
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ വിപണിയെയും തൊഴിൽ മേഖലയെയും നിയന്ത്രിക്കുന്നതിൽ 'ജെൻ സി'കൾക്കും വലിയ പങ്കുണ്ട്. പരമ്പരാഗതമായ ബ്രാൻഡ് മൂല്യങ്ങൾക്കോ വമ്പൻ പരസ്യങ്ങൾക്കോ അല്ല, മറിച്ച് വിശ്വാസ്യതയ്ക്കും വ്യക്തിപരമായ മൂല്യങ്ങൾക്കുമാണ് ഈ തലമുറ മുൻഗണന നൽകുന്നത്. ഇക്കണോമിക് ടൈംസും സ്നാപ്ചാറ്റും ചേർന്ന് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പറയുന്നത് ഇന്ത്യയിലെ 'ജെൻ സി'വിപണിയെ അടിമുടി മാറ്റിമറിക്കുകയാണെന്നാണ്. 2025-ലെ കണക്കുകൾ പ്രകാരം തയ്യാറാക്കിയ ഈ ഇൻഡക്സ് കാണിക്കുന്നത് ഇന്ത്യയിലെ യുവാക്കൾ വെറുമൊരു ഉപഭോക്താക്കൾ മാത്രമല്ല, മറിച്ച് വ്യക്തമായ നിലപാടുകളുള്ള ഒരു ശക്തിയാണെന്നാണ്.
പഴയകാലത്തെപ്പോലെ സിനിമാ താരങ്ങൾ പറയുന്നതുകേട്ട് സാധനങ്ങൾ വാങ്ങുന്നവരല്ല ഇന്നത്തെ യുവാക്കൾ. തങ്ങളെപ്പോലെയുള്ള സാധാരണക്കാരായ ഇൻഫ്ലുവൻസർമാരുടെ സത്യസന്ധമായ അഭിപ്രായങ്ങൾക്കാണ് ഇവർ വില കൽപ്പിക്കുന്നത്. 84 ശതമാനം പേരും യഥാർത്ഥ അനുഭവങ്ങൾ പങ്കുവെക്കുന്ന ഇൻഫ്ലുവൻസർമാരെ പിന്തുടരാൻ താല്പര്യപ്പെടുന്നു. ലാഭകരമായ ഇടപാടുകൾ കണ്ടെത്താൻ ജെൻ സി മിടുക്കരാണ്. 93 ശതമാനം യുവാക്കളും ഒരു സാധനം വാങ്ങുന്നതിന് മുൻപ് ഓൺലൈനിലും ഓഫ്‌ലൈനിലും കൃത്യമായ റിസേർച്ച് നടത്തുന്നു.
ബ്രാൻഡിന്റെ പേരിനേക്കാൾ ഉപരിയായി, ആ ഉൽപ്പന്നം തങ്ങളുടെ വ്യക്തിത്വത്തിന് ചേരുന്നതാണോ എന്നും അത് ന്യായമായ വിലയിലാണോ ലഭിക്കുന്നത് എന്നും ഇവർ നോക്കുന്നു. കൂടാതെ, 'മെയ്ഡ് ഇൻ ഇന്ത്യ' ബ്രാൻഡുകളോട് ഇവർക്ക് പ്രത്യേക താല്പര്യമുണ്ട് (88%). തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. പണ്ട് കാലത്തെപ്പോലെ ഒരു 'ഡ്രീം ജോബ്' എന്ന സങ്കല്പത്തിന് പകരം വ്യത്യസ്തമായ മേഖലകളിൽ പരീക്ഷണം നടത്താനാണ് ഇവർക്ക് ഇഷ്ടം. 35 ശതമാനം പേർ ഹൈബ്രിഡ് ജോലി രീതി ഇഷ്ടപ്പെടുന്നു. ശമ്പളത്തോടൊപ്പം തന്നെ മാനസിക സമാധാനത്തിനും ജോലിയിലെ വഴക്കത്തിനും ഇവർ തുല്യ പ്രാധാന്യം നൽകുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഓഗ്മെന്റഡ് റിയാലിറ്റിയും കേവലം ഫോട്ടോ എടുക്കാൻ മാത്രമല്ല ഇവർ ഉപയോഗിക്കുന്നത്. സാധനങ്ങൾ പരീക്ഷിച്ചു നോക്കാനും (AR Try-ons), പഠനത്തിനും തൊഴിലിനും സഹായകരമായ ടൂൾ എന്ന നിലയിലുമാണ് ഇവർ ടെക്നോളജിയെ കാണുന്നത്. 80 ശതമാനം ജെൻ സി യുവാക്കളും കഴിഞ്ഞ ആറുമാസത്തിനിടെ എആർ ഫീച്ചറുകൾ ഉപയോഗിച്ചിട്ടുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ ഈ തലമുറയ്ക്ക് മടിയില്ല. 72 ശതമാനം പേരും തങ്ങളുടെ മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് സുഹൃത്തുക്കളോടോ കുടുംബത്തോടോ സംസാരിക്കാൻ തയ്യാറാണെന്നാണ് റിപ്പോർട്ട്.
ചുരുക്കത്തിൽ, ബ്രാൻഡുകൾക്ക് ഇന്ത്യൻ യുവാക്കളുടെ ഇടയിൽ വേരോട്ടം വേണമെങ്കിൽ വെറും വാക്കുകൾ പോരാ, മറിച്ച് അവരുടെ മൂല്യങ്ങൾക്കൊപ്പം നിൽക്കുന്ന സത്യസന്ധമായ സേവനങ്ങൾ തന്നെ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.