ചർമ്മത്തിലെ പ്രായക്കൂടുതൽ തടയാം; 30 കഴിഞ്ഞവർക്കുള്ള സ്‌കിൻകെയർ ടിപ്‌സ്
30 വയസിന് ശേഷമുള്ള ചർമ്മസംരക്ഷണമെന്നാൽ പ്രായമാകുന്നതിനെ ഭയപ്പെടുക എന്നല്ല, മറിച്ച് അതിനെ മനോഹരമായി കൈകാര്യം ചെയ്യുക എന്നതാണ്. ശരിയായ ക്ലെൻസിംഗ്, ഹൈഡ്രേഷൻ, സൺസ്ക്രീൻ, നൈറ്റ് കെയർ എന്നിവ ശീലമാക്കിയാൽ മുപ്പതാം വയസിലും നിങ്ങളുടെ ചർമ്മം സുന്ദരമായിരിക്കും.

ആന്‍റി ഏജിംഗ് സ്‌കിന്‍കെയർ, 30 കഴിഞ്ഞവർ തീർച്ചയായും പരീക്ഷിക്കണം
30 വയസ് കഴിയുമ്പോൾ ചർമ്മത്തിൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങും. നേർത്ത വരകൾ, മങ്ങൽ, തിളക്കം കുറയുക എന്നിവയൊക്കെ കാണാം. പ്രായമാകുന്നതിൻ്റെ വേഗത കുറയ്ക്കുകയാണ് വേണ്ടത്. ചർമ്മത്തെ ആരോഗ്യത്തോടെയും സ്വാഭാവികമായും നിലനിർത്തുക. 30 കഴിഞ്ഞിട്ടും 40-ലും ചർമ്മം ഫ്രഷ് ആയിരിക്കാൻ ഈ സ്‌കിന്‍കെയര്‍ ദിനചര്യ നിങ്ങൾക്കുള്ളതാണ്.
30 വയസിന് ശേഷം ചർമ്മത്തിൽ എന്ത് മാറ്റങ്ങൾ വരുന്നു?
30 വയസിന് ശേഷം ശരീരത്തിൽ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനം കുറയുന്നു. ഇത് ചർമ്മം വരണ്ടതാക്കാനും നേർത്ത വരകൾ, തുറന്ന സുഷിരങ്ങൾ എന്നിവ പ്രത്യക്ഷപ്പെടാനും സ്വാഭാവിക തിളക്കം കുറയാനും കാരണമാകുന്നു. അതിനാൽ, 20-കളിലെ ചർമ്മസംരക്ഷണം മതിയാവില്ല മുപ്പതുകളില്‍. ചര്‍മ്മത്തിന് സ്‌മാര്‍ട്ടായ പരിചരണം ആവശ്യമാണ്.
ദിവസം 2 നേരം ജെന്‍റില്‍ ക്ലെൻസിംഗ് പ്രധാനം
30 കഴിഞ്ഞ ചർമ്മത്തിന് വീര്യം കൂടിയ ഫേസ് വാഷ് ആവശ്യമില്ല. വീര്യം കുറഞ്ഞ, സൾഫേറ്റ് രഹിത ക്ലെൻസർ തിരഞ്ഞെടുക്കുക. ഇത് ചർമ്മത്തിന്‍റെ സ്വാഭാവിക പാളിയെ സംരക്ഷിക്കുന്നു. മേക്കപ്പ് ചെയ്തില്ലെങ്കിലും രാവിലെയും രാത്രിയും മുഖം വൃത്തിയാക്കണം.
30 കഴിഞ്ഞവരുടെ ബെസ്റ്റ് ഫ്രണ്ട് വിറ്റാമിൻ-സി സിറം
പ്രായമാവുന്നത് പതുക്കെയാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിറ്റാമിൻ-സി ഒഴിവാക്കരുത്. വിറ്റാമിന്‍-സി മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുന്നു, നേർത്ത വരകൾ കുറയ്ക്കുന്നു, സൂര്യരശ്മിയിൽ നിന്നുള്ള കേടുപാടുകൾ തടയുന്നു. രാവിലെ മുഖം കഴുകിയ ശേഷം 2-3 തുള്ളി വിറ്റാമിന്‍-സി സിറം മതിയാകും.
സൺസ്ക്രീൻ ഏറ്റവും പ്രധാനം
90% ചർമ്മ പ്രശ്നങ്ങൾക്കും കാരണം സൂര്യരശ്മികളാണ്. SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കുക. വീടിനകത്തും ഇത് പുരട്ടുക, ഓരോ 3-4 മണിക്കൂറിലും സണ്‍സ്‌ക്രീന്‍ വീണ്ടും പുരട്ടുക. വില കൂടിയ ക്രീമിനേക്കാൾ ഫലപ്രദമാണ് ദിവസവുമുള്ള സൺസ്ക്രീൻ ഉപയോഗം.
നൈറ്റ് കെയറിലൂടെ ചർമ്മം സ്വയം റിപ്പയർ ചെയ്യും
രാത്രിയിൽ ചർമ്മകോശങ്ങൾ സ്വയം നന്നാക്കുന്നു. അതിനാൽ നൈറ്റ് ക്രീം അല്ലെങ്കിൽ നൈറ്റ് ജെൽ ഉപയോഗിക്കണം. വേണമെങ്കിൽ കുറഞ്ഞ അളവിൽ റെറ്റിനോൾ ഉപയോഗിക്കാം. ആഴ്ചയിൽ 2-3 തവണ മതി. പതുക്കെ തുടങ്ങുക, അല്ലെങ്കിൽ ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാകാം.
ഹൈഡ്രേഷൻ ആണ് ഏറ്റവും വലിയ ആന്‍റി-ഏജിംഗ് രഹസ്യം
വരണ്ട ചർമ്മത്തിൽ പ്രായക്കൂടുതൽ വേഗത്തിൽ കാണിക്കും. ഹയലുറോണിക് ആസിഡ് അടങ്ങിയ സിറം അല്ലെങ്കിൽ കറ്റാർവാഴ, ഗ്ലിസറിൻ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. ചർമ്മം എത്രത്തോളം ജലാംശമുള്ളതായിരിക്കുന്നുവോ അത്രത്തോളം ചെറുപ്പമായി തോന്നും.

