
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ കറ്റാർവാഴയുടെ സ്ഥാനം വളരെ വലുതാണ്. മുഖക്കുരു മുതൽ മുടി കൊഴിച്ചിൽ വരെ പരിഹരിക്കാൻ ഈ പ്രകൃതിദത്ത ഔഷധത്തിന് കഴിയും. എന്നാൽ, വിപണിയിൽ ലഭിക്കുന്ന പല ജെല്ലുകളിലും രാസവസ്തുക്കൾ കലരുന്നുണ്ട്. അതുകൊണ്ട്, തികച്ചും പ്രകൃതിദത്തമായ കറ്റാർവാഴ ജെൽ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.
നിങ്ങൾ വീട്ടിലിരുന്ന് തന്നെ പ്രകൃതിദത്തമായ അലോവേര ജെൽ തയ്യാറാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇതാ 5 എളുപ്പവഴികൾ;
കറ്റാർവാഴയുടെ ഏറ്റവും താഴെ ഭാഗത്തുള്ളതും നല്ല കട്ടിയുള്ളതുമായ ഒരു ഇലയാണ് ജെൽ എടുക്കാൻ ഏറ്റവും ഉത്തമം. ഇല മുറിച്ച ശേഷം, അതിൻ്റെ മുറിഭാഗം താഴോട്ട് വരുന്ന രീതിയിൽ 10 മുതൽ 15 മിനിറ്റ് നേരത്തേക്ക് ഒരു പാത്രത്തിൽ കുത്തനെ വെക്കുക. ഇങ്ങനെ ചെയ്താൽ ആലോയിൻ എന്ന മഞ്ഞ ദ്രാവകം പൂർണ്ണമായും ഊർന്നിറങ്ങിപ്പോകും. ഈ ദ്രാവകം ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇത് പൂർണ്ണമായി ഒഴിവാക്കണം. തുടർന്ന് ഇല ശുദ്ധജലത്തിൽ കഴുകി എടുക്കുക.
കഴുകിയെടുത്ത ഇലയുടെ രണ്ട് അരികുകളിലുള്ള മുള്ള് പോലുള്ള ഭാഗങ്ങൾ ശ്രദ്ധയോടെ മുറിച്ചുമാറ്റുക. അതിനുശേഷം, മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ഇലയുടെ മുകൾ ഭാഗത്തെ കട്ടിയുള്ള പച്ചത്തോൽ കനം കുറച്ച് ചെത്തി നീക്കണം. ഉള്ളിലുള്ള ജെൽ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. തോൽ ഭാഗങ്ങൾ ജെല്ലിൽ കലരാതെയിരിക്കാൻ ശ്രദ്ധിക്കുക.
ഇലയുടെ തോൽ നീക്കിയ ശേഷം, ക്ലിയർ ജെൽ ഭാഗം ഒരു വൃത്തിയുള്ള സ്പൂൺ ഉപയോഗിച്ച് ചുരണ്ടി ഒരു പാത്രത്തിലേക്ക് മാറ്റുക. ജെൽ എടുക്കുമ്പോൾ തോലിന്റെ പച്ച നിറത്തിലുള്ള ഭാഗങ്ങൾ ഒട്ടും കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജെല്ലിന്റെ ഗുണമേന്മ ഉറപ്പാക്കാൻ ഇത് പ്രധാനമാണ്.
വീട്ടിലുണ്ടാക്കുന്ന കറ്റാർവാഴ ജെല്ലിന് സ്വാഭാവികമായ പ്രിസർവേറ്റീവുകൾ ചേർത്ത് ആയുസ്സ് കൂട്ടാം. വിറ്റാമിൻ ഇ ഓയിൽ ഒരു മികച്ച പ്രിസർവേറ്റീവായി പ്രവർത്തിക്കും. ഓരോ ടേബിൾ സ്പൂൺ ജെല്ലിനും ഒരു വിറ്റാമിൻ ഇ കാപ്സ്യൂൾ എന്ന കണക്കിൽ ചേർക്കുന്നത് നല്ലതാണ്. കൂടാതെ, ജെല്ലിൻ്റെ നിറം പെട്ടെന്ന് മാറ്റം വരാതിരിക്കാനായി അല്പം വിറ്റാമിൻ സി പൗഡറോ ചേർക്കാവുന്നതാണ്. ഇത് ജെല്ലിന്റെ ഗുണവും കൂട്ടും.
കോരിയെടുത്ത ജെല്ലും ചേർത്ത വിറ്റാമിൻ ഓയിലുകളും കൂടി ഒരു ബ്ലെൻഡറിലിട്ട് നന്നായി അടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ജെല്ലിലെ കട്ടകൾ മാറി, വിപണിയിൽ ലഭിക്കുന്നതുപോലെ മൃദലമായ ജെൽ ലഭിക്കും. തയ്യാറായ ജെൽ വായു കടക്കാത്ത ഒരു ഗ്ലാസ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. രണ്ടാഴ്ച വരെ ഇങ്ങനെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.
ശുദ്ധമായ കറ്റാർവാഴ ജെൽ ഫ്രിഡ്ജിൽ വെക്കാതെ പുറത്ത് വെച്ചാൽ പെട്ടെന്ന് കേടാവാൻ സാധ്യതയുണ്ട്. കൂടാതെ, ജെൽ എടുക്കാൻ ഉപയോഗിക്കുന്ന സ്പൂൺ വൃത്തിയുള്ളതാണെന്ന് എപ്പോഴും ഉറപ്പാക്കുക.