
വിദ്യാർത്ഥികൾക്ക് മാതൃകയാവേണ്ടവരാണ് അധ്യാപകര്‍. അധ്യാപകരുടെ പ്രവർത്തികൾ കുട്ടികളെ ഏറെ സ്വാധീനിക്കും. അത്തരത്തില്‍ ഒരു അധ്യാപികയുടെയും കുട്ടികളുടെയും മനോഹരമായ ആത്മബന്ധം സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കിൻഡർ ഗാർഡൻ ടീച്ചറായ ഹെദർ സ്റ്റാൻബെറി ആണ് കുട്ടികൾക്ക് വേണ്ടി ഒരു സർപ്രൈസ് ഒരുക്കിയത്. ഒരു വെളുത്ത ഡ്രസുമായാണ് ടീച്ചർ ക്ലാസിലെത്തിയത്. ഈ വർഷത്തെ ക്ലാസുകൾ അവസാനിക്കാറായെന്നും അടുത്ത വർഷം ഞാൻ നിങ്ങളെ പഠിപ്പിക്കാൻ ഉണ്ടാവില്ലെന്നും ടീച്ചര്‍ കുട്ടികളെ അറിയിച്ചു. ടീച്ചറിനു സങ്കടമുണ്ടെന്നും അവരോട് പറഞ്ഞു. ശേഷം തന്റെ വെളുത്ത ഡ്രസ് കുട്ടികളെ കാണിച്ചി ടീച്ചർ അവരോട് ഇതിൽ നിങ്ങൾക്കിഷ്ടമുള്ള ചിത്രങ്ങൾ വരയ്ക്കാന്‍ പറഞ്ഞു. നിങ്ങളെല്ലാവരും നന്നായി വരയ്ക്കുന്ന കുട്ടികളാണെന്ന് എനിക്കറിയാമെന്നും സ്കൂളിലെ അവസാന ദിവസം ഞാൻ ഈ ഡ്രസ് ധരിക്കുമെന്നും ടീച്ചര്‍ കുട്ടികളോട് പറഞ്ഞു.
പിന്നീട് ക്ലാസിന്റെ അവസാന ദിവസം കോട്ട് ധരിച്ചെത്തിയ ടീച്ചറിനെ കണ്ട് കുട്ടികൾ ചോദിച്ചത് ഞങ്ങൾ വരച്ചുതന്ന ഡ്രസ് എവിടെ എന്നായിരുന്നു. ഈ ഡ്രസാണോ അന്വേഷിക്കുന്നത് എന്ന ചോദ്യത്തോടെ ടീച്ചര്‍ കോട്ട് തുറക്കുമ്പോൾ കുട്ടികൾ ആർപ്പു വിളിക്കുകയാണ്. ടീച്ചർ ധരിച്ചിരിക്കുന്നത് കുട്ടികൾ കളർപെൻസിലുകൾകൊണ്ട് ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയ ആ ഡ്രസ്.
ചെടിയും പൂവും മഴവില്ലുമൊക്കെ വെള്ള ഡ്രസില്‍ വ്യക്തമായി കാണാം. സന്തോഷം കൊണ്ട് ടീച്ചറിനെ ഓടിവന്നു കെട്ടിപ്പിടിക്കുന്ന കുട്ടികളെയും വീഡിയോയിൽ കാണാം. ഹെദർ സ്റ്റാൻബെറി തന്നെയാണ് തന്‍റെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് ടീച്ചറെ അഭിനന്ദിച്ചു കമന്‍റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം