
ആരോഗ്യ സംരക്ഷണം എന്നാൽ കേവലം ജിമ്മിൽ പോകുന്നതോ ഡയറ്റ് നോക്കുന്നതോ മാത്രമല്ല എന്ന് ജെൻ സികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. 2026-ൽ വെൽനസ് ലോകം കൂടുതൽ പ്രാധാന്യം നൽകുന്നത് ശരീരവും മനസ്സും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിനാണ്. ഈ സാഹചര്യത്തിലാണ് 'ഡാൻസ് തെറാപ്പി' അഥവാ 'ഡാൻസ് മൂവ്‌മെന്റ് തെറാപ്പി' ഒരു കരുത്തുറ്റ ചികിത്സാരീതിയായി മാറുന്നത്.
നൃത്തം എന്നാൽ സ്റ്റേജിൽ കയറി പെർഫോം ചെയ്യുക എന്നതല്ല ഇവിടെ അർത്ഥമാക്കുന്നത്. മറിച്ച്, ചലനങ്ങളിലൂടെയും താളത്തിലൂടെയും വികാരങ്ങളെ പ്രകടിപ്പിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുക എന്നതാണ്. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്ത പല കാര്യങ്ങളും ശരീരത്തിന്റെ ചലനങ്ങളിലൂടെ പുറത്തുകൊണ്ടുവരാൻ ഇതിലൂടെ സാധിക്കുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നത് പ്രകാരം, മാനസിക സമ്മർദ്ദം പലപ്പോഴും നമ്മുടെ ശരീരത്തിലാണ് തങ്ങിനിൽക്കുന്നത്. തോളിലെ വേദനയായോ, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടായോ ഇത് പ്രകടമാകാം. ഡാൻസ് തെറാപ്പിയിലൂടെ ഈ ശാരീരിക ലക്ഷണങ്ങളെ തിരിച്ചറിയാനും സ്വതന്ത്രമായ ചലനങ്ങളിലൂടെ ആ സമ്മർദ്ദത്തെ പുറന്തള്ളാനും സാധിക്കുന്നു.
പലപ്പോഴും സങ്കടമോ ദേഷ്യമോ നിരാശയോ വാക്കുകളിലൂടെ പറയാൻ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. എന്നാൽ നൃത്തം ചെയ്യുന്നതിലൂടെ ഈ വികാരങ്ങളെ തടസ്സമില്ലാതെ പ്രകടിപ്പിക്കാൻ സാധിക്കുന്നു. സംസാരത്തിലൂടെ മാത്രം സാധിക്കാത്ത മാനസികമായ ചില പ്രശ്നങ്ങൾ ചലനങ്ങളിലൂടെ ഡാൻസ് തെറാപ്പി നൽകുന്നു.
താളാത്മകമായ ചുവടുകളും കൃത്യമായ ശ്വസനരീതിയും നമ്മുടെ ശരീരത്തിലെ സ്ട്രെസ് റെസ്പോൺസിനെ ശാന്തമാക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിന് ആശ്വാസം നൽകുകയും വൈകാരികമായ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ചെയ്യുന്നു.
നമ്മുടെ ശരീരത്തിന്റെ ഓരോ ചലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സ്ട്രെസ്സ് ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നു. ഇത് ശരിയായ രീതിയിലുള്ള സ്വയം പരിചരണത്തിനും, ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാനും സഹായിക്കുന്നു.
നൃത്തം ചെയ്യുമ്പോൾ ഓർമ്മശക്തി, ഏകോപനം, ശ്രദ്ധ എന്നിവയെല്ലാം ഒരേസമയം പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഡിപ്രഷൻ പോലുള്ള അവസ്ഥകളിൽ നിന്നും മോചനം നേടാനും മനസ്സിനെ എപ്പോഴും ഊർജ്ജസ്വലമായി നിലനിർത്താനും ഇത് സഹായിക്കുന്നു.
ഗ്രൂപ്പായി നൃത്തം ചെയ്യുന്നത് മറ്റുള്ളവരുമായി കൂടുതൽ അടുക്കാനും സഹാനുഭൂതി വളർത്താനും സഹായിക്കുന്നു. ഇത്തരം ഗ്രൂപ്പ് സെഷനുകൾ സോഷ്യൽ ആങ്‌സൈറ്റി കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും വഴിയൊരുക്കുന്നു.
തിരക്കുപിടിച്ച ലോകത്ത് ഓടിത്തീർക്കാൻ ശ്രമിക്കുന്ന നമ്മൾ പലപ്പോഴും സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങൾ മറന്നുപോകുന്നു. മനപ്പൂർവ്വമായ ചലനങ്ങളിലൂടെയും താളത്തിലൂടെയും മനസ്സിന് വ്യക്തതയും ശാന്തതയും നൽകാൻ ഡാൻസ് തെറാപ്പിക്ക് കഴിയുന്നു.
ഡാൻസ് തെറാപ്പി ഇന്ന് വെറുമൊരു വിനോദമല്ല, മറിച്ച് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ആരോഗ്യ തന്ത്രമാണ്. മനസ്സിനെയും ശരീരത്തെയും ഒരേപോലെ സ്നേഹിക്കാനും പരിപാലിക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും പരീക്ഷിക്കാവുന്ന മികച്ചൊരു വഴിയാണിത്. നൃത്തം ചെയ്യാൻ നിങ്ങൾ ഒരു പ്രൊഫഷണൽ ഡാൻസർ ആകേണ്ടതില്ല, നിങ്ങളുടെ ശരീരത്തെ സംഗീതത്തിനൊപ്പം ചലിപ്പിക്കാനുള്ള മനസ്സ് മാത്രം മതി.