അച്ഛന്മാർക്കായി ഒരു ദിനം; അറിയാം 'ഫാദേഴ്സ് ഡേ'യുടെ ചരിത്രം...

By Web TeamFirst Published Jun 20, 2021, 10:12 AM IST
Highlights

അമേരിക്കയിലെ വാഷിങ്ടണിൽ 1910ലാണ് ആദ്യമായി 'ഫാദേഴ്സ് ഡേ' ആഘോഷിച്ചത്. സൊനോറ സ്മാർട്ട് ഡോഡ് ആണ് 'ഫാദേഴ്സ് ഡേ' എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം.

ഇന്ന് 'ഫാദേഴ്സ് ഡേ'. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും 'ഫാദേഴ്സ് ഡേ' ആയി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിൽ അച്ഛനുള്ള  സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്‌സ് ഡേയും നൽകുന്നത്.
അച്ഛന്‍ എന്ന് പറയുമ്പോള്‍ മിക്കവാറും മക്കള്‍ക്കെല്ലാം തന്‍റെ സംരക്ഷകന്‍ എന്ന പരമ്പരാഗതമായ ഒരു സങ്കല്‍പമാണുള്ളത്. 

ഫാദേഴ്‌സ് ഡേയുടെ ചരിത്രം തുടങ്ങുന്നത് അമേരിക്കയിലാണ് എന്നാണ് പറയപ്പെടുന്നത്.  അമേരിക്കയിലെ വാഷിങ്ടണിൽ 1910 ലാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷിച്ചത്. സൊനോറ സ്മാർട്ട് ഡോഡ് ആണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം. അമ്മയുടെ മരണത്തോടെ അച്ഛൻ വില്യം ജാക്സൺ സ്മാർട്ട് ഒറ്റയ്ക്കാണ് സൊനോറയേയും അഞ്ച് സഹോദരന്മാരെയും വളർത്തിയത്. 

ആറാമത്തെ കുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെയായിരുന്നു വില്യത്തിന്‍റെ ഭാര്യയുടെ മരണം. 16 കാരിയായ സൊനോറ മുതൽ നവജാത ശിശുവുൾപ്പടെ ആറ് മക്കൾ. ഒരുപാട് കഷ്ടപ്പെട്ട് വില്യം തന്റെ ആറു മക്കളേയും വളര്‍ത്തി. 1909 ൽ ചർച്ചിൽ മദേഴ്സ് ഡേ സന്ദേശം കേൾക്കുന്നതിനിടയിലാണ് അച്ഛൻമാർക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്ക് തോന്നിയത്. പാസ്റ്ററോട് തന്റെ ആഗ്രഹം പറയുകയും ചെയ്തു. അങ്ങനെ ജൂൺ 19 ഞായറാഴ്ചയാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷം നടന്നത്. ആദ്യമൊന്നും ഈ ദിനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ ആശയത്തിന് പിന്നീട് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വില്‍സണ്‍ ആണ്. 1913 ല്‍ ആണ് പ്രസിഡന്റ് വൂഡ്രൊ വില്‍സണ്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകിയത്. 

പിന്നീട് 1972 ൽ അന്നത്തെ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഫാദേഴ്സ് ഡേയായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിലാണ് ഫാദേഴ്സ് ഡേയ്ക്ക് തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുകയാണ്. അച്ഛന് സർപ്രൈസും സമ്മാനങ്ങളുമൊക്കെ നൽകിയാണ് മക്കൾ ഈ ദിവസം ആഘോഷിക്കുന്നത്.

Also Read: കൊവിഡ്; ഒരു വർഷത്തെ വേർപിരിയലിന് ശേഷം വീണ്ടും ഒന്നിച്ച് 92 വയസുകാരായ ഇരട്ട സഹോദരങ്ങൾ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!