന്ന ഗുണങ്ങളും, അത് ഫലപ്രദമായി ഉപയോഗിക്കേണ്ട ചില രഹസ്യ വഴികളും ഇതാ:
ഗ്രീൻ ടീയിലെ കാറ്റെച്ചിൻസ്, വിറ്റാമിൻ ബി 2, വിറ്റാമിൻ ഇ എന്നിവ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നുമുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
മുഖക്കുരുവിനുള്ള ഗ്രീൻ ടീ സ്ക്രബ്ബ്
ഗ്രീൻ ടീയുടെ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരുവിനെ നിയന്ത്രിക്കാൻ മികച്ചതാണ്. ഗ്രീൻ ടീ ഇലകൾ പൊടിച്ചതോ, ഉപയോഗിച്ച ടീ ബാഗിലെ ഇലകളോ എടുക്കുക, കുറച്ച് തൈര്, അൽപം ബദാം പൊടിച്ചത്. ഇവയെല്ലാം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് അധിക എണ്ണമയം നീക്കം ചെയ്യാനും സുഷിരങ്ങൾ വൃത്തിയാക്കാനും സഹായിക്കും. ഉപയോഗിച്ച ടീ ബാഗ് ചൂട് മാറും വരെ മുഖത്ത് സാവധാനം സ്‌ക്രബ് ചെയ്യുന്നതും ഫലപ്രദമാണ്.
കണ്ണിനടിയിലെ കറുപ്പ് മാറ്റാൻ ഐസ് ക്യൂബുകൾ
കണ്ണിനു ചുറ്റുമുള്ള വീക്കവും കറുപ്പ് നിറവും കുറയ്ക്കാൻ ഗ്രീൻ ടീയിലെ കഫീനും ടാനിനുകളും സഹായിക്കും. കട്ടൻ ഗ്രീൻ ടീ തണുപ്പിച്ച ശേഷം ഐസ് ട്രേയിൽ വെച്ച് കട്ടകളാക്കുക. ഇത് ഒരു തുണിയിൽ പൊതിഞ്ഞോ നേരിട്ടോ കണ്ണിന് മുകളിൽ വെച്ച് തണുപ്പിക്കുക.
മികച്ച ടോണർ
ഗ്രീൻ ടീ ഒരു പ്രകൃതിദത്ത ടോണർ ആയി പ്രവർത്തിക്കും. ഇത് ചർമ്മത്തിൻ്റെ pH ബാലൻസ് നിലനിർത്താനും എണ്ണമയം നീക്കം ചെയ്യാനും സഹായിക്കുന്നു. തിളപ്പിച്ചാറിയ ഗ്രീൻ ടീയിൽ അൽപം നാരങ്ങാനീര് ചേർത്ത ശേഷം പഞ്ഞി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക.
ഗ്രീൻ ടീയിലെ പാഥനോൾ (വിറ്റാമിൻ ബി), കാറ്റെച്ചിനുകൾ എന്നിവ മുടിയിഴകൾക്ക് ബലം നൽകുന്നു. മുടി കൊഴിച്ചിൽ തടയാനും താരൻ കുറയ്ക്കാനും ഇത് ഉത്തമമാണ്.
ഗ്രീൻ ടീ ഹെയർ റിൻസ്
മുടിയുടെ വേരുകളിലേക്ക് നേരിട്ട് ഗുണം നൽകാൻ ഈ രീതി സഹായിക്കും. 3-4 ടീ ബാഗുകൾ അര ലിറ്റർ വെള്ളത്തിൽ ഇട്ട് കുതിർക്കുക. ഷാംപൂ, കണ്ടീഷണർ എന്നിവ ഉപയോഗിച്ച് കഴുകിയ ശേഷം, ഈ തണുത്ത ഗ്രീൻ ടീ വെള്ളം ഉപയോഗിച്ച് മുടി അവസാനമായി കഴുകുക. ഇത് മുടിക്ക് തിളക്കം കൂട്ടാനും അറ്റം പിളരുന്നത് തടയാനും സഹായിക്കും.
മുടി വളർച്ച കൂട്ടാൻ മാസ്ക്
തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടി വളർച്ച ത്വരിതപ്പെടുത്താൻ ഈ മാസ്ക് സഹായിക്കും. പൊടിച്ച ഗ്രീൻ ടീ (3 ടേബിൾസ്പൂൺ), മുട്ടയുടെ വെള്ള (1 എണ്ണം), അൽപം തേൻ. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ച് പിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ശ്രദ്ധിക്കുക: ഗ്രീൻ ടീ പുറമെ ഉപയോഗിക്കുമ്പോൾ അലർജിയോ സെൻസിറ്റിവിറ്റിയോ ഉള്ളവർ ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രം ഉപയോഗിക്കുക. ആരോഗ്യ സംരക്ഷണത്തിന് ഗ്രീൻ ടീ കുടിക്കുന്നതിനൊപ്പം, നിങ്ങളുടെ സൗന്ദര്യ കൂട്ടിലേക്കും ഇതിനെ ചേർത്താൽ ഫലം ഇരട്ടിയാകും എന്നതിൽ സംശയമില്ല.